അരികൊമ്പൻ ഗൂഗിൾ ക്രോം തന്നെ, സഫാരി രണ്ടാം സ്ഥാനത്ത്, അറിയാം ഇഷ്ട ബ്രൌസറുകളുടെ റാങ്ക്
- 66.1 ശതമാനം വിപണി വിഹിതവുമായി ഗൂഗിൾ ക്രോം
- സഫാരി വെറും 1.01 ശതമാനം ഇന്ത്യക്കാർ ഉപയോഗിക്കുന്നുള്ളൂ
- 64 ശതമാനം ഇന്റെർനെറ്റിന് മൊബൈൽ ഫോൺ
ഇന്റർനെറ്റ് എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഗൂഗിൾ ക്രോം എന്ന് ചിന്തിക്കുന്നവരാണ് ഉപയോക്താക്കളിൽ ഏറെയും. സാങ്കേതികമായ കാര്യങ്ങൾക്കപ്പുറം ഗൂഗിൾ ക്രോം ഇന്റർനെറ്റ് പ്രേമികളുടെ ഇഷ്ട ബ്രൌസർ ആണ്.
ആഗോള തലത്തിൽ ഇന്റർനെറ്റ് ഉപഭോക്താക്കൾക്കിടയിൽ ഗൂഗിൾ ക്രോം ജനപ്രിയ വെബ് ബ്രൌസർ ആയി ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. സ്റ്റാറ്റ്കൗണ്ടർ റിപ്പോർട്ട് പ്രകാരം ആഗോള വിപണിയുടെ 66.1 ശതമാനം വിപണി വിഹിതവുമായാണ് ഗൂഗിൾ ക്രോം മുന്നിൽ എത്തിയത്.
മൈക്രോസോഫ്റ്റ് എഡ്ജിനെ പിന്തള്ളിക്കൊണ്ടു ആപ്പിൾ സഫാരി രണ്ടാം സ്ഥാനത്തു നില്കുന്നു. രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള ഇഞ്ചോടിഞ്ചു കടുത്ത മത്സരത്തിൽ ആപ്പിൾ സഫാരി 11.8 ശതമാനം വിപണി മൂല്യം നേടി. 11 ശതമാനം വിപണി മൂല്യമുള്ള മൈക്രോസോഫ്റ്റ് എഡ്ജാണ് തൊട്ടു പുറകിൽ. മോസില്ല ഫയർ ഫോക്‌സ്( 5.65ശതമാനം), ഒപേറ (3.09 ശതമാനം), ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ (0.55 ശതമാനം ) എന്നിവയാണ് മറ്റു ജനപ്രിയ ബ്രൗസറുകൾ.
ഇന്ത്യയിലും 89.04 വിപണിമൂല്യവുമായി ഗൂഗിൾ ക്രോം ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുമ്പോൾ ആഗോള തലത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ആപ്പിൾ സഫാരി വെറും 1.01 ശതമാനം ഇന്ത്യക്കാർ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഫയർ ഫോക്‌സും മൈക്രോസോഫ്റ്റും യഥാക്രമം 3.64 ശതമാനം, 3.48 ശതമാനം വിപണി മൂല്യവുമായി രണ്ടും മൂന്നും സ്ഥാനം നേടി.
ഗൂഗിൾ ക്രോം ജനപ്രിയ ബ്രൌസർ ആയി തുടരുന്നുണ്ടെങ്കിലും ഉപഭോക്താക്കൾക്കു സുരക്ഷാ പ്രശ്നങ്ങൾ കൂടുതൽ നേരിടുന്ന ബ്രൌസർ ആണെന്ന് അറ്റ്‌ലസ് വിപിഎൻ റിപ്പോർട്ട് ചെയ്യുന്നു.
അടുത്തിടെ മൈക്രോസോഫ്റ്റ് കമ്പനി എഡ്ജ് ബ്രൗസറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ടുവന്നു . ഈ വർഷം ആദ്യം തന്നെ ചാറ്റ് ജിപിടി സപ്പോർട്ട് ചെയ്യുന്ന ബ്രൌസർ ആയി മാറുകയും ചെയ്തു.
ഇന്റർനെറ്റ് ഉപഭോക്താക്കളിൽ 64 ശതമാനം പേരും ഇന്റെർനെറ്റിന് വേണ്ടി കൂടുതൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്. ഉപഭോക്താക്കൾക്ക് ഡെസ്‌ക്ടോപ്പ് ഇല്ലെങ്കിലും ബ്രൗസ് ചെയ്യാനായി എഡ്ജ്,ബിംഗ് മൊബൈൽ ആപ്പ്‌ളിക്കേഷനുകൾ പുറത്തിറക്കുമെന്നും മൈക്രോസോഫ്റ്റ് ഒരു ബ്ലോഗിൽ പറയുന്നു.