ആള്‍ട്ട്മാനെ പുറത്താക്കല്‍: ഓപ്പണ്‍ എഐയുടെ ഭാവി ഇനി എന്താകും ?

എഐ എഞ്ചിനീയറിംഗ് രംഗത്തുള്ളവര്‍ക്ക് വലിയൊരു പ്രതീക്ഷ നല്‍കാന്‍ ആള്‍ട്ട്മാന് സാധിച്ചു

Update: 2023-11-18 09:32 GMT

നവംബര്‍ 17 വെള്ളിയാഴ്ച സാം ആള്‍ട്ട്മാനെ ഓപ്പണ്‍ എഐ സിഇഒ സ്ഥാനത്തുനിന്നും പുറത്താക്കിയ വാര്‍ത്ത സിലിക്കണ്‍വാലിയില്‍ ഉടനീളമുള്ള മുന്‍നിര നിക്ഷേപകരെയും സ്റ്റാര്‍ട്ടപ്പുകളെയും ഞെട്ടിച്ച ഒരു കാര്യമായിരുന്നു. 

ടെക് ലോകത്ത് ഭാവി വാഗ്ദാനമെന്നു വിശേഷിപ്പിക്കുന്ന സ്ഥാപനത്തെ അനിശ്ചിതത്വത്തിലേക്ക് തള്ളി വിടുകയും ചെയ്തു ആ വാര്‍ത്ത. സ്റ്റാര്‍ട്ടപ്പുകളുടെ ഒരു ശ്രേണിയെ പിന്തുണയ്ക്കുകയും അതിന്റെ ഭാഗമാവുകയും ചെയ്യുന്ന വ്യക്തിയാണ് ആള്‍ട്ട്മാന്‍. ടെക് ലോകത്ത് ഒരു വലിയ സാന്നിധ്യമാണ് ഇന്ന് ആള്‍ട്ട്മാന്‍. എഐയുടെ മുന്‍നിര അംബാസഡര്‍ കൂടിയാണ് അദ്ദേഹം. അത്തരത്തിലൊരു വ്യക്തിയുടെ പുറത്താകല്‍ പലര്‍ക്കും വിശ്വസിക്കാന്‍ പോലും സാധിക്കുന്നില്ല.

ലാഭേതര സ്ഥാപനമെന്ന നിലയില്‍ 2015-ലാണ് ഓപ്പണ്‍ എഐ പ്രവര്‍ത്തനം ആരംഭിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാ മനുഷ്യരാശിക്കും പ്രയോജനപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നതായിരുന്നു പ്രധാന ദൗത്യം.

സ്ഥാപനം തുടക്കം കുറിച്ചപ്പോള്‍ ഇലോണ്‍ മസ്‌ക് സാമ്പത്തിക സഹായവും നല്‍കിയിരുന്നു.

ഓപ്പണ്‍ എഐക്ക് തുടക്കം കുറിക്കാന്‍ സാം ആള്‍ട്ട്മാനോടൊപ്പം മസ്‌ക് ഉള്‍പ്പെടെയുള്ളവരുണ്ടായിരുന്നു.

ഗ്രെഗ് ബ്രോക്ക്മാന്‍, റെയ്ഡ് ഹോഫ്മാന്‍, ജെസിക്ക ലിവിങ്സ്റ്റണ്‍, പീറ്റര്‍ തിയേല്‍, ഇല്യ സുറ്റ്‌സ്‌കെവര്‍, ട്രെവര്‍ ബ്ലാക്ക് വെല്‍, വിക്കി ചെയുങ്, ആന്‍ഡ്രേ കാര്‍പതി, ഡര്‍ക്ക് കിങ്മ, ജോണ്‍ ഷുള്‍മാന്‍, പമേല വഗാറ്റ, വൊസേക്ക് സറെംബ തുടങ്ങിയവരാണ് ഓപ്പണ്‍ എഐയുടെ സഹസ്ഥാപകര്‍.

അഭിപ്രായ വ്യത്യാസം വില്ലനായോ ?

ഓപ്പണ്‍ എഐയുടെ സ്ഥാപകരില്‍ ഒരാളായിരുന്നു ഇലോണ്‍ മസ്‌ക്. സമീപകാലത്ത് അദ്ദേഹം ഓപ്പണ്‍ എഐയില്‍ നിന്നും രാജിവച്ചു. അദ്ദേഹം കാരണമായി പറഞ്ഞത് ലാഭേതര സ്ഥാപനമായി പ്രവര്‍ത്തനം ആരംഭിച്ച ഓപ്പണ്‍ എഐ ഇപ്പോള്‍ ലാഭത്തിനു പിന്നാലെ പോകുന്നെന്ന് ആരോപിച്ചായിരുന്നു.

