സ്വര്‍ണ വായ്പ നിങ്ങള്‍ക്ക് പറ്റിയതാണോ? വായ്പ എടുക്കും മുന്‍പ് അറിയണം
- കെവൈസി പൂർത്തിയായാൽ സ്വാര്തന വായ്പ
- ക്രെഡിറ്റ് സ്കോർ പരിധി ഇല്ല
- എന്നാൽ കൃത്യമായ തിരിച്ചടവ് ക്രെഡിറ്റ് സ്കോർ കൂട്ടും
എളുപ്പത്തില്‍ ലിക്വിഡേറ്റ് ചെയ്യാന്‍ സാധിക്കുന്നൊരു ആസ്തിയാണ് സ്വര്‍ണം. ചെറിയ ഡോക്യുമെന്റേഷനും ന്യായമായ വായ്പ പലിശ നിരക്കുകളും ക്രമീകരിക്കാവുന്ന കാലാവധികളും അടക്കം ഏറ്റവും എളുപ്പത്തില്‍ ഗോള്‍ഡ് ലോണ്‍ ലഭിക്കും. കെവൈസി നടപടികള്‍ പൂര്‍ത്തിയായാല്‍ ബാങ്കില്‍ നിന്ന് സ്വര്‍ണത്തിനുമേല്‍ വായ്പ അനുവദിച്ചു കിട്ടും. സ്വര്‍ണ നാണയമോ ആഭരണമോ പണയമായി കണ്ട് വായ്പ ലഭിക്കുന്നതിനാല്‍ സുരക്ഷിതമായ വായ്പയുടെ ഗണത്തിലാണ് ഇവ ഉള്‍പ്പെടുന്നത്.
18 നും 75 നും ഇടയില്‍ പ്രായമുള്ള ഒരു ഇന്ത്യക്കാര്‍ക്ക് സ്വര്‍ണത്തിന് മുകളില്‍ വായ്പ ലഭിക്കും. മികച്ച ക്രെഡിറ്റ് സ്‌കോറില്ലാത്തവര്‍ക്കും സ്വര്‍ണ വായ്പ നേടാം. മിനിമം ക്രെഡിറ്റ് സ്‌കോര്‍ പരിധി സ്വര്‍ണ വായ്പയ്ക്ക് നിശ്ചയിച്ചിട്ടില്ല. വ്യാപാരി, കര്‍ഷകന്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് ഗോള്‍ഡ് ലോണിന് അപേക്ഷിക്കാം. ഭൂരിഭാഗം ബാങ്കുകളും 18 കാരറ്റിനും 22 കാരറ്റിനും ഇടയില്‍ ഗുണനിലവാരമുള്ള സ്വര്‍ണഭരണങ്ങള്‍ മാത്രമേ പണയമായി സ്വീകരിക്കുകയുള്ളൂ. 5,000 രൂപ മുതല്‍ 2 കോടി വരെ വായ്പ ലഭിക്കാം.
വായ്പ എവിടെ നിന്ന് ലഭിക്കുന്നു എന്നതും പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ ആഭരണങ്ങള്‍ക്ക് ന്യായമായ മൂല്യം വാഗ്ദാനം ചെയ്യുന്ന വിശ്വസ്തവുമായൊരു ധനകാര്യ സ്ഥാപനത്തില്‍ നിന്നാകണം വായ്പയെടുക്കേണ്ടത്. പ്രോസസിംഗിലും തിരിച്ചടച്ചതിന് ശേഷം സ്വര്‍ണം തിരികെ എടുക്കുമ്പോഴും എന്തെങ്കിലും തടസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും. വലിയ സാന്നിധ്യമുള്ള ബാങ്കുകളും നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളും വിശ്വസനീയമായ ഓപ്ഷനുകളാണ്.
വായ്പ എടുക്കുന്നതിന് മുന്‍പ് തിരിച്ചടവ് ഷെഡ്യൂള്‍ പരിശോധിക്കുകയും നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് തിരഞ്ഞെടുക്കുകയും വേണം. തിരിച്ചടവ് ഓപ്ഷനുകള്‍, പ്രീപേയ്‌മെന്റ് ചാര്‍ജുകള്‍, പ്രീപേയ്‌മെന്റ് ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ കാലയളവ് എന്നിവ പരിശോധിക്കാം.
വായ്പയെടുക്കുന്നതിന് മുന്‍പ് തിരിച്ചടവ് രീതി അറിയണം. ഇത് വായ്പ മുടങ്ങാതിരിക്കാന്‍ സഹായിക്കും. ബാങ്കുകള്‍ക്ക് റെഗുലര്‍ ഇക്വേറ്റഡ് പ്രതിമാസ ഇന്‍സ്റ്റാള്‍മെന്റ് (ഇഎംഐകള്‍) രൂപത്തിലും മുന്‍കൂര്‍ പലിശ തിരിച്ചടവ് രൂപത്തിലും തിരിച്ചടവ് ഓപ്ഷനുകള്‍ ഉണ്ട്. ഇഎംഐ ഓപ്ഷനില്‍ തിരഞ്ഞെടുത്ത ലോണ്‍ കാലയളവില്‍ മാസാമാസം മുതലും പലിശയും അടയ്‌ക്കേണ്ടതുണ്ട്. മുന്‍കൂര്‍ പലിശ ഓപ്ഷനില്‍, ഒരാള്‍ വായ്പയുടെ മൊത്തം പലിശ മുന്‍കൂറായും കാലാവധിയുടെ അവസാനത്തില്‍ ശേഷിക്കുന്ന വായ്പ തുകയും അടയ്ക്കണം.
തിരിച്ചടവ് മുടങ്ങിയാല്‍ വായ്പയെടുത്തയാള്‍ പല നഷ്ടങ്ങളും നേരിടണം. വായ്പ എടുക്കാന്‍ ക്രെഡിറ്റ് സ്‌കോര്‍ പരിഗണനാ വിഷയമല്ലെങ്കിലും കൃത്യമായി തിരിച്ചടവ് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തും. വായ്പ മുടങ്ങിയാല്‍ ക്രെഡിറ്റ് സ്‌കോര്‍ കുറയുകയും ചെയ്യും. സ്വര്‍ണ വായ്പയെടുത്ത വ്യക്തി വായ്പ തുക തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെടുന്ന ഘട്ടത്തില്‍ സാധാരണയായി ഫോണ്‍ കോളുകള്‍, എസ്എംഎസ്, ഇമെയിലുകള്‍, എന്നിവ വഴി നിരവധി റിമൈന്‍ഡറുകള്‍ ബാങ്കില്‍ നിന്ന് ലഭിക്കും. സമയപരിധിക്കുള്ളില്‍ വായ്പയുടെ പലിശ അടച്ചില്ലെങ്കില്‍ ബാങ്ക് പിഴ ചുമത്താം.
ബാങ്ക് അനുവദിച്ച കാലയളവിന് ശേഷം ഗോള്‍ഡ് ലോണ്‍ തുക ഇപ്പോഴും അടയ്ക്കാതിരുന്നാല്‍ നഷ്ടം വീണ്ടെടുക്കുന്നതിനായി ബാങ്ക് സ്വര്‍ണാഭരണങ്ങള്‍ ലേലം ചെയ്യും. ലേല തീയതിക്ക് രണ്ടാഴ്ച മുമ്പ് ലേലത്തെക്കുറിച്ച് ബാങ്ക് വായ്പക്കാരനെ അറിയിക്കും. പല ബാങ്കുകളും ഗോള്‍ഡ് ലോണ്‍ ഫോര്‍ക്ലോസ് ചെയ്യുന്നതിനോ മുന്‍കൂറായി അടയ്ക്കുന്നതിനോ അനുവാദം നല്‍കുന്നവയാണ്.എന്നിരുന്നാലും മുന്‍കൂര്‍ പേയ്‌മെന്റ് പിഴകളോ ഫീസോ ഉണ്ടോ എന്ന് അറിയേണ്ടതുണ്ട്.