വരുമോ അങ്കമാലി -എരുമേലി -ബാലരാമപുരം പാത ?
850 ലോറികളാണ് ദിവസവു ചരക്കുകളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത്.;

കൊച്ചി: 7700 കോടിയുടെ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ തുറമുഖത്തിന്റെ ഒന്നാം ഘട്ടം ഏതാണ്ട് പൂർത്തി ആയതോടെ, നിർദിഷ്ട അങ്കമാലി-ശബരിമല റയിൽ പാത എരുമേലി -തിരുവനതപുരം വഴി ബാലരാമപുരത്തേക്കു നീട്ടണമെന്ന ആവശ്യം ശക്തമായി.
ഈ ആവശ്യ൦ ഉന്നയിച്ചുകൊണ്ട് ഫെഡറേഷൻ ഓഫ് ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്കും, റെയ്ൽവേയുടെയും, തുറമുഖങ്ങളുടെയും ചുമതലയുള്ള സംസ്ഥാന മന്ത്രിമാർക്കും മെമ്മോറാണ്ടം നൽകി. ഇത് സംസ്ഥാനത്തിന്റെ പകുതിയിൽ ഏറെ ഭാഗത്തിന്റെ രണ്ടാം റെയിൽ കോറിഡോർ ആകുമെന്ന് ഫെഡറേഷൻ പറയുന്നു.
സംഥാനത്തിന്റെ കിഴക്കൻ മേഖലയിലെ വിനോദസഞ്ചാര, വ്യവസായ മേഖലയിൽ കൂടി കടന്നു പോകുന്ന ഈ പാതയ്ക്ക് ,പെരുമ്പാവൂരെ പ്ലൈവുഡ് വ്യവസായത്തെയും, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പൈനാപ്പിൾ ഉൽപ്പാദന കേന്ദ്രമായ വാഴകുളത്തേയും റെയിൽ ശൃംഖലയുമായി ബന്ധിപ്പിയ്ക്കാൻ കഴിയുമെന്നു ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു. ഈ രണ്ടു കേന്ദ്രങ്ങളിൽ നിന്നും 850 ലോറികളാണ് ദിവസവു ചരക്കുകളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത്.
കൂടാതെ സംഥാനത്തിന്റെ കിഴക്കൻ മേഖലയിൽ നിന്ന് ഏലയ്ക്ക, കുരുമുളക്, റബ്ബർ തുടങ്ങിയ കാർഷിക വിഭവങ്ങൾ റെയിൽ മാർഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാവുന്നതിന്റെ സാധ്യതയും ഫെഡറേഷൻ ചൂണ്ടി കാണിക്കുന്നു.
കൂടാതെ ഈ പാത പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, ഭൂതത്താൻകെട്ട്, തട്ടേക്കാട്, മലങ്കര ടൂറിസം ഹബ്, ഇടുക്കി ഡാ൦, കുളമാവ്, നാമക്കൽമേഡ്, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, വാഗമൺ, കുട്ടിക്കാനം, പാഞ്ചാലിമേട്, തേക്കടി, ഗവി, അടവി, തെന്മല, പൊന്മുടി, നെയ്യാർ ഡാ എന്നിവടങ്ങളിൽ കൂടി കടന്നു പോകുന്നത് കൊണ്ട് ഇവിടേയ്ക്ക് ട്രെയിൻ മാർഗം എത്താനും കഴിയും.
ഇപ്പോൾ എരുമേലി വരെയുള്ള നിർദിഷ്ട പാത തിരുവനതപുരത്തേയ്ക്കു നീട്ടുന്നത് സാമ്പത്തികമായി വിജയകരം ആകുമോ എന്നറിയാൻ റെയിൽവേ ഒരു സർവ്വേ നടത്തിയിരുന്നു.
അങ്കമാലി-ശബരി റെയിൽ പാതയുടെ രണ്ടാം ഘട്ട൦ എരുമേലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നീട്ടുകയാണെകിൽ, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം അഞ്ചൽ, കിളിമാനൂർ വെഞ്ഞാറമൂട് , നെടുമങ്ങാട് , കാട്ടാകട എന്നീ നഗരങ്ങള റെയിൽ പാത മൂലം ബന്ധിപ്പിക്കാൻ കഴിയും. പുനലൂരിൽ കൂടി ആയിരിക്കും ഈ പാത കടന്നു പോകുന്നത്. ഇത് പുനലൂരിന്റെ രണ്ടാം പാതയായിക്കു. കൊല്ലം-ചെംങ്കോട്ട പാത കടന്നു പോകുന്നത് പുനലൂരിലുടെ ആണ്.
അങ്കമാലി - ശബരി റെയിൽ പാത അനുവദിച്ച 1997 - 98 സാമ്പത്തിക വര്ഷം മുതൽ ഏതാണ്ട് കഴിഞ്ഞ സാമ്പത്തിക വര്ഷം വരെ ചുവപ്പു നാടയിൽ കുടങ്ങി കിടക്കുകയായിരുന്നു. ഈ വര്ഷത്തെ ബജറ്റിൽ പദ്ധതിക്ക് 100 കോടി അനുവദിച്ചതോടുകൂടി ഇപ്പോൾ പദ്ധതിയെ കുറിച്ച് ചെറിയ പ്രതീക്ഷ നൽകുന്നു.