ആര്‍ബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചതിനു പിന്നാലെ രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം അവരുടെ ഭവന വായ്പ പലിശ നിരക്കും ഉയര്‍ത്താനാരംഭിച്ചു. എച്ച്ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക് എന്നിവയെല്ലാം അവരുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറാ ബാങ്ക് എന്നിവരും അവരുടെ പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്ക്
പഞ്ചാബ് നാഷണല്‍ ബാങ്ക് റിപ്പോ ലിങ്ക്ഡ് ഭവന വായ്പ നിരക്ക് 35 ബേസിസ് പോയിന്റാണ് വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ ലിങ്ക്ഡ് വായ്പ നിരക്ക് (ആര്‍ എല്‍ എല്‍ ആര്‍) 8.40 ശതമാനത്തില്‍ നിന്നും 8.75 ശതമാനമായി. ഒപ്പം 25 ബേസിസ് പോയിന്റ് സ്‌പ്രെഡ് കൂടി ചേര്‍ക്കും. ഇതോടെ ബാങ്കിന്റെ ഭവന വായ്പ പലിശ നിരക്ക് 8.65 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി. ഡിസംബറിലെ വര്‍ധനയ്ക്ക് മുമ്പ് ഇത് 8.65 ശതമാനമായിരുന്നു. വര്‍ധന ഡിസംബര്‍ എട്ടു മുതല്‍ പ്രാബല്യത്തില്‍ വന്നു.
കനറ ബാങ്ക്
ഡിസംബര്‍ 7 മുതല്‍ ബാങ്കിന്റെ ആര്‍എല്‍എല്‍ആര്‍ 8.80 ശതമാനമാണെന്ന് വെബ്സൈറ്റില്‍ അറിയിച്ചു. ഇതോടെ ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക് പ്രതിവര്‍ഷം 8.55 ശതമാനം മുതല്‍ 10.80 ശതമാനം വരെയാണ്. സിബില്‍ സ്‌കോര്‍ ഉയര്‍ന്നവര്‍ക്ക് ഡിസംബര്‍ 31 വരെ 25 ബേസിസ് പോയിന്റ് പലിശയില്‍ ഇളവ് ബാങ്ക് നല്‍കുന്നുണ്ട്. കൂടാതെ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 8.55 ശതമാനവും മറ്റുള്ളവര്‍ക്ക് 8.60 ശതമാനവുമാണ് പലിശ നിരക്ക്.