ഇന്നേ വരേ ഗര്‍ബ നൃത്തം കളിച്ചിട്ടില്ല; ഡീപ് ഫേക്ക് വിഡിയോ പ്രശ്നം: പ്രധാനമന്ത്രി

  • ഡീപ്ഫേക്ക് വിഡിയോകള്‍ക്കെതിരേ ബോധവത്കരണം വേണമെന്നും നരേന്ദ്ര മോദി
  • അപകീര്‍ത്തികരമായ ഡീപ്ഫേക്ക് വിഡിയോകള്‍ വ്യാപകമാകുന്നു

Update: 2023-11-17 09:25 GMT

'ഡീപ് ഫേക്ക്' വിഡിയോകളും ഇമേജുകളും സൃഷ്ടിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നത് പ്രശ്‌നകരമാണെന്നും ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവൽക്കരിക്കാൻ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

"ഞാന്‍ ഗര്‍ബ നൃത്തം കളിക്കുന്ന ഒരു വിഡിയോ കാണാനിടയായി. സ്‍കൂള്‍ കാലം തൊട്ടേ ഞാന്‍ ഗര്‍ബ കളിച്ചിട്ടില്ല, " ഡീപ്ഫേക്ക് വീഡിയോകളുടെ അപകട സാധ്യതകളെ കുറിച്ച് വിവരിക്കവെ മോദി പറഞ്ഞു. കോവിഡ് 19 മഹാമാരി ജനങ്ങളില്‍ രാജ്യത്തെ കുറിച്ച് ആത്മവിശ്വാസം സൃഷ്ടിച്ചുവെന്നും അത് ഇടിയാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. 

അടുത്തിടെ പല ഡീപ്ഫേക്ക് വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. നടിമാരായ രഷ്മിക മന്ദാന, കജോള്‍ എന്നിവരുടെ ഡീപ്ഫേക്ക് വീഡിയോകള്‍ ഈ സാങ്കേതിക വിദ്യ സൃഷ്ടിക്കാവുന്ന അപകടങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കി. ചലച്ചിത്ര നിര്‍മാണ പ്രക്രിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അമിതമായി ഉപയോഗിക്കുന്നത് കലയെയും കലാകാരന്‍മാരെയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി ബാധിക്കുമെന്ന് കാണിച്ച് ഹോളിവുഡിലെ എഴുത്തുകാരും അഭിനേതാക്കളും അടുത്തിടെ നടത്തിയ സമരവും വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.

അതേസമയം, രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോയുമായി ബന്ധപ്പെട്ട് ബിഹാറിൽ നിന്നുള്ള ഒരു 19കാരനെ ഡൽഹി പോലീസ് അടുത്തിടെ ചോദ്യം ചെയ്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇയാള്‍ ആദ്യം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഈ വീഡിയോ അപ്‌ലോഡ് ചെയ്യുകയും പിന്നീട് മറ്റ് പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും  ചെയ്തുവെന്നാണ് പോലീസ് സംശയിക്കുന്നത്. 

Tags:    

Similar News