ചൈന ചിരിക്കുന്നു; ഡീപ് സീക്കിനെതിരെ അന്വേഷണവുമായി യുഎസ്
- ദേശീയ സുരക്ഷയ്ക്ക് ഉയര്‍ത്തുന്ന അപകടസാധ്യതകളെക്കുറിച്ചാണ് അന്വേഷിക്കുന്നത്
- ഡീപ് സീക്ക് ടെക് മേഖലയില്‍ കനത്ത് ആശങ്കകളാണ് ഉയര്‍ത്തുന്നത്
- ഡീപ് സീക്കിന്റെ വിജയം എഐ ചിപ്പുകളുടെ വിപണിയെ എങ്ങനെ ബാധിക്കും എന്നതും ഇപ്പോള്‍ ചര്‍ച്ചാ വിഷയമാണ്
;

ചൈനീസ് എഐ പ്ലാറ്റ്ഫോമായ ഡീപ് സീക്കിനെതിരെ അന്വേഷണം ആരംഭിച്ച് വൈറ്റ് ഹൗസ്. ഡീപ് സീക്ക് ദേശീയ സുരക്ഷയ്ക്ക് ഉയര്‍ത്തുന്ന അപകടസാധ്യതകളെക്കുറിച്ചാണ് യുഎസ് അന്വേഷണം.
കുറഞ്ഞ ചെലവില്‍ മികച്ച സേവനങ്ങള്‍ നല്‍കുന്ന ഡീപ് സീക്ക് ആഗോള ടെക്ക് ഭീമന്മാര്ക്ക് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്. ഈ ചൈനീസ് എഐ സ്റ്റാര്‍ട്ടപ്പിന്റെ വരവ് ടെക് മേഖലയില്‍ ആശങ്കകള്‍ സൃഷിക്കുന്ന സാഹചര്യത്തില്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ സ്ഥിതി അന്വേഷിക്കുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു.
ഡീപ് സീക്ക് ഇതിനകം തന്നെ ടെക് വ്യവസായത്തില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ദിവസേനയുള്ള ഡൗണ്‍ലോഡുകളില്‍ ചാറ്റ് ജിപിടിയെ മറികടന്ന് ചൈനീസ് ആപ്പ് ഒന്നാം സ്ഥാനത്തെത്തി. ഡീപ്സീക്കിന്റെ വിജയം എഐ ചിപ്പുകളുടെ വിപണിയെ എങ്ങനെ ബാധിക്കുന്നു എന്നതാണ് കൂടുതല്‍ ആശങ്കാജനകമായ കാര്യം. ഡീപ് സീക്കിന്റെ വരവില്‍ മുന്‍നിര എഐ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ ഓഹരികളും വന്‍തോതില്‍ ഇടിഞ്ഞിരുന്നു.
കുറഞ്ഞ ചെലവില്‍ നൂതന ചിപ്പുകള്‍ ഉപയോഗിച്ച് അത്യാധുനിക എഐ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ചൈനീസ് പ്ലാറ്റ്ഫോമിന്റെ കഴിവാണ് ടെക്ക് ഭീമന്മാര്ക്ക് ഭീഷണി ഉയര്‍ത്തുന്നത്. എഐ മേഖലയില്‍, പ്രത്യേകിച്ച് സെമികണ്ടക്ടറുകളിലും ഇന്‍ഫ്രാസ്ട്രക്ചറുകളിലും വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള യുഎസ് ടെക് കമ്പനികള്‍ക്ക് ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായി ഡീപ് സീക്ക് ഉപയോഗിക്കാനുള്ള സാധ്യതയെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.