യുപിഐ ഇടപാട്: ഒക്ടോബറില്‍ 17.16 ലക്ഷം കോടി രൂപയിലെത്തി
17.16 ലക്ഷം കോടി രൂപയുടെ മൂല്യം വരുന്ന ഇടപാടുകള്‍ ഒക്ടോബറില്‍ നടന്നു
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി 17.16 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ ഒക്ടോബറില്‍ നടന്നതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. സെപ്റ്റംബറില്‍ 15.80 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്. സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോള്‍ ഒക്ടോബറില്‍ യുപിഐ പേയ്‌മെന്റ് 8.61 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചു.
ഒക്ടോബറിലെ ഇടപാടുകളുടെ എണ്ണം 1141 കോടിയാണ്. 2023 സെപ്റ്റംബറില്‍ ഇത് 1056 കോടിയായിരുന്നു. ഒക്ടോബര്‍ മാസം ഉത്സവസീസനാണ്. ഇതാണ് യുപിഐ ഇടപാടുകളില്‍ വര്‍ധനയുണ്ടായതെന്നും എന്‍പിസിഐ പറഞ്ഞു.
ഫാസ്ടാഗിന്റെ കാര്യമെടുത്താല്‍ ഒക്ടോബറില്‍ 5,539 കോടി രൂപയുടെ മൂല്യമുള്ള ഇടപാട് നടന്നു. സെപ്റ്റംബറിലിത് 5,089 കോടി രൂപയായിരുന്നു.
ആധാര്‍ എനേബിള്‍ഡ് പേമെന്‍റ് സിസ്റ്റത്തിലൂടെ ഒക്ടോബറില്‍ 25,973 കോടി രൂപയുടെ ഇടപാടാണ് നടന്നത്. സെപ്റ്റംബറിലിത് 25,984 കോടി രൂപയായിരുന്നു. ഓഗസ്റ്റിലാകട്ടെ 27,500 കോടി രൂപയുടെ ഇടപാടും നടന്നു.
2026-27 ഓടെ ഒരു ദിവസം 100 കോടി ഇടപാടുകള്‍ (എണ്ണം) യുപിഐയിലൂടെ നടക്കുമെന്നാണു കണക്കുകൂട്ടുന്നത്.