സാങ്കേതികവിദ്യാ നവീകരണത്തിലെ വിഷമവൃത്തങ്ങള്‍

സാങ്കേതികവിദ്യകളോടുള്ള അമിതാവേശം ആധുനിക കാലത്തിന്റെ സംഭാവനയാണ്. എല്ലാത്തരം പ്രതിസന്ധികളെയും സാങ്കേതികവിദ്യകള്‍കൊണ്ട് പരിഹരിച്ചുകളയാം എന്നൊരു മിഥ്യാധാരണ സാമ്പത്തിക-ആസൂത്രണ വിദഗ്ദ്ധരിലും ശാസ്ത്ര-സാങ്കേതികജ്ഞരിലും രാഷ്ട്രീയ ഭരണനേതൃത്വത്തിലുള്ളവരിലും രൂഢമൂലമായിരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. വികസന പ്രതിസന്ധികളുടെ ഏതെങ്കിലും ഘട്ടത്തില്‍ സമൂഹത്തില്‍ പൊതുവില്‍ വളര്‍ന്നു വികസിക്കേണ്ട സ്ഥാപനപരവും (Institutional) പെരുമാറ്റപരവും (behavioural) ആയ മാറ്റങ്ങള്‍ക്ക് അവ വിഘാതമാകുന്നുവെന്ന് മാത്രമല്ല, പ്രതിസന്ധികളെ കൂടുതല്‍ സങ്കീർണമാക്കുന്നതിന് ഈ സാങ്കേതികവിദ്യാ ശുഭാപ്തിവിശ്വാസം (technological optimism) ഇടയാക്കുന്നുണ്ട്. വികസന സമ്പദ്‌വ്യവസ്ഥയില്‍ 'കാര്യക്ഷമമായ വിഭവ വിനിയോഗം' എന്നത് സുപ്രധാന ഘടകമാണ്. ഉപയോഗിക്കപ്പെടുന്ന […]

Update: 2022-05-24 23:32 GMT

സാങ്കേതികവിദ്യകളോടുള്ള അമിതാവേശം ആധുനിക കാലത്തിന്റെ സംഭാവനയാണ്. എല്ലാത്തരം പ്രതിസന്ധികളെയും സാങ്കേതികവിദ്യകള്‍കൊണ്ട് പരിഹരിച്ചുകളയാം എന്നൊരു മിഥ്യാധാരണ സാമ്പത്തിക-ആസൂത്രണ വിദഗ്ദ്ധരിലും ശാസ്ത്ര-സാങ്കേതികജ്ഞരിലും രാഷ്ട്രീയ ഭരണനേതൃത്വത്തിലുള്ളവരിലും രൂഢമൂലമായിരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. വികസന പ്രതിസന്ധികളുടെ ഏതെങ്കിലും ഘട്ടത്തില്‍ സമൂഹത്തില്‍ പൊതുവില്‍ വളര്‍ന്നു വികസിക്കേണ്ട സ്ഥാപനപരവും (Institutional) പെരുമാറ്റപരവും (behavioural) ആയ മാറ്റങ്ങള്‍ക്ക് അവ വിഘാതമാകുന്നുവെന്ന് മാത്രമല്ല, പ്രതിസന്ധികളെ കൂടുതല്‍ സങ്കീർണമാക്കുന്നതിന് ഈ സാങ്കേതികവിദ്യാ ശുഭാപ്തിവിശ്വാസം (technological optimism) ഇടയാക്കുന്നുണ്ട്.

വികസന സമ്പദ്‌വ്യവസ്ഥയില്‍ 'കാര്യക്ഷമമായ വിഭവ വിനിയോഗം' എന്നത് സുപ്രധാന ഘടകമാണ്. ഉപയോഗിക്കപ്പെടുന്ന ഊര്‍ജ്ജവും പദാര്‍ത്ഥങ്ങളും അതിന്റെ പരമാവധിയില്‍ ആയിരിക്കുക എന്നത് അതുകൊണ്ടുതന്നെ എക്കാലത്തെയും മുന്തിയ പരിഗണനകളായി വരുന്നതുകാണാം. സാങ്കേതിക വിദ്യകളുടെ നവീകരണത്തിലൂടെ ഉത്പന്നങ്ങള്‍, ഉപകരണങ്ങള്‍, സേവനങ്ങള്‍ എന്നിവയെല്ലാം ഉയര്‍ന്ന കാര്യക്ഷമതയില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ മനുഷ്യന് സാധിച്ചിട്ടുണ്ട്.

ഒരൊറ്റ ഉദാഹരണം നോക്കുക.
വൈദ്യുതി വെളിച്ചത്തിനായി അടുത്തകാലം വരെ നാം ഉപയോഗിച്ചിരുന്ന ലൈറ്റ് ബള്‍ബുകള്‍ (incandiscent bulbs 60w, 100w)ക്ക് പകരമായി പിന്നീട് അവയെക്കാളും പ്രകാശം പരത്തുന്ന, കണ്ണുകള്‍ക്ക് സുഖപ്രദമായ ഫ്‌ളുറോസെന്റ് ട്യൂബുകളും (20w, 40w) പിന്നീട് കോംപ്ലാക്ട് ഫ്‌ളൂറോസെന്റ് ലാമ്പുകളും (CFL 9w, 11w) കടന്നുവന്നു. അതുംകടന്ന് ഇന്ന് വളരെ തുച്ഛമായ വൈദ്യുതി ആവശ്യം മാത്രമുള്ള ലൈറ്റ് എമിറ്റിംഗ് ഡയോഡുകള്‍ അഥവാ LEDകള്‍ നാം ഉപയോഗപ്പെടുത്താന്‍ തുടങ്ങി. ഉപകരണങ്ങളിലെ കാര്യക്ഷമതാ നവീകരണം കേവലം ഗാര്‍ഹിക വൈദ്യുതീകരണ മേഖലയില്‍ മാത്രമല്ല സംഭവിച്ചത്. മറിച്ച്, ഭൗതിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും സംഭവിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം.

