എല്ലാ രഹസ്യങ്ങളും ചാറ്റ് ജിപിടിയോട് പറയേണ്ട! ഒരു ലക്ഷത്തിലധികം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടു, പട്ടികയിൽ മുന്നില്‍ ഇന്ത്യ
- 1,01,134 ചാറ്റ് ജി പി ടി വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്
- ഏഷ്യ പസഫിക് മേഖലയിലെ ഉപയോക്താക്കളെ ആണ് സൈബർ ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ചത്
- ഇന്ത്യയിൽ 12632 അക്കൗണ്ടുകൾ അപഹരിക്കപ്പെട്ടു
ഒരു ലക്ഷത്തിലധികം ചാറ്റ്ജിപിടി ഉപയോക്താക്കൾ തട്ടിപ്പിനും സൈബർ ആക്രമണത്തിനും വിധേയരാവാൻ സാധ്യത ഉണ്ടെന്നു ഗവേഷണം കാണിക്കുന്നു. സിംഗപ്പൂർ ആസ്ഥാനമായുള്ള സൈബർ സുരക്ഷാ സ്ഥാപനമായ ഗ്രൂപ്പ്-ഐബിയുടെ കണക്കനുസരിച്ച് 1,01,134 ചാറ്റ് ജി പി ടി വിവരങ്ങൾ ഡിവൈസുകളിൽ നിന്ന് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ ചാറ്റ്ജിപിടി അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടത്. ചോർത്തിയ ചാറ്റ് ജി പി ടി അക്കൗണ്ടുകൾ വഴി ബാങ്ക് വിവരങ്ങൾ ലഭിക്കില്ലെങ്കിലും , ഇമെയിൽ, പാസ്‌വേഡുകൾ, ഫോൺ നമ്പറുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് നിർണായക ഉപയോക്തൃ വിവരങ്ങൾ ചോരുവാൻ സാധ്യത കാണുന്നു.
'ഇൻഫോ സ്റ്റീലിങ് മാൽവയർ' വഴി
ഫിഷിംഗ് എന്ന സൈബർ തട്ടിപ്പ് വഴി ആണ് ഉപയോക്താക്കൾ ഇതിനു ഇരയാവുന്നത്. ചാറ്റ് ജിപിടി ക്രെഡൻഷ്യലുകൾ ചോർത്താൻ 'ഇൻഫോ സ്റ്റീലിങ് മാൽവയർ ആണ് ഹാക്കർമാർ ഉപയോഗിച്ചതെന്നു ഗവേഷണം കാണിക്കുന്നു. ബ്രൗസറുകളിൽ സേവ് ചെയ്തിട്ടുള്ള ക്രെഡൻഷ്യലുകൾ, ബാങ്ക് കാർഡ് വിശദാംശങ്ങൾ ക്രിപ്‌റ്റോ വാലറ്റ് വിവരങ്ങൾ,കുക്കികൾ, ബ്രൗസിങ് ഹിസ്റ്ററി എന്നിവ മാൽവയർ വഴി ശേഖരിക്കാൻ സാധ്യതയുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ഫിഷിങ് ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിലൂടെയോ മാൽ വെയർ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെയോ ഒക്കെ മാൽ വെയർ ഡിവൈസുകളിൽ കടന്നു കൂടാം
ഇന്ത്യ മുന്നിൽ
ഏഷ്യ പസഫിക് മേഖലയിലെ ഉപയോക്താക്കളെ ആണ് സൈബർ ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ചത് . ഈ മേഖലയിൽ 40.5 ശതമാനം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ട്. ഇന്ത്യയിൽ 12632 അക്കൗണ്ടുകൾ അപഹരിക്കപ്പെട്ടു. രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാനിൽ നിന്ന് 9217 അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു.ആഗോളതലത്തിൽ ബ്രസീൽ, വിയറ്റ്നാം, ഈജിപ്ത് എന്നിവിടങ്ങളിലെ ചാറ്റ് ജി പി ടി ഉപയോക്താക്കളെയും ഇത് കാര്യമായി ബാധിച്ചിട്ടുണ്ട്.
ജാഗ്രത വേണം
ചാറ്റ് ജിപിടി ഉപയോക്താക്കളെ അവരുടെ അക്കൗണ്ട് പാസ്‌വേഡുകൾ ഇടയ്ക്കിടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് റിപ്പോർട്ട് പറയുന്നു ജി മെയിൽ അല്ലെങ്കിൽ ഫേസ്ബുക്ക് പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾക്കായി ഒരേ പാസ്‌വേഡ് ഉണ്ടെങ്കിൽ, ടു ഫാക്ടർ ഓതന്റിക്കേഷൻ .പ്രവർത്തന ക്ഷമമാക്കണം. വിശ്വസനീയമല്ലാത്ത ഡെവലപ്പർമാരിൽ നിന്ന് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യരുത്. ഫിഷിങ് വെബ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും ഒഴിവാക്കണം എന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.