ഉയര്‍ന്ന പലിശ നിരക്കുമായി ഈ മൂന്ന് ടേം ഡെപ്പോസിറ്റുകള്‍

  • ഐഡിബിഐ അമൃത് മഹോത്സവ് നിക്ഷേപത്തിന് 7.15 ശതമാനം പലിശ ലഭിക്കും.
  • എസ്ബിഐയിലെ നിക്ഷേപ കാലാവധി 400 ദിവസമാണ്.
  • മണ്‍സൂണ്‍ ഡെപ്പോസിറ്റിന് പലിശ നിരക്ക് 7.25 ശതമാനമാണ്.

Update: 2023-08-02 07:07 GMT

റിപ്പോ നിരക്കിലെ തുടര്‍ച്ചയായ വര്‍ധനയുടെ ചുവടുപിടിച്ച് ബാങ്കുകളും വലിയ തോതില്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു.അതോടെ ഏറെ നാള്‍ നെഗറ്റീവ് റിട്ടേണ്‍ നല്‍കിയിരുന്ന സ്ഥിര നിക്ഷേപങ്ങളും മികച്ച റിട്ടേണ്‍ നല്‍കാന്‍ തുടങ്ങി. എന്നാല്‍, കഴിഞ്ഞ പണനയ അവലോക യോഗത്തില്‍ ആര്‍ബിഐ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. ഈ മാസം എട്ടിന് നടക്കുന്ന പണ നയ അവലോകന യോഗത്തിലും റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയാം.

2022 മേയ് മുതല്‍ 2023 ഫെബ്രുവരി വരെയുള്ള 10 മാസങ്ങളില്‍ റിപ്പോ നിരക്ക് 2.50 ശതമാനം വര്‍ധിച്ചിരുന്നു. നിലവില്‍ 6.50 ശതമാനമാണ് റിപ്പോ നിരക്ക്. പിഎന്‍ബി, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകള്‍ സ്ഥിര നിക്ഷേപ പലിശ നിരക്കില്‍ കുറവു വരുത്തിയിരുന്നു. ആക്‌സിസ് ബാങ്ക് വിവിധ കാലയളവിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 0.2 ശതമാനം കുറവാണ് വരുത്തിയത്. ഇതോടെ് ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.5 ശതമാനം മുതല്‍ 7.10 ശതമാനം വരെയായി. പിഎന്‍ബി 0.05 ശതമാനമാണ് ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ കുറവു വരുത്തിയത്. ഇതോടെ പലിശ നിരക്ക് 6.80 ശതമാനത്തില്‍ നിന്നും 6.75 ശതമാനമായി. ഈ സാഹചര്യത്തില്‍ എസ്ബിഐ, ഐഡിബിഐ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ പ്രത്യേക ടേം ഡെപ്പോസിറ്റുകള്‍ ഒന്നു പരിശോധിക്കാം.

എസ്ബിഐയുടെ അമൃത് കലാശ് 

എസ്ബിഐയുടെ അമൃത് കലാശ് ഡെപ്പോസിറ്റില്‍ നിക്ഷേപിക്കാനുള്ള അവസരം ഓഗസ്റ്റ് 15 വരെയുള്ളു. 400 ദിവസത്തെ നിക്ഷേപത്തിന് 7.1 ശതമാനം പലിശ നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.6 ശതമാനം പലിശ ലഭിക്കും. നിലവില്‍ എസ്ബിഐയിലെ രണ്ടു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ മൂന്ന് ശതമാനം മുതല്‍ ഏഴ് ശതമാനം വരെയാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50 ശതമമാനം മുതല്‍ 7.50 ശതമാനം വരെയും. 2023 ഏപ്രില്‍ ഒന്നിന് ആരംഭിച്ച നിക്ഷേപ പദ്ധതി ആദ്യം ജൂണ്‍ 30 വരെയായിരുന്നു. പിന്നീട് ഓഗസ്റ്റ് 15 വരെ നീട്ടിയതാണ്.

