7.5 ലക്ഷം വരെയുള്ള വായ്പക്ക് 75% ക്രെഡിറ്റ് ഗ്യാരണ്ടി, പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പുതിയ പദ്ധതി പിഎം വിദ്യാലക്ഷ്മിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതി പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഈട് രഹിത, ഗ്യാരണ്ടി രഹിത വായ്പകൾ അനുവദിക്കും. സാമ്പത്തിക ഞെരുക്കം കാരണം യോഗ്യനായ ഒരു വിദ്യാർത്ഥിക്കും ഉന്നത വിദ്യാഭ്യാസം നിഷേധിക്കില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
സ്കീമിന് കീഴിൽ, 7.5 ലക്ഷം രൂപ വരെ വായ്പയെടുക്കുന്ന വിദ്യാർഥികൾക്ക് 75 ശതമാനം ക്രെഡിറ്റ് ഗ്യാരണ്ടി ലഭിക്കും. കൂടാതെ, മറ്റ് സർക്കാർ സ്‌കോളർഷിപ്പുകളിൽ നിന്നോ പലിശ സബ്‌സ്‌വെൻഷൻ സ്‌കീമുകളിൽ നിന്നോ ഇതിനകം ആനുകൂല്യങ്ങൾ ലഭിക്കാത്ത എട്ട് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്ക് മൊറട്ടോറിയം കാലത്ത് 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 3 ശതമാനം പലിശ ഇളവിന് അർഹതയുമുണ്ടാകും. ട്യൂഷൻ ഫീസിൻ്റെയും മറ്റ് കോഴ്‌സുമായി ബന്ധപ്പെട്ട ചെലവുകളുടെയും മുഴുവൻ തുകയും ഉൾക്കൊള്ളുന്നതായിരിക്കും വായ്പ.
സർക്കാർ സ്ഥാപനങ്ങളിൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് മുൻഗണന ലഭിക്കും. 2024-25 മുതൽ 2030-31 വരെയുള്ള കാലയളവിൽ 3,600 കോടി രൂപയാണ് കേന്ദ്രസർക്കാർ ഇതിനായി മാറ്റിവെക്കുക. വിദ്യാര്‍ഥികള്‍ക്ക് ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിന് ഈ പദ്ധതി ഗുണകരമാകുമെന്നും കേന്ദ്രമന്ത്രിസഭ വിലയിരുത്തി.