ലോകക്കപ്പ് ക്രിക്കറ്റിന് ഷെഡ്യൂളായി; മത്സരം 12 ഇന്ത്യന്‍ നഗരങ്ങളില്‍

  • ജി20-യും ലോകക്കപ്പും മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയില്‍ ടൂറിസം
  • ആറെണ്ണം ഒഴികെ എല്ലാ മത്സരങ്ങളും ഡേ നൈറ്റ്
  • ഇന്ത്യ ലോകക്കപ്പിന് വേദിയാകുന്നത് നാലാം തവണ

Update: 2023-06-27 09:17 GMT

ഇന്ത്യയുടെ ആതിഥേയത്വത്തില്‍ നടക്കുന്ന നാലാമത് ലോകക്കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ ഫിക്സ്ചര്‍ ഐസിസിയും ബിസിസിഐയും പുറത്തിറക്കി. ഒക്റ്റോബര്‍ 5ന് അഹമ്മദാബാദില്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ ആരംഭിക്കുന്ന ടൂര്‍ണമെന്‍റില്‍ 10 ഇന്ത്യന്‍ നഗരങ്ങളില്‍ മത്സരം നടക്കും. തിരുവനന്തപുരം ഉള്‍പ്പടെയുള്ള 2 നഗരങ്ങളില്‍ സന്നാഹ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഫൈനല്‍ മത്സരവും അഹമ്മദാബാദിലാണ് നടക്കുക, നവംബര്‍ 19നാണ് ഫൈനല്‍.

സെമി ഫൈനലുകള്‍ നവംബര്‍ 15 , നവംബര്‍ 16 തീയതികളിലായി മുംബൈ,  കൊല്‍ക്കട്ട എന്നിവിടങ്ങളിലായി നടക്കും. ഒക്റ്റോബര്‍ 8ന് ചെന്നൈയില്‍ ഓസ്ട്രേലിയയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആരാധകര്‍ ഏറെയെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരവും അഹമ്മദാബാദിലാണ് നടക്കുന്നത്, ഒക്റ്റോബര്‍ 15നാണ് ഈ മത്സരം. 

ജി20 , ലോകക്കപ്പ് ക്രിക്കറ്റ് എന്നീ വന്‍ അന്താരാഷ്ട്ര ഇവന്‍റുകള്‍ക്ക് ഒരു വര്‍ഷം തന്നെ രാജ്യം ആതിഥേയത്വം വഹിക്കുന്നതിലൂടെ മികച്ച അവസരങ്ങള്‍ ടൂറിസം മേഖലയില്‍ സൃഷ്ടിക്കപ്പെടും. കൊറോണയ്ക്ക് ശേഷം ഏറ്റവും ശക്തമായ വീണ്ടെടുപ്പ് നടത്താന്‍ ഈ അവസരം സഹായമാകുമെന്നാണ് ഈ മേഖലയിലെ പ്രമുഖര്‍ പ്രതീക്ഷിക്കുന്നത്. 10 മുഖ്യവേദികളില്‍ 9 ഇടത്തും ഇന്ത്യയുടെ ലീഗ് മത്സരങ്ങള്‍ നടക്കുന്നു. പത്ത് ടീമുകളിൽ മത്സരങ്ങള്‍ക്കായി ഏറ്റവും കൂടുതൽ യാത്ര ചെയ്യേണ്ടി വരിക ഇന്ത്യന്‍ ടീമിനായിരിക്കും. 

"ഇന്ത്യക്ക് അഭിമാന നിമിഷം! നാലാം തവണയും ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് വലിയ ബഹുമതിയാണ്. 12 നഗരങ്ങളിലൂടെ, നമ്മളുടെ സമ്പന്നമായ വൈവിധ്യവും ലോകോത്തര ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണിത്. അവിസ്മരണീയമായ ഒരു ടൂർണമെന്റിന് തയ്യാറാകൂ!,"ബിസിസിഐ പ്രസിഡന്‍റ് ജയ് ഷാ പറഞ്ഞു. തിരുവനന്തപുരത്തും ഗുവാഹത്തിയിലുമാണ് സന്നാഹമത്സരങ്ങള്‍ നടക്കുന്നത്. രാജ്യത്തിന്‍റെ ടൂറിസം മേഖലയ്ക്കും ലോക ക്രിക്കറ്റ് മാമാങ്കം മുതല്‍ക്കൂട്ടാകുമെന്നാണ് കണക്കാക്കുന്നത്.



ടൂർണമെന്റ് ആരംഭിക്കുന്നതിന് 100 ദിവസങ്ങൾ മാത്രം ശേഷിക്കെയാണ്, ഇന്ന് മുംബൈയിൽ നടന്ന ചടങ്ങില്‍ ലോകകപ്പ് ഷെഡ്യൂൾ  പുറത്തിറക്കിയത്. താരതമ്യപ്പെടുത്തുമ്പോൾ, 2019-ൽ ഇംഗ്ലണ്ടിലും വെയിൽസിലും നടന്ന ലോകകപ്പിന്റെയും 2015-ൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി നടന്ന ലോകകപ്പിന്റെയും ഫിക്‌ചറുകൾ 12 മാസത്തിലേറെ മുമ്പേ പുറത്തുവിട്ടിരുന്നു.

അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, ധർമ്മശാല, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, പൂനെ എന്നിവിടങ്ങളിലായി 46 ദിവസ കാലയളവില്‍ 45 ലീഗ് മത്സരങ്ങളും മൂന്ന് നോക്കൗട്ട് മത്സരങ്ങളും ഈ ലോകക്കപ്പില്‍ നടക്കും. രണ്ട് സെമിഫൈനലുകൾക്കും ഫൈനൽ മത്സരങ്ങൾക്കും മുമ്പായി വിശ്രമത്തിനുള്ള റിസർവ് ദിവസങ്ങളുണ്ട്. ആറ് ലീഗ് മത്സരങ്ങള്‍ ഇന്ത്യൻ സമയം രാവിലെ 10:30നാണ് ആരംഭിക്കുന്നത്. മറ്റെല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:00 മണിക്ക് ആരംഭിക്കുന്ന ഡേ-നൈറ്റ് ഗെയിമുകളായിരിക്കുമെന്നും ഫിക്സ്ചര്‍ വ്യക്തമാക്കുന്നു. 

10 ടീമുകള്‍ പങ്കെടുക്കുന്ന ലോകക്കപ്പിന് ആതിഥേയര്‍ എന്ന നിലയില്‍ ഇന്ത്യ നേരിട്ട് യോഗ്യത നേടി. അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. നിലവില്‍ സിംബാബ്‌വെയിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നിന്ന് ശേഷിക്കുന്ന രണ്ട് ടീമുകളെ കണ്ടെത്തും. ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, അയർലൻഡ്, നേപ്പാൾ, നെതർലൻഡ്‌സ്, ഒമാൻ, സ്‌കോട്ട്‌ലൻഡ്, യുഎഇ, യുഎസ്എ, സിംബാബ്‌വെ എന്നീ ടീമുകളാണ് ഇതിനായി മത്സരിക്കുന്നത്. 

Tags:    

Similar News