ഉയര്‍ന്ന ആളോഹരി വരുമാനവുമായി തെലങ്കാന
- രണ്ടാമത് കര്‍ണാടകവും മൂന്നാമത് ഹരിയാനയുമാണ് പട്ടികയില്‍
- കഴിഞ്ഞവര്‍ഷം മുതലാണ് തെലങ്കാനയിലെ വരുമാനത്തില്‍ കുതിച്ചുചാട്ടമുണ്ടായത്
- സ്റ്റാറ്റിസ്റ്റിക്‌സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്
;

ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പട്ടികയില്‍ തെലങ്കാനയാണ് മുന്നില്‍. സ്റ്റാറ്റിസ്റ്റിക്‌സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം (MoSPI) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം ഉള്ളത്. 2022-23ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 3,08,732 രൂപയാണ് അവരുടെ ആളോഹരി വരുമാനം. പ്രതിശീര്‍ഷ വരുമാനം 3,01,673 രൂപയുമായി കര്‍ണാടകയും 296,685 രൂപയുമായി ഹരിയാനയുമാണ് തൊട്ടുപിന്നില്‍.
കഴിഞ്ഞ വര്‍ഷം മുതല്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ തെലങ്കാനയില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം തെലങ്കാനയുടെ പ്രതിശീര്‍ഷ വരുമാനം 2,65,942 രൂപയായിരുന്നു. വന്‍കിട സംസ്ഥാനങ്ങളുടെ പട്ടികയില്‍ അവര്‍തന്നെയായിരുന്നു മുന്നില്‍. എന്നാല്‍ കര്‍ണാടക 2,65,623രൂപയുമായി ഇതിന് തൊട്ടുപിന്നാലെയുണ്ടായിരുന്നു. ഇക്കുറി തുകയിലെ അന്തരം വര്‍ധിച്ചിട്ടുണ്ടെന്നതാണ് പ്രത്യേകത.
2022-23 ലെ ഡല്‍ഹിയുടെ ഡാറ്റ ലഭ്യമല്ല. 2020-21ലും 2021-22ലും അവരുടെ പ്രതിശീര്‍ഷ വരുമാനം യഥാക്രമം 3,31,112 രൂപയും 3,89,529 രൂപയുമാണ്.
സ്ഥിരമായ വിലയെ അടിസ്ഥാനമാക്കി, 2022-23 ല്‍ പ്രതിശീര്‍ഷ വരുമാനം 1,81,961 രൂപയുമായി ഹരിയാന പട്ടികയില്‍ ഒന്നാമതെത്തി. തൊട്ടുപിന്നില്‍ കര്‍ണാടക (1,76,383 രൂപ) ,തമിഴ്നാട് (1,66,463 രൂപ) എന്നീസംസ്ഥാനങ്ങളാണ്.
സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവനങ്ങള്‍ മൊത്ത മൂല്യവര്‍ദ്ധിതത്തിലേക്ക് (ജിവിഎ)ഏറ്റവും ഉയര്‍ന്ന സംഭാവന നല്‍കുന്നത് തുടര്‍ന്നു. 2022-23ല്‍ മൊത്തം ജിവിഎയില്‍ 21.42 ശതമാനം സംഭാവന നല്‍കി ഈ മേഖലകള്‍ നല്‍കിയത്. 2021-22ല്‍ അതിന്റെ സംഭാവന 21.51 ശതമാനമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, എല്ലാ മേഖലകളിലും ഏറ്റവും ഉയര്‍ന്ന വിഹിതം ഈ മേഖലയ്ക്കായിരുന്നു - 22.19 ശതമാനം.
തൊട്ടുപിന്നാലെ കൃഷി, വനം, മത്സ്യബന്ധനം മേഖലകളില്‍ 18.42 ശതമാനം പങ്കാളിത്തമുണ്ട്. 2020-21 മുതല്‍ കൃഷിയുടെ വിഹിതം 20.32 ശതമാനമായിരുന്നപ്പോള്‍ ഇപ്പോള്‍ താഴോട്ട് പോവുകയാണ്. 2021-22ല്‍ മൊത്തം ജിവിഎയില്‍ കാര്‍ഷിക മേഖലയുടെ വിഹിതം 18.97 ശതമാനമായിരുന്നു.
ബ്രോഡ്കാസ്റ്റിംഗ് മേഖലയുമായി ബന്ധപ്പെട്ട വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം, ആശയവിനിമയം, സേവനങ്ങള്‍ എന്നിവയില്‍ 17.98 ശതമാനമാണ് മൂന്നാമത്തെ ഉയര്‍ന്ന വിഹിതം. കോവിഡ് -19 നിയന്ത്രണങ്ങള്‍ കാരണം 2020-21 ല്‍ ഇത് ബാധിച്ചപ്പോള്‍ ഇത് 15.78 ശതമാനം ആയിരുന്നു.