15 ലക്ഷം രൂപയുടെ പരിരക്ഷ, പോസ്‌റ്റോഫീസിന്റെ ഈ ഇന്‍ഷുറന്‍സ് പോളിസി നിങ്ങള്‍ എടുത്തോ?
- കുറഞ്ഞ വരുമാനക്കാര്‍ക്കും പരിരക്ഷ ഉറപ്പാക്കാനുള്ള ശ്രമം.
- പോസ്‌റ്റോഫീസില്‍ അക്കൗണ്ട് തുറക്കണം.
- പ്രസവ സംബന്ധമായ ആനുകൂല്യവും.
ഇന്‍ഷുറന്‍സ് പോളിസികള്‍ ആവശ്യമല്ല അത്യാവശ്യമാണെന്നാണ് പറയാറ്. കാരണം അപ്രതീക്ഷിത സംഭവങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം. കുടുംബത്തിലെ വരുമാന ദാതാവിന് പെട്ടന്നുണ്ടാകുന്ന അപകടങ്ങള്‍ സാമ്പത്തിക ബാധ്യതയിലേക്കാകും നയിക്കുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ സാമ്പത്തിക പിന്തുണ നല്‍കാന്‍ അപകട ഇന്‍ഷുറന്‍സുകള്‍ സഹായിക്കും.
വരുമാനം കുറഞ്ഞവര്‍ക്കും പരിരക്ഷ
വരുമാനം കുറഞ്ഞവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നേടാന്‍ അവസരമൊരുക്കുകയാണ് തപാല്‍ വകുപ്പ്. കാരണം 355 രൂപ മുതലാണ് പ്രീമിയം ആരംഭിക്കുന്നത്. കൂടിയ പ്രീമിയം 755 രൂപയാണ്. ഒരു വര്‍ഷ കാലാവധിയുള്ള പോളിസിക്ക് 15 ലക്ഷം രൂപയാണ് കവറേജ്. നിവ ബുപ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് തപാല്‍ വകുപ്പ് ഇത് അതരിപ്പിച്ചിരിക്കുന്നത്. പദ്ധതിയില്‍ അംഗമാകാനുള്ള പ്രായ പരിധി 18 വയസുമുതല്‍ 65 വയസുവരെയാണ്. വ്യക്തിഗത ഇന്‍ഷുറന്‍സ് പ്ലാനാണിത്.
കവറേജ്
അപകടം മൂലം പോളിസി ഉടമ മരിച്ചാല്‍ മുഴുവന്‍ തുകയായ 15 ലക്ഷം രൂപ ലഭിക്കും. പൂര്‍ണമായോ, ഭാഗികമായോ അംഗവൈകല്യം സംഭവിച്ചാല്‍ 15 ലക്ഷം രൂപവരെ ലഭിക്കും. കൂടാതെ പോളിസി ഉടമ മരിച്ചാല്‍ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവയിലേതെങ്കിലുമൊരു ആവശ്യത്തിന് ഒരു ലക്ഷം രൂപ ലഭിക്കും.
അപകടം മൂലം ആശുപത്രിയില്‍ അഡ്മിറ്റായാല്‍ ഒരു ലക്ഷം രൂപവരെയാണ് ക്ലെയിം. 15 ദിവസത്തിനുള്ള ആശുപത്രി വാസത്തിന് ദിവസേന 1000 രൂപ ലഭിക്കും. എന്നാല്‍ ഐസിയുവിന് 2000 രൂപയാണ് ദിവസേന ലഭിക്കുന്നത്.
പ്രസവ സംബന്ധമായ ആശുപത്രി വാസത്തിന് പരമാവധി 15 ദിവസം വരെ സാധാരണ മുറിക്ക് 1000 രൂപയും ഐസിയുവിന് 2000 രൂപയും ലഭിക്കും. ആദ്യ രണ്ട് ദിവസത്തെ അഡിമിഷന് ഇത് ബാധകമല്ല. കൂടാതെ, അസ്ഥികള്‍ തകരുക, പൊള്ളല്‍ എന്നിവയുടെ വ്യാപ്തി അനുസരിച്ച് 10000 രൂപ മുതല്‍ 25000 രൂപവരെയും ലഭിക്കും. പോളിസി എടുത്ത് 15 ദിവസം മുതലാണ് കവറേജ് ലഭിക്കുന്നത്. നേരത്തെയുള്ള രോഗങ്ങള്‍ക്കുള്ള കവറേജ് 45 ദിവസം മുതലാണ് ലഭിക്കുന്നത്.
പോസ്‌റ്റോഫീസില്‍ അക്കൗണ്ടുണ്ടോ?
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ അക്കൗണ്ടില്ലെങ്കില്‍ പോസ്റ്റമാന്‍ വഴിയോ, പോസ്‌റ്റോഫീസ് വഴിയോ ഇത് എടുക്കാം. ആധാര്‍ കാര്‍ഡും ഒടിപി വരാന്‍ ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പറും 200 രൂപയും ഉണ്ടെങ്കില്‍ ഉപഭോക്താവിന് അക്കൗണ്ട് മിനുറ്റുകള്‍ക്കകം തുറക്കാവുന്നതാണ്. ഈ അക്കൗണ്ട് മറ്റെല്ലാം ബാങ്കിംഗ് സേവനങ്ങള്‍ക്കും യുപിഐ സേവനങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണ്.