വളരെ രസകരമായ സംഗതി, കാര്യക്ഷമതയ്ക്കായുള്ള ഈ നവീന ആശയങ്ങളും ആവിഷ്‌കാരങ്ങളും വിഭവ വിനിയോഗത്തില്‍ യാതൊരു കുറവും ഉണ്ടാക്കിയില്ലെന്ന് മാത്രമല്ല മുന്‍കാലങ്ങളെ അപേക്ഷിച്ച് ഉപഭോഗത്തില്‍ വലിയ വര്‍ദ്ധനവ് സൃഷ്ടിക്കുകയും വിഭവ പ്രതിസന്ധികളിലേക്ക് ലോകത്തെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്തു എന്നതാണ്.

വിഭവ വിനിയോഗത്തിലെ കാര്യക്ഷമതാ വര്‍ദ്ധനവ് വിഭവ ഉപഭോഗത്തില്‍ വര്‍ദ്ധനവുണ്ടാക്കും എന്നത് സാമ്പത്തിക ശാസ്ത്ര സിദ്ധാന്തത്തില്‍ ഒരു പുതിയ അറിവല്ല. 'ജെവന്‍സ് പ്രഹേളിക' (Jevons paradox) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പ്രതിഭാസം സാമ്പത്തിക ശാസ്ത്രത്തില്‍ 'റീബൗണ്ട് എഫക്ട്' എന്ന് അറിയപ്പെടുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍, വിഭവ വിനിയോഗത്തിലെ കാര്യക്ഷമതാ വര്‍ദ്ധനവ് ഉപഭോഗം കുറയ്ക്കുന്നതിന് പകരം വര്‍ദ്ധനവുണ്ടാക്കുമെന്ന് ജെവന്‍സ് വിരോധാഭാസം പ്രസ്താവിക്കുന്നു.

ഇംഗ്ലീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ വില്യം സ്റ്റാന്‍ലി ജെവണ്‍സ് 1865-ല്‍ തന്റെ Coal Questions എന്ന പുസ്തകത്തിലൂടെ ഇക്കാര്യം വിശദീകരിക്കുകയുണ്ടായി. സാങ്കേതിക വിദ്യയിലൂടെ സാധ്യമാക്കിയ കല്‍ക്കരിയുടെ കാര്യക്ഷമമായ ഉപയോഗം, നിലവിലുള്ള കരുതല്‍ ശേഖരം സംരക്ഷിക്കാന്‍ അനുവദിക്കുന്നതിനുപകരം കൂടുതല്‍ കല്‍ക്കരി വേര്‍തിരിച്ചെടുക്കാനും ഉപഭോഗം ചെയ്യാനും കാരണമായി എന്നായിരുന്നു ജെവന്‍സ് കണ്ടെത്തിയത്. അതായത്, സാങ്കേതിക പുരോഗതി, ഉചിതമായ സാങ്കേതികവിദ്യയുടെ അഭാവത്തില്‍ നേരത്തെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമേ അനുവദിക്കൂ എന്നതാണ് ജെവന്‍സ് പ്രഹേളികയിലൂടെ തെളിയിക്കപ്പെട്ടത്.

പ്രപഞ്ചാതിരുകള്‍ (planetary boundaries) ലംഘിക്കുന്ന സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്ന (കാലാവസ്ഥാ പ്രതിസന്ധി, വിഭവ ദൗര്‍ലഭ്യം, കുമിഞ്ഞുകൂടുന്ന മാലിന്യം തുടങ്ങിയവ) വിവിധങ്ങളായ പ്രതിസന്ധികളെ നേരിടുന്നതിന് സാങ്കേതികവിദ്യകളെ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കുമ്പോള്‍ കൂടുതല്‍ കുഴമറിച്ചിലുകളിലേക്ക് ചെന്നെത്താനുള്ള സാധ്യതകള്‍ നിരവധിയാണ്. അതുകൊണ്ടുതന്നെ ജെവന്‍സ് പാരഡോക്‌സ് അഥവാ ജെവന്‍സ് പ്രഹേളികയെ വര്‍ത്തമാനകാലത്ത് കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

ബാഹ്യ പരിമിതികളാല്‍ സമൂഹത്തിന്റെ ഭൗതിക വികാസത്തിന് തടസ്സം നേരിടുമ്പോള്‍ നിലവിലുള്ള വൈവിധ്യനഷ്ടം പരമാവധി കുറയ്ക്കുന്നതിന് കാര്യക്ഷമതയിലെ മെച്ചപ്പെടുത്തലുകള്‍ അനിവാര്യമാകുന്നുണ്ട്. എന്നാല്‍ സാങ്കേതിക നവീകരണങ്ങള്‍ കൊണ്ട് മാത്രം സ്ഥായിത്വം (sustainability) കൈവരിക്കാനാകില്ലെന്ന ബോദ്ധ്യം സുപ്രധാനമാണ്.

(എഴുത്തുകാരനും പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനുമാണ് കെ സഹദേവൻ)

Tags:    

Similar News