സ്വര്‍ണ ബോണ്ടുകളില്‍ ഇന്നുമുതല്‍ നിക്ഷേപിക്കാം, ഗ്രാമിന് 5,923 രൂപ

  • സബ്‌സ്‌ക്രിപ്ഷന്‍ സെപ്റ്റംബര്‍ 15 ന് അവസാനിക്കും.
  • ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവുണ്ട്.

Update: 2023-09-11 09:00 GMT

സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതിയുടെ 2023-24 ലെ രണ്ടാമത്തെ ഘട്ടത്തില്‍ ഇന്നുമുതല്‍ നിക്ഷേപിക്കാം. സബ്‌സ്‌ക്രിപ്ഷന്‍ സെപ്റ്റംബര്‍ 15 ന് അവസാനിക്കും. ഇഷ്യു വില ഗ്രാമിന് 5,923 രൂപയാണ്. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ ഇളവുണ്ട്. ആര്‍ബിഐയാണ് സര്‍ക്കാരിനു വേണ്ടി സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ട് പുറത്തിറക്കുന്നത്.

സബ്‌സ്‌ക്രിപ്ഷന്‍ കാലയളവിന് മുമ്പുള്ള ആഴ്ച്ചയിലെ അവസാന മൂന്ന് പ്രവൃത്തി ദിവസങ്ങളില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ 999 പരിശുദ്ധിയുള്ള സ്വര്‍ണ്ണത്തിന്റെ വില അടിസ്ഥാനമാക്കിയാണ് സ്വര്‍ണ ബോണ്ടിന്റെ വില നിശ്ചയിക്കുന്നത്. ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ലറി അസോസിയേഷന്‍ എന്നിവ പ്രസിദ്ധീകരിക്കുന്ന വില അടിസ്ഥാനമാക്കിയാണ് ഇത് നിശ്ചയിക്കുന്നത്.

എങ്ങനെ എസ്ജിബി വാങ്ങിക്കാം

ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്എച്ച്‌സിഐഎല്‍), ക്ലിയറിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (സിസിഐഎല്‍), നിര്‍ദ്ദിഷ്ട പോസ്‌റ്റോഫീസുകള്‍, അംഗീകൃത ഓഹരി വിപണികള്‍ എന്നിവടങ്ങളില്‍ നിന്നും സ്വര്‍ണ ബോണ്ടുകള്‍ വാങ്ങാം.

2023-24 സാമ്പത്തിക വര്‍ഷത്തിലെ സ്വര്‍ണ ബോണ്ടിന്റെ ആദ്യ ഇഷ്യു 2023 ജൂണ്‍ 19 മുതല്‍ 23 വരെയായിരുന്നു.സ്വര്‍ണ ബോണ്ടില്‍ നിക്ഷേപിക്കുന്നിതനും യഥാര്‍ത്ഥ സ്വര്‍ണം വാങ്ങുന്നതിന് സമാനമായ രീതിയില്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതായുണ്ട്. സ്വര്‍ണ ബോണ്ടുകള്‍ ഈടായി വെച്ച് വായ്പ എടുക്കാന്‍ സാധിക്കും. 2015 ലാണ് സര്‍ക്കാര്‍ സോവ്‌റിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി ആരംഭിച്ചത്. ഭൗതികമായി സ്വര്‍ണ്ണം വാങ്ങുന്നത് കുറയ്ക്കുക, സമ്പാദ്യമായി സ്വര്‍ണ്ണം വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാമാണ് സ്വര്‍ണ്ണ ബോണ്ട് പദ്ധതിയുടെ ലക്ഷ്യം.

Tags:    

Similar News