ബൈജൂസ് 533 ദശലക്ഷം ഡോളര്‍ ഹെഡ്ജ് ഫണ്ടില്‍ ഒളിപ്പിച്ചു ?

120 കോടി ഡോളര്‍ വായ്പയെടുത്തത് ഹെഡ്ജ് ഫണ്ടില്‍ നിക്ഷേപിച്ച 533 ദശലക്ഷം ഡോളറിന്റെ ഈടിന്മേലാണെന്നാണ് ആരോപണം

Update: 2023-09-13 07:04 GMT

പ്രമുഖ എഡ്‌ടെക് കമ്പനികളിലൊന്നായ ബൈജൂസ്, യുഎസ് ആസ്ഥാനമായ അനുബന്ധസ്ഥാപനമായ ആല്‍ഫ ഇന്‍ക്കിലൂടെ മൂന്ന് വര്‍ഷം മാത്രം പഴക്കമുള്ള ഹെഡ്ജ് ഫണ്ടില്‍ 533 ദശലക്ഷം ഡോളര്‍ (ഏകദേശം 4400 കോടി രൂപ) ഒളിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്.

2021 നവംബറില്‍ ബൈജൂസ് വിദേശ നിക്ഷേപകരില്‍ നിന്ന് 120 കോടി ഡോളര്‍ (ഏകദേശം 9800 കോടി രൂപ) വായ്പയെടുത്തത് ഹെഡ്ജ് ഫണ്ടില്‍ നിക്ഷേപിച്ച 533 ദശലക്ഷം ഡോളറിന്റെ ഈടിന്മേലാണെന്നാണ് ആരോപണം.

ബൈജൂസ് കമ്പനിയുടെ വായ്പക്കാരാണ് ഈ ആരോപണം ഉന്നയിച്ച് രംഗത്തുവന്നിരിക്കുന്നത്.

2022-ല്‍ ബൈജൂസ് 500 ദശലക്ഷത്തിലേറെ ഡോളര്‍ ക്യാംഷാഫ്റ്റ് ക്യാപിറ്റല്‍ ഫണ്ടിലേക്ക് മാറ്റി. ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ ക്യാപിറ്റല്‍ ഫണ്ട് വില്യം സി. മോര്‍ട്ടനാണ് സ്ഥാപിച്ചത്. ഇന്‍വെസ്റ്റ്‌മെന്റ് രംഗത്ത് ഔപചാരികമായ യാതൊരുവിധ പരിശീലനവും നേടാത്ത സ്ഥാപനമാണു മോര്‍ട്ടന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം.

അത്തരമൊരു സ്ഥാപനത്തിലാണു ബൈജൂസ് പണം നിക്ഷേപിച്ചതെന്നു വായ്പക്കാര്‍ ആരോപിച്ചു. ബൈജൂസ് നിക്ഷേപം നടത്തിയതിനു ശേഷം മോര്‍ട്ടന്റെ പേരില്‍ ആഡംബര കാറുകളായ ഫെരാരി റോമ, ലംബോര്‍ഗിനി ഹുറാകാന്‍ ഇവിഒ, റോള്‍സ് റോയ്‌സ് വ്രെയ്ത്ത് തുടങ്ങിയവ രജിസ്റ്റര്‍ ചെയ്തതായും വായ്പക്കാര്‍ ആരോപിച്ചു.

ആരോപണം നിഷേധിച്ച് ബൈജൂസ്

എന്നാല്‍ ആരോപണം നിഷേധിച്ച് ബൈജൂസ് രംഗത്തുവന്നു. ഇടപാട് പൂര്‍ണ്ണമായും വായ്പക്കാരുമായുള്ള ക്രെഡിറ്റ് എഗ്രിമെന്റ് പ്രകാരമുള്ളതാണെന്നു കമ്പനി പറഞ്ഞു.

എഡ്‌ടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് 9800 കോടി രൂപയുടെ (120 കോടി ഡോളര്‍ ) കടം വീട്ടാന്‍ ഗ്രേറ്റ് ലേണിംഗ്, എപ്പിക്ക് എന്നീ കമ്പനികളെ വില്‍ക്കുമെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ രണ്ട് കമ്പനികളെ 2021-ലാണ് ബൈജൂസ് ഏറ്റെടുത്തത്.

യുഎസ് ആസ്ഥാനമായ റീഡിംഗ് പ്ലാറ്റ്‌ഫോമായ എപ്പിക്കിനെ 500 ദശലക്ഷം ഡോളറിനാണു ബൈജൂസ് ഏറ്റെടുത്തത്.

ഗ്രേറ്റ് ലേണിംഗ് എന്ന ഇന്ത്യന്‍ കമ്പനിയെ 600 ദശലക്ഷം ഡോളറിനുമാണ് ബൈജൂസ് ഏറ്റെടുത്തത്. അപ്‌സ്‌കില്ലിംഗ് കോഴ്‌സുകളും, ബിരുദങ്ങളുമാണ് ഗ്രേറ്റ് ലേണിംഗ് നല്‍കുന്നത്.

ഈ രണ്ട് കമ്പനികളുടെയും വില്‍പ്പനയിലൂടെ 800 ദശലക്ഷം മുതല്‍ 100 കോടി ഡോളര്‍ വരെ സമാഹരിക്കാനാകുമെന്നാണ് ബൈജൂസ് വിശ്വസിക്കുന്നത്. എപ്പിക്കിന്റെ വില്‍പ്പന നടത്തുന്നതിനായി ബൈജൂസ് വാള്‍സ്ട്രീറ്റിലെ ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെ സേവനങ്ങള്‍ തേടിയതായി യുഎസ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News