20 റേക്കുകളുള്ള പുതിയ വന്ദേഭാരത് വെള്ളിയാഴ്ച സർവീസ് ആരംഭിക്കും.16 കോച്ചുള്ള തിരുവനന്തപുരം-കാസർഗോഡ് -തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമാണ് ഈ വണ്ടി ഓടിക്കുക.16 കോച്ചുകളുള്ള ട്രെയിനിൽ 1128 സീറ്റുകളാണ് ഉണ്ടായിരുന്നത്. മിക്ക ദിവസങ്ങളിലും 150ന് മുകളിൽ വെയിറ്റിങ് ലിസ്റ്റുള്ള ട്രെയിനിൽ അധികമായി 312 സീറ്റുകൾ കൂടി ലഭിക്കുന്നത് യാത്രക്കാർക്ക് പ്രയോജനകരമാകും. ഇതോടെ 20 കോച്ചുകളിലായി 1440 പേര്‍ക്ക് യാത്ര ചെയ്യാനാകും. 18 ചെയർ കാർ കോച്ചുകളും 2 എക്സിക്യൂട്ടീവ് ക്ലാസ് കോച്ചുകളുമാണ് 20 കോച്ച് ട്രെയിനുകളിലുള്ളത്.
20 കോച്ചുള്ള വന്ദേഭാരതുകള്‍ അടുത്തിടെയാണ് റെയില്‍വേ അവതരിപ്പിച്ചത്. പുതുതായി രണ്ട് വന്ദേഭാരതുകള്‍ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍നിന്ന് പുറത്തിറങ്ങിയിരുന്നു. അതിലൊന്ന് ദക്ഷിണ-മധ്യ റെയില്‍വേക്കും രണ്ടാമത്തേത് ദക്ഷിണ റെയില്‍വേക്കും കൈമാറി.
കേരളത്തിൽനിന്ന് കൊണ്ടുപോകുന്ന 16 കോച്ചുള്ള വന്ദേഭാരത് ദക്ഷിണ റെയിൽവേയുടെ അധിക വണ്ടിയായി തത്കാലം ഉപയോഗിക്കും. മൈസൂരു-ചെന്നൈ വന്ദേഭാരതിന്റെ ഒരുമാസത്തെ അറ്റകുറ്റപ്പണി ഫെബ്രുവരിയിൽ നടക്കും. ആ സമയം ഈ വണ്ടി പകരം ഓടിക്കാനാണ് തീരുമാനം.
ഇന്ത്യയിൽ ഒക്കുപ്പൻസി 200 ശതമാനത്തിനടുത്ത് തുടരുന്ന വണ്ടിയാണ് തിരുവനന്തപുരം- കാസർഗോഡ് വന്ദേഭാരത്. (100 സീറ്റുള്ള വണ്ടിയിൽ ഇറങ്ങിയും കയറിയും 200ഓളം യാത്രക്കാർ സീറ്റ് ഉപയോഗിക്കുന്നു). വ്യാഴാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസമാണ് ട്രെയിൻ സർവീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.15 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.20 ന് കാസർഗോഡ് എത്തുന്ന ട്രെയിൻ തിരിച്ചു ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട് രാത്രി 10.35 ന് തിരുവനന്തപുരത്ത് എത്തും. ചെയർ കാറിന് 1520 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 2815 രൂപയുമാണ് നിരക്ക്.