കുറഞ്ഞ പലിശയിൽ ലോൺ എടുക്കാം
- ഡിമിനിഷിംഗ് ഇന്ററസ്റ്റ് ലോൺ പലിശ നിരക്ക് കുറയ്ക്കുന്നു
- വായ്പയുടെ കാലയളവ് കുറയ്ക്കുന്നതിലൂടെ പലിശ കുറയ്ക്കാം
- ഉയർന്ന ക്രെഡിറ്റ് സ്കോർ പലിശ നിരക്ക് കുറയ്ക്കുന്നു
നിങ്ങൾ പേഴ്സണൽ ലോൺ എടുക്കുവാൻ ഉദ്ദേശിക്കുന്ന വ്യക്തിയാണോ? എങ്കിൽ, ചുമ്മാ കണ്ണും അടച്ച് കിട്ടുന്ന ഏതെങ്കിലും ലോണിന് അപേക്ഷിക്കാതെ, ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
പേഴ്സണൽ ലോൺ എടുക്കുമ്പോൾ പലിശ നിരക്ക് എന്നത് ഒരു പ്രധാന ഘടകമാണ്. കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭിക്കുന്നത് നിങ്ങളുടെ മൊത്തം തിരിച്ചടവ് തുക കുറയ്ക്കാൻ സഹായിക്കും. അതിന്, പലിശ കണക്കാക്കുന്ന രീതികളെ കുറിച്ച് അറിഞ്ഞിരിക്കണം. നിങ്ങൾ എടുക്കുന്ന വായ്‌പയുടെ പലിശ ഏത് തരത്തിൽ ഉള്ളതാണെന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യത്തെ നടപടി.
ഫ്ലാറ്റ് ഇന്ററസ്റ്റ് റേറ്റ് VS ഡിമിനിഷിംഗ് ഇന്ററസ്റ്റ് റേറ്റ്
ഫ്ലാറ്റ് ഇന്ററസ്റ്റ്, വായ്പയുടെ ആദ്യത്തെ തുകയ്ക്ക് മുഴുവൻ കാലയളവിലും അവസാനം വരെ ഒരേ പലിശ കണക്കാക്കുന്നു. ഇത് ഉയർന്ന തിരിച്ചടവ് തുകയിലേക്ക് നയിക്കുന്നു. എന്നാൽ ഡിമിനിഷിംഗ് ഇന്ററസ്റ്റ് റേറ്റ്, ബാക്കി നിൽക്കുന്ന വായ്പ തുകയ്ക്ക് മാത്രമാണ് പലിശ കണക്കാക്കുന്നത്. ഇത് തിച്ചടവ് ലഘു ആക്കാൻ സഹായിക്കുകയും വൻ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കുകയും ചെയ്യുന്നു
ഉദാഹരണത്തിന്, നിങ്ങൾ 5 ലക്ഷം രൂപ ഫ്ലാറ്റ് ഇന്ററസ്റ്റ് റേറ്റിൽ 10 വർഷത്തേക്ക് 10% പലിശ നിരക്കിൽ എടുത്താൽ, വർഷം തോറും 50,000 രൂപ പലിശ അടയ്ക്കണം. ഈ രീതിയിൽ, നിങ്ങൾ വായ്പ തുക മാസം തോറും തിരിച്ചടച്ച് കൊണ്ടിരിക്കുമ്പോൾ പോലും പലിശ തുക മാറുന്നില്ല.
ഡിമിനിഷിംഗ് ഇന്ററസ്റ്റ് ലോൺ സാധാരണയായി ഫ്ലാറ്റ് ഇന്ററസ്റ്റ് ലോണിനെക്കാൾ ഗുണം ചെയ്യും. കാരണം, വായ്പ തിരിച്ചടച്ച് കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ ബാധ്യത കുറയുന്നത് അനുസരിച്ച് നിങ്ങൾ അടയ്ക്കേണ്ട പലിശയും കുറയും. ഇത് നിങ്ങളുടെ മൊത്തം തിരിച്ചടവ് തുക കുറയ്ക്കാൻ സഹായിക്കും. അതായത് 5 ലക്ഷം രൂപ മാസംതോറും വായ്പ തുക തിരിച്ച് അടച്ച് കൊണ്ടിരിക്കുമ്പോൾ കുറഞ്ഞ പലിശ നിരക്കിൽ ഏകദേശം 25000 രൂപ അതായത് ഫ്ലാറ്റ് ഇൻട്രസ്റ്റ് നിരക്കിന്റെ നേർപകുതി പലിശ അടച്ചാൽ മതിയാകും.
വായ്പയുടെ പലിശ കുറയ്ക്കാനുള്ള മറ്റ് മാർഗ്ഗങ്ങൾ
- ശരിയായ വായ്പ തിരഞ്ഞെടുക്കുക
- വായ്പയുടെ കാലയളവ് കുറയ്ക്കുന്നതിലൂടെ പലിശ കുറയ്ക്കാം
- വായ്പ തുക മുൻകൂട്ടി അടച്ചു കൊടുക്കുന്നതിലൂടെയും പലിശ കുറയ്ക്കാം
- ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭിക്കാൻ സാധ്യതയുണ്ട്
പേഴ്സണൽ ലോൺ എടുക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വിവിധ ബാങ്കുകളിലെ പലിശ നിരക്കുകൾ താരതമ്യം ചെയ്യുക, എല്ലാ ബാങ്കുകളിലും പലിശ നിരക്ക് ഒന്നു തന്നെയായിരിക്കണമെന്നില്ല. അതിനാൽ, വിവിധ ബാങ്കുകളിലെ പലിശ നിരക്കുകൾ താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ പലിശ നിരക്ക് നൽകുന്ന ബാങ്കിൽ നിന്ന് ലോൺ എടുക്കുക. ലോൺ എത്ര കാലം കൊണ്ട് തിരിച്ചടക്കാൻ സാധിക്കും എന്നത് കണക്കിലെടുത്ത് തിരിച്ചടവ് കാലാവധി തീരുമാനിക്കുക. കുറഞ്ഞ കാലാവധിയിൽ ലോൺ തിരിച്ചടച്ചാൽ പലിശ കുറയും. മറഞ്ഞിരിക്കുന്ന ചാർജുകൾ ഉണ്ടോ എന്ന് പരിശോധിക്കുക.