ലോജിസ്റ്റിക്‌സ്, ഭക്ഷ്യ മേഖലകളില്‍ നിക്ഷേപത്തിന് താത്പര്യമറിയിച്ച് യു.എ.ഇ, കേരളത്തിലേക്ക് ഒഴുകുക കോടികൾ

Update: 2025-01-14 10:49 GMT

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമ (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്) ത്തിൽ പങ്കെടുക്കുന്നതിന് യു.എ.ഇ പ്രത്യേക സംഘത്തെ അയക്കും. സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം യു.എ.ഇ സ്വീകരിച്ചു. യു. എ. ഇ കാബിനറ്റ് മിനിസ്റ്റർ ഓഫ് ഇൻവെസ്റ്റ്മെൻ്റ് മുഹമ്മദ് ഹസൻ അൽ സുവൈദി, വ്യവസായ മന്ത്രി പി.രാജീവുമായി അബുദാബിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും വ്യവസായ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 

 കേരളത്തിൽ ലോജിസ്റ്റിക്സ്, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപത്തിന് താൽപര്യമുള്ളതായി യു.എ.ഇ മിനിസ്റ്റർ ഓഫ് ഇൻവെസ്റ്റ്മെൻ്റ് മുഹമ്മദ് ഹസൻ അൽ സുവൈദി പറഞ്ഞു. ഐ.കെ.ജി.എസിൽ പങ്കെടുക്കുന്ന പ്രത്യേക സംഘം ഇക്കാര്യങ്ങൾ വിലയിരുത്തും. അബുദാബി ചേംബർ ഓഫ് കോമേഴ്സും നിക്ഷേപക സംഗമത്തിന് പ്രത്യേക സംഘത്തെ അയക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവിനെ അറിയിച്ചു. ഐ.കെ.ജി.എസിന് മുൻപായി പ്രാഥമിക പരിശോധനകൾക്കായി ചേംബറിൻ്റെ ഉദ്യോഗസ്ഥ സംഘത്തെ കേരളത്തിലേക്ക് അയക്കും. ലഭ്യമായ സ്ഥലങ്ങൾ പരിശോധിക്കുന്നതിനും നിക്ഷേപ മേഖലകൾ വിലയിരുത്തുന്നതിനുമാണ് ഉദ്യോഗസ്ഥ സംഘത്തെ അയക്കുന്നത്.

നിക്ഷേപക സംഗമത്തിന്റെ ഭാഗമായുള്ള ഇന്‍വെസ്റ്റര്‍ മീറ്റിനും റോഡ് ഷോയ്ക്കും ദുബായില്‍ തുടക്കമായി. രണ്ടു ദിവസത്തെ ദുബായ് ഇന്‍വെസ്റ്റര്‍ മീറ്റിലും റോഡ് ഷോയിലുമായി പ്രധാന വ്യവസായികള്‍, വാണിജ്യ സംഘടനകള്‍ എന്നിവരുമായി കൂടിക്കാഴ്ചയും ചര്‍ച്ചകളും നടക്കും. വ്യവസായ മന്ത്രി പി.രാജീവ്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎ മുഹമ്മദ് ഹനീഷ്, കെഎസ്‌ഐഡിസി എംഡി എസ് ഹരികിഷോര്‍, ഒ. എസ്ഡി ആനി ജൂല തോമസ് തുടങ്ങിയവരും പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

Tags:    

Similar News