'പലിശ രാജ്', ബാങ്കുകള്‍ വായ്പാ തുക കുറയ്ക്കുന്നു, ഭവന വായ്പ എളുപ്പമല്ല
മാസത്തിരിച്ചടവില്‍ 4,388 രൂപയുടെ വര്‍ധന. ഒരു വര്‍ഷം അയാള്‍ അധികമായി കണ്ടെത്തേണ്ട തുക 52,656 രൂപ വരും.
കഴിഞ്ഞ ഒരു വര്‍ഷമായി കുതിച്ചുയരുന്ന പലിശ നിരക്കില്‍ നിങ്ങളുടെ വായ്പാ യോഗ്യതയും വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മേയ്മാസം മുതല്‍ ഇങ്ങോട്ട് പല തവണ വര്‍ധന വരുത്തിയതിനെ തുടര്‍ന്ന് റിപ്പോ നിരക്ക് 6.5 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. 2.5 ശതമാനമാണ് ഒരു വര്‍ഷത്തിനുള്ളില്‍ നിരക്ക് ഉയര്‍ത്തിയത്. ഇതാകട്ടെ ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവയിലേക്ക് ബാങ്കുകള്‍ അപ്പപ്പോള്‍ വ്യാപിപ്പിക്കുന്നുമുണ്ട്. അതായത,് കഴിഞ്ഞ വര്‍ഷം ഇതേ സമയം നിങ്ങളുടെ വായ്പകള്‍ക്ക് എത്ര പലിശ നിരക്ക് ബാധകമായിരുന്നോ അതിലും ചുരുങ്ങിയത് 2.5 ശതമാനമെങ്കിലും വര്‍ധന വരുത്തിയിട്ടുണ്ട്.
ഇഎം ഐ കുതിച്ചുയര്‍ന്നു
ഇതനുസരിച്ച് ഇഎം ഐ അടവിലും വലിയ തോതില്‍ വ്യത്യാസം വന്നിട്ടുണ്ട്. ഉദാഹരണത്തിന് 30 വര്‍ഷത്തേയ്ക്ക് 25 ലക്ഷം രൂപയുടെ ഭവന വായ്പ എടുത്ത ഒരാള്‍( ക്രെഡിറ്റ് സ്‌കോര്‍ 720-750) കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ശരാശരി 7 ശതമാനം പലിശ നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇത് 9.5 ശതമാനമായി കുതിച്ചുയര്‍ന്നു. കഴിഞ്ഞ വര്‍ഷം അയാളുടെ ഇഎം ഐ 16,633 രൂപയായിരുന്നു എങ്കില്‍ ഈ വര്‍ഷം അയാള്‍ അടയ്‌ക്കേണ്ട തുക 21,021 ആയി ഉയരും. അതായത് മാസത്തിരിച്ചടവില്‍ 4,388 രൂപയുടെ വര്‍ധന. ഒരു വര്‍ഷം അയാള്‍ അധികമായി കണ്ടെത്തേണ്ട തുക 52,656 രൂപ വരും.എന്നാല്‍ സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നതിനാല്‍ വരുമാന വര്‍ധന ഇക്കാലയളവില്‍ ഉണ്ടാകാനും ഇടയില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ വളരെ നാമമാത്രവുമാകും.
15-20 ശതമാനം തുക കുറയും
ഇത്തരം കേസുകളില്‍ പുതിയ വായ്പകള്‍ക്കായി സമീപിക്കുന്നവര്‍ക്ക് വായ്പാ യോഗ്യതയുടെ കാര്യത്തിലും കുതിച്ചുയരുന്നു പലിശ നിരക്ക് കൂനിന്‍മേല്‍ കുരുവാകും. പണപ്പെരുപ്പം നിയന്ത്രിക്കാനായി ഇനിയും റിപ്പോയില്‍ വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ രണ്ടര ശതമാനം പലിശ നിരക്ക് കൂടിയാല്‍ തന്നെ ഒരാളുടെ വായ്പാ യോഗ്യതയില്‍ 15 മുതല്‍ 20 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍. അതായത്, ശമ്പള വരുമാനം അടക്കം പരിഗണിച്ച് മുമ്പ് 30 ലക്ഷം രൂപ വായ്പ ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്ന ഒരാള്‍ക്ക് ഇന്ന് ഇതില്‍ 6 ലക്ഷം രൂപ വരെ കുറയാം. 24 ലക്ഷം കൊണ്ട് അയാള്‍ തൃപ്തിപെടേണ്ടി വരും.
ചെലവ് ഏറുന്നു
നിര്‍മാണ സമഗ്രികളുടെ വില കയറിയതിനാല്‍ 15 ശതമാനത്തില്‍ ഏറെയാണ് വീട് നിര്‍മാണ ചെലവിലെ വര്‍ധന. ആ സമയത്താണ് ലോണ്‍ തുക കുറയുന്നത് എന്നത് പുതിയ വായ്പ എടുത്ത് വീട് വയ്ക്കാന്‍ ആലോചിക്കുന്നവര്‍ക്ക് വലിയ പ്രതിസന്ധിയാകും. നിലവിലെ വരുമാനം കണക്കാക്കി തിരിച്ചടവ് ഇഎം ഐ നിശ്ചയിക്കുക എന്നതാണ് ബാങ്കുകളുടെ രീതി. പലിശ നിരക്ക് കൂടിയതിനാല്‍ ഉയര്‍ന്ന ഇ എം ഐ അടയ്‌ക്കേണ്ടി വരുമ്പോള്‍ മൊത്തം വായ്പാ തുക കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും. ഇതാണ് പ്രതിസന്ധിയാകുന്നത്.