അമൃത് കലാശ് നിക്ഷേപത്തിന് ടിഡിഎസ് ബാധകമാണ്. നിക്ഷേപകര്‍ക്ക് ഫോം15ജി,ഫോം15എച്ച് എന്നിവ നല്‍കി നികുതിയിളവിന് അപേക്ഷിക്കാവുന്നതാണ്. നിക്ഷേപം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ബാങ്കിന്റെ ശാഖകള്‍ വഴിയോ, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ ആപ് എന്നിവ വഴി ആരംഭിക്കാം. മറ്റ് ടേം ഡെപ്പോസിറ്റുകളെപ്പോലെ ത്രൈമാസം, ആറ് മാസം കൂടുമ്പോള്‍, വാര്‍ഷികമായിയൊന്നും പലിശ ലഭിക്കില്ല. നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോഴെ പലിശ ലഭിക്കു. ആവശ്യമെങ്കില്‍ നിക്ഷേപം കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് പിന്‍വലിക്കാം. നിക്ഷേപം ഈടായി വായ്പ ലഭിക്കും.

ഐഡ്ബിഐയുടെ അമൃത് മഹോത്സവ്

ഐഡിബിഐ ബാങ്കിന്റെ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് അമൃത് മഹോത്സവ് 375 ദിവസം, 444 ദിവസം എന്നിങ്ങനെയാണ് നിക്ഷേപ കാലാവധി. ഓഗസ്റ്റ് 15 വരെയാണ് നിക്ഷേപം ആരംഭിക്കാനുള്ള സമയം. അമൃത് മഹോത്സവ് നിക്ഷേപ പദ്ധതി പ്രകാരം 444 ദിവസത്തെ നിക്ഷേപത്തിന് 7.15 ശതമാനം പലിശ നിരക്ക് സാധാരണക്കാര്‍ക്ക് ലഭിക്കും. പ്രവാസികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് 7.65 ശതമാനം പലിശയും ലഭിക്കും.

375 ദിവസത്തെ നിക്ഷേപത്തിന് സാധാരണ പൗരന്മാര്‍, പ്രവാസികള്‍ എന്നിവര്‍ക്ക് 7.10 ശതമാനം പലിശയും, മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനം പലിശയും ലഭിക്കും.നിലവില്‍ ബാങ്ക് സാധാരണ നിക്ഷേപകര്‍ക്ക് മൂന്ന് ശതമാനം മുതല്‍ 6.80 ശതമാനം വരെയാണ് പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 3.50 ശതമാനം മുതല്‍ 7.30 ശതമാനം വരെയും.

ബാങ്ക് ഓഫ് ഇന്ത്യയുടെ മണ്‍സൂണ്‍ ഡെപ്പോസിറ്റ്

ബാങ്ക് ഓഫ് ഇന്ത്യ 400 ദിവസ കാലാവധിയില്‍ അവതരിപ്പിച്ചിരിക്കുന്ന സ്ഥിര ിക്ഷേപമാണ് മണ്‍സൂണ്‍ ഡെപ്പോസിറ്റ്. പലിശ നിരക്ക് 7.25 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനവും പലിശ ലഭിക്കും. ബാങ്ക് ഓഫ് ഇന്ത്യ ഒരു വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് കഴിഞ്ഞ ദിവസം ഒരു ശതമാനം കുറച്ചിരുന്നു. ഇതോടെ പലിശ നിരക്ക് ഏഴ് ശതമാനത്തില്‍ നിന്നും ആറ് ശതമാനമായി. നിലവില്‍ സാധാരണ നിക്ഷേപകര്‍ക്ക് മൂന്ന് ശതമാനം മുതല്‍ 7.25 ശതമാനം വരെയും, മുതിര്‍ന്ന പൗരന്മാര്‍ക്ക് മൂന്ന് ശതമാനം മുതല്‍ 7.75 ശതമാനം വരെയുമാണ് പലിശ ലഭിക്കുന്നത്.

Tags:    

Similar News