വാഹന, ഭവന വായ്പകളുമായി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് വരുന്നു
ശമ്പളക്കാര്‍ക്കും, സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കും പേഴ്‌സണല്‍ ലോണ്‍ ഇപ്പോള്‍ ജെഎഫ്എസ് ലഭ്യമാക്കുന്നുണ്ട്
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (ജെഎഫ്എസ്) വാഹന, ഭവന വായ്പകള്‍ ഉള്‍പ്പെടെ ലോണ്‍ പ്രൊഡക്റ്റുകള്‍ ഉടന്‍ ലോഞ്ച് ചെയ്യും.
ഇതിലൂടെ ഒരു മുഴുവന്‍ സമയ ധനകാര്യ സേവന സ്ഥാപനമായി ജെഎഫ്എസ്സിനെ മാറ്റുകയെന്നതാണ് ലക്ഷ്യം.
ശമ്പളക്കാര്‍ക്കും, സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കും പേഴ്‌സണല്‍ ലോണ്‍ ഇപ്പോള്‍ ജെഎഫ്എസ് ലഭ്യമാക്കുന്നുണ്ട്. ഇൗ സേവനം പക്ഷേ മുംബൈയില്‍ മാത്രമാണ് നടപ്പിലാക്കിയിരിക്കുന്നത്. മൈ ജിയോ ആപ്പിലൂടെയാണ് ഈ സൗകര്യം ലഭ്യമാവുക.
ഇതിനു പുറമെ ഇന്ത്യയിലെ 300 സ്റ്റോറുകളില്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ ലോണുകളും ജെഎഫ്എസ് ലഭ്യമാക്കുന്നുണ്ട്. ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സേവനം ലഭ്യമാക്കുന്നതിനായി ജിയോ ഫിനാന്‍ഷ്യല്‍ 24 ഇന്‍ഷ്വറന്‍സ് കമ്പനികളുമായി സഹകരിക്കാന്‍ ധാരണയായിട്ടുണ്ട്. ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഒരു ആപ്പും വികസിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിനു ശേഷമുള്ള ആദ്യ ത്രൈമാസ പ്രവര്‍ത്തനഫലം ഒക്ടോബര്‍ 16ന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പുറത്തുവിട്ടു.
ജുലൈ-സെപ്റ്റംബറില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് 101.3 ശതമാനം വളര്‍ച്ചയോടെ 668.18 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി.