ഹോം ലോണ്‍ അത്ര സിമ്പിളല്ല; കുറഞ്ഞ പലിശയില്‍ ഭവന വായ്പ ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
- ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്നാല്‍ ബാങ്കിന് റിസ്ക് കുറവ്
- ഹ്രസ്വ കാല വായ്പ എടുക്കാം
- ഫ്‌ളോട്ടിംഗ് റേറ്റില്‍ പ്രാരംഭ ഘട്ടത്തില്‍ കുറഞ്ഞ പലിശ നിരക്ക്
വീട് വാങ്ങുക എന്നത് സാമ്പത്തികമായി വലിയ തീരുമാനമാണ്. വീടെന്നത് പലര്‍ക്കും സ്വപ്നമാണെങ്കിലും ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് മതിയായ ഫണ്ട് ആവശ്യമാണ്. കയ്യില്‍ ആവശ്യത്തിന് പണമില്ലാത്തവരാണെങ്കില്‍ വായ്പയെടുക്കുന്നതാണ് അടുത്ത വഴി. പലിശ നിരക്കുകള്‍ ഇവിടെ പ്രധാനമായൊരു ഘടകമാണ്. വായ്പയുടെ മൊത്ത ചെലവ്, പ്രതിമാസ തിരിച്ചടവ്, മൊത്തത്തിലുള്ള പേയ്‌മെന്റ് പ്ലാന്‍ എന്നിവയെ സ്വാധീനിക്കുന്ന ഘടകമാണ് പലിശ. കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നേടാന്‍ ഇക്കാര്യം ശ്രദ്ധിക്കാം.
ക്രെഡിറ്റ് സ്‌കോര്‍
വായ്പ തിരിച്ചടവ് ചരിത്രം, സാമ്പത്തിക അച്ചടക്കം എന്നിവ കണക്കാക്കുന്ന പ്രസ്താവനയാണ് ക്രെഡിറ്റ് സ്‌കോര്‍. ബാങ്കുകള്‍ വായ്പ നല്‍കുന്നതിന്റെ അപകടസാധ്യത നിര്‍ണയിക്കുന്നതിനും പലിശ നിരക്ക് തീരുമാനിക്കുന്നതിനും ക്രെഡിറ്റ് സ്‌കോറിനെയാണ് ഉപയോഗിക്കുന്നത്. ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്നാല്‍ ബാങ്കിനെ സംബന്ധിച്ച് വായ്പക്കാരനിലുള്ള അപകടസാധ്യത കുറയും. ഇത് വായ്പയുടെ പലിശ നിരക്ക് കുറയും. മോശം ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ന്ന പലിശനിരക്കിനും വായ്പ ലഭിക്കാതിരിക്കാനും കാരണമാകും.
ലോണ്‍ തുക
വായ്പ തുക പലിശ നിരക്കിനെ സാരമായി ബാധിക്കും. കൂടുതല്‍ പണം വായ്പയെടുക്കുമ്പോള്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ അപകടസാധ്യത ഉള്ളതിനാല്‍ ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കാനുള്ള സാധ്യത കൂടുതലാണ്. ഒരു വീട് വാങ്ങാന്‍ വായ്പയെടുക്കാന്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഒരാള്‍ക്ക് എത്ര ലോണ്‍ തുക ആവശ്യമാണെന്ന് കണക്കാക്കേണ്ടത് പ്രധാനമാകുന്നത് ഇതിനാലാണ്.
ഡൗണ്‍ പെയ്‌മെന്റ്
ഡൗണ്‍ പേയ്‌മെന്റിന്റെ വലുപ്പവും പലിശ നിരക്ക് നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. വലിയ ഡൗണ്‍ പേയ്‌മെന്റ് വഴി വായ്പ തുക കുറയ്ക്കാന്‍ സാധിക്കും. കടം കൊടുക്കുന്നവര്‍ ഇത് കുറഞ്ഞ അപകടസാധ്യതയാക്കി മാറ്റുകയും കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുകയും ചെയ്യും. റിസ്‌ക് കുറവുള്ള വായ്പയ്ക്ക് മികച്ച നിരക്കുകള്‍ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറാണ്.
ലോണ്‍ കാലാവധി
ലോണ്‍ കാലാവധിയുടെ ദൈര്‍ഘ്യം മറ്റൊരു പ്രധാന ഘടകമാണ്. കടം വാങ്ങുന്നയാള്‍ ഒരു ഹ്രസ്വകാലത്തേക്കാണ് പണം ആവശ്യപ്പെടുന്നതെങ്കില്‍ കുറഞ്ഞ പലിശ നിരക്ക് നേടാന്‍ കഴിഞ്ഞേക്കും. ഒരു ചെറിയ കാലയളവിലേക്ക് പണം വായ്പ നല്‍കുന്നതിലൂടെ ബാങ്കിന്റെ റിസ്‌ക് കുറയുകയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണം ലാഭിക്കാന്‍ സഹായിക്കുമെങ്കിലും വായ്പക്കാരന് ഉയര്‍ന്ന പ്രതിമാസ പേയ്‌മെന്റുകള്‍ കുറഞ്ഞ കാലയളവില്‍ താങ്ങാന്‍ കഴിയുമോ എന്നത് പരിഗണിക്കേണ്ടതാണ്.
പലിശ നിരക്ക് തരം
പരിഗണിക്കേണ്ട മറ്റൊരു പ്രധാന ഘടകം വായ്പ പലിശയുടെ സ്വഭാവമാണ്. ഫിക്‌സഡ് റേറ്റും ഫ്‌ളോട്ടിംഗ് റേറ്റിലും ഭവന വായ്പ ലഭിക്കും. ഇവയ്ക്ക് രണ്ടിനും റിസ്‌ക് ഘടകങ്ങളുണ്ട്. ഫ്‌ളോട്ടിംഗ് നിരക്കിന് ഫിക്‌സഡ് റേറ്റിനേക്കാള്‍ ഉയര്‍ന്ന പലിശയാണ് ഈടാക്കുക.
ഫ്‌ളോട്ടിംഗ് റേറ്റില്‍ പ്രാരംഭ ഘട്ടത്തില്‍ കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുമെങ്കിലും അത് കാലക്രമേണ മാറുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫിക്‌സഡ് റേറ്റ് വായ്പയേക്കാള്‍ ഉയര്‍ന്ന പലിശയായി മാറാനും സാധ്യതയുണ്ട്. വിപണി സാഹചര്യത്തിന് അനുസരിച്ച് പലിശ കുറയാനും കൂടാനും ഇവിടെ സാധ്യതയുണ്ട്. രണ്ട് തരം വായ്പയുടെയും ഗുണദോഷങ്ങള്‍ അളന്ന് തിട്ടപ്പെടുത്തുകയും കടം വാങ്ങുന്നയാളുടെ സാമ്പത്തിക സ്ഥിതിക്ക് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
വിപണി സാഹചര്യങ്ങള്‍
പണപ്പെരുപ്പം, സാമ്പത്തിക വളര്‍ച്ച, സര്‍ക്കാര്‍ നയങ്ങള്‍ തുടങ്ങിയ വിപണി സാഹചര്യങ്ങളും പലിശ നിരക്കുകളെ ബാധിക്കും. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം ഉയര്‍ന്ന പലിശനിരക്കിലേക്ക് നയിച്ചേക്കാം. അതേസമയം, സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍ വായ്പ പലിശ നിരക്ക് കുറയും.