23-കാരിയുടെ എഐ ക്ലോണ്‍ തരംഗമാകുന്നു; ഡേറ്റിങ്ങിന് ഈടാക്കുന്നത് 5000 രൂപ

  • ഫോര്‍ എവര്‍ വോയ്‌സസ് (Forever Voices) എന്ന എഐ കമ്പനിയാണ് ക്ലോണ്‍ രൂപം വികസിപ്പിച്ചത്
  • ഫോര്‍ച്യൂണിന്റെ റിപ്പോര്‍ട്ട് പ്രകാരം, കാരിന്‍ ഒരാഴ്ച കൊണ്ട് 71,610 ഡോളര്‍ നേടിയെന്നാണ്.
  • ക്ലോണ്‍ രൂപവുമായി ചാറ്റ് ചെയ്യാനും ഇടപഴകാനും ആരാധകര്‍ക്ക് സാധിക്കുകയും ചെയ്യും

Update: 2023-05-11 11:12 GMT

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ആധിപത്യം സ്ഥാപിച്ചു കൊണ്ടിരിക്കുന്ന ഒരു കാലമാണല്ലോ ഇത്. വന്‍കിട ടെക് കമ്പനികളെല്ലാം തന്നെ എഐ അധിഷ്ഠിത സേവനങ്ങളും ഉല്‍പന്നങ്ങളും വികസിപ്പിച്ചു കൊണ്ടിരിക്കുകയുമാണ്.

എഐ സാങ്കേതികവിദ്യ 23-കാരിയായ ഒരു മോഡലിന് സാമ്പത്തിക നേട്ടമുണ്ടാക്കി കൊടുക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

യുഎസ്സിലെ ജോര്‍ജ്ജിയയിലുള്ള 23-കാരിയാണ് കാരിന്‍ മര്‍ജോരി. കാരിന് സ്‌നാപ്ചാറ്റില്‍ 1.8 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും പുരുഷ ആരാധകരാണ്.

ലക്ഷക്കണക്കിനായ ആരാധകര്‍ കാരിനുമായി ചാറ്റ് ചെയ്യാനും ഇടപഴകാനും ആഗ്രഹിക്കുന്നവരാണ്. പക്ഷേ, ഇത് പ്രായോഗികമല്ല.

ഇക്കാര്യം മനസ്സിലാക്കിയ കാരിന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ക്ലോണ്‍ രൂപം (ജീവിച്ചിരിക്കുന്ന ഒരാളോട് സാമ്യം തോന്നുന്ന രൂപം) സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ഫോര്‍ എവര്‍ വോയ്‌സസ് (Forever Voices) എന്ന എഐ കമ്പനിയാണ് ക്ലോണ്‍ രൂപം വികസിപ്പിച്ചത്. കാരിന്‍ എഐ (CarynAI)എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

കാരിന്റെ വിവിധ യുട്യൂബ് വീഡിയോകള്‍ 2000 മണിക്കൂറോളം വിശകലനം ചെയ്തതിനു ശേഷമാണ് ക്ലോണ്‍ രൂപത്തിനെ ഫോര്‍ എവര്‍ വോയ്‌സസ് സംഭാഷണ ശൈലി പരിശീലിപ്പിച്ചത്.

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് മെസേജുകളായതിനാല്‍ ക്ലോണ്‍ രൂപവുമായി ചാറ്റ് ചെയ്യുന്നവരുടെ സംഭാഷണങ്ങള്‍ മൂന്നാമതൊരു പാര്‍ട്ടി ചോര്‍ത്തിയെടുക്കുമെന്ന ആശങ്ക വേണ്ടെന്നാണ് അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നത്.

ഈ ക്ലോണ്‍ രൂപവുമായി ചാറ്റ് ചെയ്യാനും ഇടപഴകാനും ആരാധകര്‍ക്ക് സാധിക്കുകയും ചെയ്യും.

ഇപ്പോള്‍ കാരിന്റെ ക്ലോണ്‍ രൂപത്തിന് 1,000 ത്തിലേറെ ബോയ്്ഫ്രണ്ട്‌സുണ്ട്. കാരിന്റെ ക്ലോണുമായി ചാറ്റ് ചെയ്യാന്‍ ബോയ്ഫ്രണ്ട്‌സില്‍ നിന്നും ഈടാക്കുന്നത് മിനിറ്റിന് ഒരു ഡോളറാണ്. ഇത് ഏകദേശം 80 ഇന്ത്യന്‍ രൂപ വരും (അതായത് മണിക്കൂറിൽ 5000 രൂപ).

ഫോര്‍ച്യൂണിന്റെ റിപ്പോര്‍ട്ട് പ്രകാരം, കാരിന്‍ ഈ വെര്‍ച്വല്‍ രൂപത്തിന്റെ സഹായത്തിലൂടെ ഒരാഴ്ച കൊണ്ട് 71,610 ഡോളര്‍ നേടിയെന്നാണ്. ഇത് ഏകദേശം 58.7 ലക്ഷം ഇന്ത്യന്‍ രൂപ വരും.

പ്രതിമാസം അഞ്ച് മില്യന്‍ ഡോളര്‍ നേടാനാണ് കാരിന്‍ ലക്ഷ്യമിടുന്നത്.

Tags:    

Similar News