ശസ്ത്രക്രിയ മുഴുവനും ഡിജിറ്റല്‍ രേഖയാകും, ഓപ്പറേഷന്‍ തിയേറ്ററുകളില്‍ ബ്ലാക്ക് ബോക്‌സ് വരുന്നു

  • ബ്ലാക്ക് ബോക്‌സ് വരുന്നതോടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പിഴവുകള്‍ വരെ രേഖാ മൂലം അറിയാന്‍ സാധിക്കും.

Update: 2023-03-21 11:30 GMT

ഓപ്പറേഷനിടെ രോഗിയുടെ ശരീരത്തില്‍ കത്രിക വെച്ച് തുന്നിക്കെട്ടിയ സംഭവങ്ങള്‍ നാം വാര്‍ത്തകളിലൂടെ അറിഞ്ഞിട്ടുണ്ട്. ജീവന്‍വെച്ചുള്ള പരിപാടിയാകുമ്പോള്‍ നാം ആശങ്കയോടെയാണ് ഇത്തരം 'ഓപ്പറേഷന്‍ തിയേറ്റര്‍ സംഭവ'ങ്ങളെ പറ്റി മനസിലാക്കുന്നതും. എന്നാല്‍ ശസ്ത്രക്രിയകളില്‍ തെറ്റുകള്‍ കടന്നു കൂടാതെ ഇരിക്കുന്നതിനും, ഒരു ശസ്ത്രക്രിയയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് മനസിലാക്കുന്നതിനുമായി ബ്ലാക്ക് ബോക്‌സ് സംവിധാനം വരുന്നുവെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

വിമാനങ്ങളിലുള്‍പ്പടെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തുന്ന ഡിവൈസാണ് ബ്ലാക്ക് ബോക്‌സ്. അത്തരത്തില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ നടക്കുന്ന സംഭവങ്ങള്‍, മെഡിക്കല്‍ ഡിവൈസുകളില്‍ നിന്നുള്ള വിവരങ്ങള്‍, വീഡിയോ - ഓഡിയോ റിക്കോര്‍ഡിംഗ് വിവരങ്ങള്‍ എന്നിവയടക്കം ശേഖരിക്കുന്ന ബ്ലാക്ക് ബോക്‌സുകളാണ് വൈകാതെ എത്തുക. ആദ്യഘട്ടത്തില്‍ യുഎസ്, കാനഡ, പടിഞ്ഞാറന്‍ യൂറോപ്പ് എന്നിവിടങ്ങളിലായി ഏകദേശം 24 ആശുപത്രികളിലാണ് ബ്ലാക്ക് ബോക്‌സ് ഡിവൈസ് സജ്ജീകരിക്കുക.

ഓപ്പറേഷന്‍ തിയേറ്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ വേണ്ട മാറ്റം വരുത്തുന്നതിനും പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനുമായി ബ്ലാക്ക് ബോക്‌സ് സേവനം സഹായകരമാകും. മാത്രമല്ല ശസ്ത്രക്രിയയ്ക്ക് ശേഷം പേഷ്യന്റിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ബ്ലാക്ക് ബോക്‌സ് രേഖകള്‍ പരിശോധിച്ച് കാരണം കണ്ടെത്താനും ഒരു പരിധി വരെ സാധിക്കും.

മാത്രമല്ല മെഡിക്കല്‍ എററുകളാണ് സംഭവിച്ചതെങ്കില്‍ കേസോ മറ്റോ ഉണ്ടായാല്‍ ബ്ലാക്ക് ബോക്‌സ് രേഖകള്‍ നല്ലൊരു തെളിവാണ്. ടൊറന്റോയിലെ സര്‍ജിക്കല്‍ സേഫ്റ്റി ടെക്‌നോളജീസ് എന്ന കമ്പനിയുടെ ഓ ആര്‍ ബ്ലാക്ക് ബോക്‌സ് എന്ന പേരിലുള്ള ഡിവൈസാണ് ആദ്യഘട്ടത്തില്‍ ആശുപത്രികളില്‍ സജ്ജീകരിക്കുക. ഇന്ത്യ പോലെ ഒട്ടേറെ ആശുപത്രികളുള്ള രാജ്യത്ത് ഇത്തരം ബ്ലാക്ക് ബോക്‌സുകള്‍ വന്നാല്‍ ശസ്ത്രക്രിയാ രംഗത്ത് വലിയൊരു മാറ്റമാകും ഉണ്ടാകുക.

Tags:    

Similar News