വായ്പാ തിരിച്ചടവിൽ സർവകാല റെക്കോർഡുമായി വനിതാ വികസന കോർപറേഷൻ

Update: 2025-04-07 09:26 GMT
womens development corporation sets all-time record in loan repayments
  • whatsapp icon

വായ്പാ തിരിച്ചടവിൽ സംസ്ഥാന വനിതാ വികസന കോർപറേഷൻ മികച്ച നേട്ടം കൈവരിച്ചതായി ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. 2024-25 സാമ്പത്തിക വർഷത്തിൽ 267 കോടി രൂപ വനിതാ സംരംഭകർ തിരിച്ചടച്ചു. ഇത് സർവകാല റെക്കോഡാണ്. 333 കോടി രൂപയാണ് കോർപറേഷൻ 2024-25 സാമ്പത്തിക വർഷത്തിൽ വായ്പ നൽകിയത്. 2023-24 സാമ്പത്തിക വർഷത്തിൽ 214 കോടി രൂപയായിരുന്നു തിരിച്ചടവായി ലഭിച്ചത്. ഇതിലൂടെ കൂടുതൽ പേർക്ക് വായ്പ ലഭ്യമാക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലാണ് വനിതാ വികസന കോർപറേഷൻ പ്രവർത്തിക്കുന്നത്. സൂക്ഷ്മ, ചെറുകിട സംരംഭ മേഖലയിലെ വനിതാ സംരംഭകർക്ക് 30 ലക്ഷം രൂപ വരെ 6 ശതമാനം പലിശ നിരക്കിൽ കോർപറേഷൻ വായ്പയായി നൽകുന്നുണ്ട്. സ്ത്രീകൾക്കും സ്വയംസഹായ സംഘങ്ങൾക്കുമാണ് വായ്പ ലഭിക്കുന്നത്. സംരംഭത്തിന്റെ പ്രാരംഭഘട്ടം മുതൽ എല്ലാ കാര്യങ്ങളിലും കോർപറേഷൻ കൃത്യമയി മാർഗനിർദ്ദേശങ്ങൾ നൽകുകയും പരിശീലന പരിപാടികൾ നടത്തുകയും ചെയ്യാറുണ്ട്.

വായ്പാ ഗുണഭോക്താക്കൾക്ക് കുടിശിക തീർപ്പാക്കുന്നതിന് നാല് സ്‌കീമുകൾ കോർപറേഷനിൽ നിലവിലുണ്ട്. കോർപ്പറേഷനിൽ നിലവിലുള്ള മൂന്ന് വർഷം കഴിഞ്ഞതും കുടിശികയുള്ളതുമായ ഫയലുകളിൽ 50 ശതമാനം പിഴപലിശ ഒഴിവാക്കികൊണ്ട് പലിശയും ബാക്കി നിൽക്കുന്ന 50 ശതമാനം പിഴപ്പലിശയും ഒറ്റത്തവണയായി അടച്ചു തീർക്കുന്നവർക്ക് ബാക്കി വരുന്ന മുതൽതുക പുതിയ വായ്പയായി അനുവദിക്കും. നിലവിൽ വായ്പാ കാലാവധി തീരാൻ 6 മാസം വരെ കുടിശികയുള്ള ഗുണഭോക്താവ് 50 ശതമാനം പിഴപ്പലിശ ഇളവോടെ വായ്പ അടച്ചുതീർക്കുമ്പോൾ ഗുണഭോക്താക്കൾക്ക് അടുത്ത വായ്പ അനുവദിക്കുന്നതിന് മുൻഗണനയും ലഭിക്കും.

Tags:    

Similar News