ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതി നിയന്ത്രണം; യുഎസിന് ആശങ്ക

  • ഈ നയം ഇന്ത്യയിലേക്കുള്ള കയറ്റുമതിയെ ബാധിക്കുമെന്ന് യുഎസ്
  • പ്രശ്‌നം കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുമെന്ന് ഇന്ത്യ
  • പോള്‍ട്രി ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളും പരിഹരിക്കാന്‍ ധാരണ

Update: 2023-08-28 06:54 GMT

ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഇറക്കുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ യുഎസ് ആശങ്ക പ്രകടിപ്പിച്ചു. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചതായി ഓഫീസ് ഓഫ് യുണൈറ്റഡ് സ്റ്റേസ്റ്റ്‌സ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആര്‍) പ്രസ്താവനയില്‍ പറഞ്ഞു.

വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലും യുഎസ് വ്യാപാര പ്രതിനിധി കാതറിന്‍ തായും തമ്മില്‍ ഓഗസ്റ്റ് 26 ന് നടന്ന കൂടിക്കാഴ്ചക്കിടെയാണ് ഈ പ്രശ്‌നം ഉന്നയിക്കപ്പെട്ടത്.

ചില പോള്‍ട്രി (മുട്ട,മാംസം) ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് ലോക വ്യാപാര സംഘടനയില്‍ നിലനില്‍ക്കുന്ന വ്യാപാര തര്‍ക്കം പരസ്പരം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഇന്ത്യയും യുഎസും ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. സാങ്കേതിക ഉപകരണങ്ങള്‍ക്കായുള്ള ഇന്ത്യയുടെ ഇറക്കുമതി ലൈസന്‍സിംഗ് ആവശ്യകതകളുമായി ബന്ധപ്പെട്ട ആശങ്കകളും അംബാസഡര്‍ തായ് ഉന്നയിച്ചു. ഈ നയം നടപ്പാക്കിയാല്‍ യുഎസിന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പാക്കാന്‍ അവസരം ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.

അംബാസഡര്‍ തായും മന്ത്രി ഗോയലും ഈ പ്രശ്‌നം കൂടുതല്‍ ആഴത്തില്‍ പരിശോധിക്കാനും ഇരു രാജ്യങ്ങളുടെയും ആശങ്കകള്‍ പരിഹരിക്കുന്ന ഒരു പരിഹാരം കണ്ടെത്താനും സമ്മതിച്ചിട്ടുണെന്ന് യുഎസ്ടിആര്‍ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു.

2022-2023ല്‍ ഈ ഉല്‍പ്പന്നങ്ങളുടെ (പിസി/ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, വൈഫൈ ഡോംഗിളുകള്‍, സ്മാര്‍ട്ട് കാര്‍ഡ് റീഡര്‍, ആന്‍ഡ്രോയിഡ് ടിവി ബോക്സുകള്‍) ഇന്ത്യയിലേക്കുള്ള ഇറക്കുമതി 880 കോടി യുഎസ് ഡോളറിന്റേതായിരുന്നു. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനും ലക്ഷ്യമിട്ട് സുരക്ഷാ കാരണങ്ങളാല്‍ നവംബര്‍ ഒന്നു മുതല്‍ ലാപ്ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍ (ടാബ്ലെറ്റ് കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ) തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഇറക്കുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഈ മാസം ആദ്യം ഇന്ത്യ അറിയിച്ചിരുന്നു.

ചില കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി സംബന്ധിച്ച നടപടികളുമായി ബന്ധപ്പെട്ട ഡബ്ല്യുടിഒ തര്‍ക്കത്തെക്കുറിച്ചും തായും ഗോയലും ചര്‍ച്ച ചെയ്തു.

ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശന വേളയില്‍, ഡബ്ല്യുടിഒയിലെ ആറ് വ്യാപാര തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതായി ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ചില യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക്

ഇന്ത്യ ഏര്‍പ്പെടുത്തിയ തീരുവ നീക്കം ചെയ്തു. ഈ വര്‍ഷാവസാനം യുഎസ്-ഇന്ത്യ ട്രേഡ് പോളിസി ഫോറം പുനഃസംഘടിപ്പിക്കാനും യുഎസ് ആഗ്രഹിക്കുന്നുണ്ട്.

Tags:    

Similar News