2015-ല്‍ ലാഭേതര സ്ഥാപനമായ തുടങ്ങിയ ഓപ്പണ്‍ എഐയെ 2018-ല്‍ പ്രോഫിറ്റ് മേക്കിംഗ് സ്ഥാപനമാക്കി മാറ്റി. ഇതേ തുടര്‍ന്നാണു മസ്‌ക് രാജിവച്ചത്.

ഇപ്പോള്‍ പുറത്തുവരുന്ന ഒരു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് സാം ആള്‍ട്ട്മാനും ഡയറക്ടര്‍ ബോര്‍ഡും തമ്മില്‍ സുരക്ഷ സംബന്ധിച്ചും ലാഭം നേടുന്നതിനെ കുറിച്ചും കാര്യമായ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെന്നാണ്. ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കെവറും സാം ആള്‍ട്ട്മാനും തമ്മില്‍ ഇക്കാര്യത്തില്‍ വലിയ തര്‍ക്കങ്ങള്‍ വരെ ഉണ്ടായിരുന്നെന്നും പറയുന്നു.

ആള്‍ട്ട്മാന്‍ ഫണ്ട് റെയ്‌സറെന്നാണ് അറിയപ്പെടുന്നത്. 29 ബില്യന്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന ഓപ്പണ്‍ എഐയെ 80 ബില്യന്‍ ഡോളര്‍ മൂല്യമുള്ള കമ്പനിയാക്കി അദ്ദേഹം മാറ്റി.

സമീപകാലത്ത് ആള്‍ട്ട്മാന്‍ ശതകോടി ഡോളറിന്റെ നിക്ഷേപം സോവറിന്‍ വെല്‍ത്ത് ഫണ്ടില്‍നിന്നും സമാഹരിക്കാന്‍ പദ്ധതിയിട്ടിരുന്നു. എഐ ചിപ്പ് നിര്‍മിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിക്കാനും ആള്‍ട്ട്മാന് പദ്ധതിയുണ്ടായിരുന്നു. ഇതിനുപുറമെ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയോടെ മുന്‍ ആപ്പിള്‍ ഡിസൈനര്‍ ജോണി ഐവിനെ സഹകരിപ്പിച്ച് എഐ ഹാര്‍ഡ് വെയര്‍ നിര്‍മാണ കമ്പനി ആരംഭിക്കാനും പദ്ധതിയിട്ടു. എന്നാല്‍ ഇതിനെതിരെ ഇല്യ സുറ്റ്‌സ്‌കെവറും ഓപ്പണ്‍ എഐയിലെ മറ്റ് പ്രധാനികളും രംഗത്തുവന്നു. നിക്ഷേപത്തിനായി ആള്‍ട്ട്മാന്‍ സമീപിച്ച സ്ഥാപനങ്ങള്‍ ഓപ്പണ്‍ എഐയുമായി ഒത്തുപോകുന്നവയല്ല എന്ന കാരണവും അവര്‍ ചൂണ്ടിക്കാട്ടി. തര്‍ക്കം അതിരുവിട്ടതോടെയാണ് ആള്‍ട്ട്മാന്റെ പുറത്താകല്‍ വാര്‍ത്തയും ലോകം അറിഞ്ഞത്.

ആള്‍ട്ട്മാനെ പുറത്താക്കിയതിനു ശേഷം 3 ഗവേഷകര്‍ രാജിവച്ചു

ഓപ്പണ്‍ എഐയില്‍ പ്രതിസന്ധി രൂക്ഷമാകുന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

 സിഇഒ സ്ഥാനത്തുനിന്നും സാം ആള്‍ട്ട്മാനെ നവംബര്‍ 17ന് പുറത്താക്കിയതിനു പിന്നാലെ സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാന്‍ രാജിവച്ചിരുന്നു.  കമ്പനിയിലെ മൂന്ന് മുതിര്‍ന്ന ഗവേഷകരും കൂടി രാജിവച്ചെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.  ജാക്കൂബ് പച്ചോക്കി,അലക്‌സാണ്ടര്‍ മാഡ്രി, സിമോണ്‍ സിഡോര്‍ എന്നിവരാണ് രാജിവച്ചത്.

