യുപിഐ ലൈറ്റിലൂടെ ഇനി 500 രൂപയുടെ വരെ ഇടപാട് നടത്താം

  • 2022 സെപ്റ്റംബറിലാണ് നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ യുപിഐ ലൈറ്റ് അവതരിപ്പിച്ചത്
  • ഗൂഗിള്‍പേ, ഫോണ്‍പേ എന്നിവയും യുപിഐ ലൈറ്റ് സേവനം നല്‍കുന്നുണ്ട്

Update: 2023-08-10 10:12 GMT

യുപിഐ ലൈറ്റിലൂടെ ഇനി 500 രൂപയുടെ വരെ ഇടപാട് നടത്താം. പണനയ അവലോകന യോഗത്തിനുശേഷം ആര്‍ബിഐ ഗവര്‍ണറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 സെപ്റ്റംബറിലാണ് നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ യുപിഐ ലൈറ്റ് അവതരിപ്പിച്ചത്. യുപിഐ ലൈറ്റിലൂടെ 200 രൂപയുടെ ഇടപാടുകള്‍ മാത്രമായിരുന്നു സാധിച്ചിരുന്നത്. അതാണ് ഇപ്പോള്‍ 500 ആയി ഉയര്‍ത്തിയിരിക്കുന്നത്.

അതിനൊപ്പം ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിലും ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) സാങ്കേതിക വിദ്യ എന്‍പിസിഐ ഉടനെ അവതരിപ്പിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി.മപുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, യുപിഐയില്‍ 'സംഭാഷണം അടിസ്ഥാനമാക്കി പേയ്‌മെന്റുകള്‍' അവതരിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇതുവഴി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവര്‍ സിസ്റ്റങ്ങളുമായി ഉപഭോക്താക്കള്‍ക്ക് സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി.

എന്താണ് യുപിഐ

യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് അഥവാ യുപിഐ എന്നത് ഇന്ത്യയില്‍ കുറച്ചു നാളുകളായി ഉപയോഗത്തിലുള്ള പണമിടപാട് പ്ലാറ്റ്‌ഫോമാണ്. നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചത്. ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസിന്റെ പിന്തുണയോടെ 24 മണിക്കൂറും പണം കൈമാറാനുള്ള സൗകര്യമാണ് ഇത് നല്‍കുന്നത്. ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു സ്മാര്‍ട്‌ഫോണ്‍, യുപിഐ വഴി പണം അയക്കാനാവശ്യമായ വിര്‍ച്വല്‍ ഐഡി എന്നിവയുണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് വിര്‍ച്വല്‍ ഐഡി, ഐഎഫ്‌സി കോഡ്, ആധാര്‍ നമ്പര്‍, ക്യുആര്‍ കോഡ് സ്‌കാനിംഗ് എന്നിങ്ങനെയുള്ള ഏതെങ്കിലും മാര്‍ഗത്തിലൂടെ യുപിഐ ഉപയോഗിച്ച് പണം അയക്കാം.

യുപിഐ പിന്‍

യുപിഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തണമെങ്കില്‍ യുപിഐ പിന്‍ (പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) അത്യാവശ്യമാണ്. നാല് മുതല്‍ ആറ് വരെയാണ് സാധാരണയായി പിന്‍ നമ്പര്‍. യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ഈ പിന്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്. 

എന്താണ് യുപിഐ ലൈറ്റ് ?

യുപിഐ പിന്‍ നമ്പര്‍ ഇല്ലാതെ ഉപയോഗിക്കാം എന്നതാണ് യുപിഐ ലൈറ്റിന്റെ സവിശേഷത. യുപിഐ ലൈറ്റ് ആദ്യം ഭീം ആപ്പില്‍ മാത്രമാണ് ലഭ്യമായിരുന്നത്. ഇപ്പോള്‍ ഗൂഗിള്‍പേ, ഫോണ്‍പേ എന്നിവയും യുപിഐ ലൈറ്റ് സേവനം നല്‍കുന്നുണ്ട്്. ആക്‌സിസ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്, യൂക്കോ ബാങ്ക് ഓഫ് ഇന്ത്യ കനറ ബാങ്ക്, എച്ചഡിഎഫ്‌സി ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ്് സിന്ധ് ബാങ്ക്, എസ്ബിഐ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, പേടിഎം പേമെന്റ്‌സ് ബാങ്ക് എന്നിവയെല്ലാം യുപിഐ ലൈറ്റ് സേവനം ലഭ്യമാക്കുന്നുണ്ട്.

യുപിഐ ലൈറ്റ് ഇടപാട് പരിധി

വലിയ ഇടപാടുകള്‍ക്കായല്ല യുപിഐ ലൈറ്റ് രൂപീകരിച്ചിരിക്കുന്നത്. യുപിഐ ലിമിറ്റിന്റെ ഇടപാട് പരിധി 200 രൂപയായിരുന്നു. ഇപ്പോഴത് 500 ആയി ഉയര്‍ത്തി. യുപിഐ ലൈറ്റിലെ ഇടപാടുകള്‍ക്ക് യുപിഐ പിന്‍ നമ്പര്‍ ആവശ്യമില്ല. 2000 രൂപയാണ് യുപിഐ ലൈറ്റിലെ ബാലന്‍സ് തുകയുടെ പരിധി.

ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള യുപിഐ ആപ്പില്‍ യുപിഐ ലൈറ്റ് ഉപയോഗിക്കാം. അതിന് ആപ്പിന്റെ ഹോം സ്‌ക്രീനിലുള്ള യുപിഐ ലൈറ്റ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ മതി. അതിനുശേഷം ഉപഭോക്താവിന് യുപിഐ ലൈറ്റിലേക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം ആഡ് ചെയ്യാം. അതിനുശേഷം യുപിഐ പിന്‍ നമ്പര്‍ കൂടി നല്‍കിയാല്‍ യുപിഐ ലൈറ്റ് ആക്ടീവാകും.

Tags:    

Similar News