കാർ വായ്പ എടുക്കും മുമ്പ് … പലിശ നിരക്കുൾപ്പെടെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
- വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ അറിഞ്ഞിരിക്കണം
- കൃത്യമായി പ്രതിമാസ അടവുകൾ നടത്തുമ്പോൾ ആ വ്യക്തിയുടെ ക്രെഡിറ്റ് ഹിസ്റ്ററി മെച്ചപ്പെടുന്നു
- കാര് ലോൺ ബാധ്യത ആവരുത്
വാഹനങ്ങളോട് കമ്പമുള്ളവർക്കു പുതിയ വാഹനങ്ങളുടെ വില കൂടിയ മോഡലുകൾ കാണുമ്പോൾ സ്വന്തമാക്കാനുള്ള അതിയായ ആഗ്രഹം സ്വാഭാവികമാണ്. അതിനു കാർ വായ്പ വളരെ അധികം സഹായിക്കുമെന്നതിൽ സംശയമില്ല. സാധാരണക്കാരനെ സംബന്ധിച്ച് പിന്നീട് ഇത് വലിയ ഒരു ബാധ്യത ആയി മാറാം.
ഒരു ആവേശത്തിന്റെ പുറത്തു പലിശയെ പറ്റിയോ പ്രതിമാസ അടവുകളെ പറ്റിയോ ചിന്തിക്കാതെ വാഹന വായ്പ എടുത്ത് ഇഷ്ടപ്പെട്ട ആഡംബര വാഹനം സ്വന്തമാക്കും. പിന്നീട് ഇവർ കടക്കെണിയിൽ പെട്ട് ഉഴലുകയും സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാവുകയും ചെയ്യും. ഒരു കാർ ലോൺ എടുക്കുന്നതിനും മുമ്പ് അതിന്റെ എല്ലാ വശങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്.
വിവിധ ബാങ്കുകൾക്ക് വിവിധ നിരക്കുകൾ
എല്ലാ ബാങ്കുകളും കാർ വായ്പക്ക് ഒരേ പലിശ നിരക്ക് ഈടാക്കുന്നില്ല.പലിശ നിരക്കിലുള്ള ചെറിയ വ്യത്യാസങ്ങൾ പോലും അടക്കുന്ന മൊത്തം തുകയിൽ വലിയ വ്യത്യാസം വരുത്തും.7 വർഷത്തെ കാലാവധിയിൽ 10 ലക്ഷം രൂപയുടെ കാർ വായ്പ എടുക്കുമ്പോൾ വ്യത്യസ്ത ബാങ്കുകളിൽ നിലവിൽ ഉള്ള പലിശ നിരക്കുകളും പ്രതിമാസ അടവുകളും പരിശോധിക്കേണ്ടതുണ്ട്.
കാർ വായ്‌പ എടുക്കുന്നത് കൊണ്ടുള്ള പ്രധാന മെച്ചങ്ങൾ എന്താണെന്നു നോക്കാം
മുഴുവൻ തുക മുൻകൂറായി നൽകേണ്ടതില്ല
മുഴുവൻ തുകയും മുൻകൂറായി നൽകാതെ തന്നെ ഇഷ്ട വാഹനം സ്വന്തമാക്കാൻ നിങ്ങളെ പ്രാപ്തമാകുന്നു. കാര്യമായ സമ്പാദ്യം ഇല്ലെങ്കിൽ പോലും സ്വന്തം ആവശ്യത്തിന് ഉപകരിക്കുന്ന വാഹനം സ്വന്തമാക്കാൻ സാധിക്കുന്നു.എന്നാൽ ഒരു കാര് വാങ്ങുമ്പോൾ 10 മുതൽ 20 ശതമാനം വരെ ഡൌൺ പേയ്‌മെന്റ് നൽകേണ്ടി വരും.
ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താം
ഒരു കാര് ലോൺ എടുത്തു കൃത്യമായി പ്രതിമാസ അടവുകൾ നടത്തുമ്പോൾ ആ വ്യക്തിയുടെ ക്രെഡിറ്റ് ഹിസ്റ്ററി മെച്ചപ്പെടുന്നു. ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നതിലൂടെ ഭാവിയിലെ ഏതെങ്കിലും തരത്തിലുള്ള ബിസിനസ് വായ്പകൾക്കോ മറ്റോ അപേക്ഷിക്കുമ്പോൾ ഇത് വളരെ സഹായിക്കും
വിവിധ പേയ്‌മെന്റ് ഓപ്ഷനുകൾ
വായ്പാ എടുക്കുന്ന ആളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വിവിധ തരത്തിലുള്ള പ്രതിമാസതവണ വ്യവസ്ഥകൾ ലഭ്യമാണ് .കാലാവധി കൂട്ടി പ്രതിമാസ തവണ കുറക്കാൻ സാധിക്കും
ഇഷ്ട വാഹനം സ്വന്തമാക്കാൻ കാര് വായ്പ സഹായിക്കുമെങ്കിലും വായ്പ എടുക്കുമ്പോൾ ചില കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്
പലിശ അടക്കം വലിയ തുക അടക്കണം
വായ്പ എടുത്തു കാലക്രമേണ പലിശ അടക്കം കാറിന്റെ യഥാർത്ഥ വിലയേക്കാൾ വളരെ വലിയ ഒരു തുക നമ്മൾ അടക്കേണ്ടി വരുന്നു. ഇത് കണക്കുകൂട്ടുമ്പോൾ സാമാന്യം വലിയ ഒരു തുക തന്നെ പലിശയിനത്തിൽ അടക്കേണ്ടി വരുന്നതായി കാണാം.
വാഹനങ്ങളുടെ മൂല്യം കുറയുന്നു
സാധാരണയായി മിക്ക വാഹനങ്ങളുടെയും മൂല്യം കാലക്രമേണ കുറയുകയാണ് ചെയ്യുക. ഭൂരിഭാഗം വാഹനങ്ങളും മൂല്യവര്ധനവ് ഉണ്ടാവുന്ന ഉത്പന്നങ്ങളിൽ ഉൾപ്പെട്ടവയല്ല . വായ്പ അടച്ചുകൊണ്ടിരിക്കുമ്പോൾ വരുന്ന കുടിശിക കാറിന്റെ അപ്പോഴത്തെ മൂല്യത്തേക്കാൾ വളരെ കൂടുതലായിരിക്കും
പ്രതിമാസ ബജറ്റിനെ ബാധിക്കുന്നു
ഒരു കാര് വായ്പ എടുക്കും മുമ്പ് മറ്റു പ്രതിമാസ ചെലവുകളും കണക്കാക്കേണ്ടതാണ്. പ്രതിമാസ അടവുകൾ മുടങ്ങുന്നത് നമ്മുടെ ക്രെഡിറ്റ് സ്കോർ കുറക്കുകയും ഭാവിയിൽ വായ്പ എടുക്കുമ്പോൾ അതിനെ ബാധിക്കുകയും ചെയ്യാം.വാഹനങ്ങൾ വായ്പ ദാതാവ് തിരിച്ച് പിടിക്കാനും ഇടയാക്കും.
അടവ് തീരാതെ വിൽക്കേണ്ടി വരുമ്പോൾ
ഒരു കാര് വായ്പ എടുത്തു കഴിഞ്ഞാൽ വായ്പാ ദാതാവിന്റെ നിബന്ധനകൾക്കും വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്. വായ്പ പൂർണമായും അടച്ചു തീരുന്നത് വരെ കാറിന്റെ ഉടമസ്ഥാവകാശം കൈമാറുമ്പോൾ ചാർജുകൾ ഈടാക്കാം.