സ്ഥാപകര്‍ പുറത്താകുന്നത് ഇതാദ്യമല്ല

ഓപ്പണ്‍ എഐയുടെ ആസ്ഥാനം കാലിഫോര്‍ണിയയിലാണ്. സിലിക്കണ്‍ വാലി കമ്പനികളില്‍ ചിലതിന് ഒരു കാര്യത്തില്‍ സാമ്യമുണ്ട്. അത് ആ കമ്പനികള്‍ അവരുടെ സ്ഥാപകരെ പുറത്താക്കിയ കാര്യത്തിലാണ്.

1985-ല്‍ ആപ്പിള്‍ കമ്പനി സ്ഥാപകനായ സ്റ്റീവ് ജോബ്‌സിനെ പുറത്താക്കി. 2008-ല്‍ ട്വിറ്റര്‍ സ്ഥാപകനായ ജാക്ക് ഡോര്‍സിയെ പിരിച്ചുവിട്ടു.

പക്ഷേ, ഈ രണ്ട് പേരെയും വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ കമ്പനി തിരിച്ചെടുത്തു എന്നത് മറ്റൊരു കാര്യം.

ആള്‍ട്ട്മാന്‍ എന്ന ജനകീയന്‍

ജനറേറ്റീവ് എഐ കൂടുതല്‍ ജനകീയമാക്കുന്നതില്‍ സാം ആള്‍ട്ട്മാന്‍ സുപ്രധാന പങ്ക് വഹിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓപ്പണ്‍ എഐ എന്ന സ്റ്റാര്‍ട്ടപ്പ് ചാറ്റ് ജിപിടി എന്ന ചാറ്റ്‌ബോട്ടിനെ അവതരിപ്പിച്ചതിലൂടെയാണു സാം ആള്‍ട്ട്മാനെ ലോകം ശ്രദ്ധിച്ചത്. ചാറ്റ് ജിപിടി ജനകീയമായതിനൊപ്പം സാം ആള്‍ട്ട്മാനും പോപ്പുലറാവുകയായിരുന്നു. ജനറേറ്റീവ് എഐയുടെ ഹ്യുമണ്‍ ഫേസ് എന്നു വരെ അദ്ദേഹത്തിന് വിശേഷണം ലഭിച്ചു.

വെറുമൊരു സ്റ്റാര്‍ട്ടപ്പായിരുന്ന ഓപ്പണ്‍ എഐയെ ഇന്ന് 80 ബില്യന്‍ ഡോളറിന്റെ മൂല്യമുള്ള കമ്പനിയാക്കുന്നതില്‍ ആള്‍ട്ട്മാന്‍ വഹിച്ച പങ്ക് നിസാരമല്ല. വെറുമൊരു സ്റ്റാര്‍ട്ടപ്പ് ആയിരുന്ന ഓപ്പണ്‍ എഐയിലേക്ക് മൈക്രോസോഫ്റ്റ് എന്ന ടെക് ഭീമനെ ആകര്‍ഷിക്കുന്ന തലത്തിലേക്ക് മാറ്റിയെടുക്കുകയും അവരെ കൊണ്ട് 10 ബില്യന്‍ ഡോളര്‍ നിക്ഷേപം നടത്തിക്കുകയും ചെയ്തതിനു പിന്നില്‍ ആള്‍ട്ട്മാന്റെ പരിശ്രമമുണ്ടായിരുന്നു.

എഐ എഞ്ചിനീയറിംഗ് പ്രതിഭകള്‍ക്ക് പ്രതീക്ഷ

എഐ എഞ്ചിനീയറിംഗ് രംഗത്തുള്ളവര്‍ക്ക് വലിയൊരു പ്രതീക്ഷ നല്‍കാന്‍ ആള്‍ട്ട്മാന് സാധിച്ചു.

ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ നിന്നും നിരവധി എഞ്ചിനീയര്‍മാരെ ഓപ്പണ്‍ എഐ കമ്പനിയിലേക്ക് കൊണ്ടുവരാന്‍ സിഇഒ ആയിരുന്നപ്പോള്‍ ആള്‍ട്ട്മാന് സാധിച്ചു

2020-ലാണ് ഓപ്പണ്‍ എഐയുടെ സിഇഒയായി സാം ആള്‍ട്ട്മാന്‍ ചുമതലയേറ്റത്. 2023 നവംബര്‍ 17ന് അദ്ദേഹത്തെ പുറത്താക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആസ്തിയായി കണക്കാക്കുന്നത് 500 മുതല്‍ 700 ദശലക്ഷം ഡോളറാണ്.

Tags:    

Similar News