സമുദ്രമത്സ്യ മേഖലയില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം: നീതി ആയോഗ് വൈസ് ചെയര്‍മാന്‍

നീതി ആയോഗ്, സിഎംഎഫ്ആര്‍ഐ, സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നിവര്‍ സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്;

Update: 2024-01-05 11:51 GMT
Niti Aayog Vice Chairman should utilize technology in marine fisheries sector
  • whatsapp icon

സമുദ്രമത്സ്യ മേഖലയിലെ വെല്ലുവിളികള്‍ നേരിടുന്നതിന് നിര്‍മിത ബുദ്ധി പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണമെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ സുമന്‍ ബെറി. വിവിധ സംസ്ഥാനങ്ങളിലെ സമുദ്രമത്സ്യമേഖലയിലെ വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി കൊച്ചി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിച്ച ഉന്നതതല ദേശീയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസനത്തിന് ആക്കംകൂട്ടുന്നതില്‍ സാങ്കേതികവിദ്യകള്‍ക്ക് വലിയ പങ്കുണ്ട്. മത്സ്യത്തിന്റെ ആവശ്യകത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആവശ്യമാണ്. ഏതൊരു സമ്പദ്‌വ്യവസ്ഥയെയും ചലിപ്പിക്കുന്നത് ആവശ്യകതയാണ്. കേരളം പലകാര്യത്തിലും മുന്‍പന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യമേഖലയിലെ വളര്‍ച്ചയുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ വലിയ അന്തരമാണുള്ളതെന്ന് നീതി ആയോഗ് അംഗം പ്രൊഫ. രമേശ് ചന്ത് ചൂണ്ടിക്കാട്ടി. വളര്‍ച്ചാനിരക്കില്‍ ഒട്ടുമിക്ക തീരദേശ സംസ്ഥാനങ്ങളേക്കാളും ആന്ധ്രപ്രദേശ് വളരെ മുന്നിലാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ മൊത്തം മത്സ്യോല്‍പാദനത്തേക്കാള്‍ 50 ശതമാനം മുകളിലാണ് ആന്ധ്രപ്രദേശിലെ മത്സ്യോല്‍പാദനം. ഈ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് ശ്രമങ്ങളുണ്ടാകണം. മത്സ്യ ആവശ്യകത 2012 മുതല്‍ 2022 വരെയുള്ള ദശകത്തില്‍ മുന്‍ ദശകത്തേക്കാള്‍ ഒരു മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. മൂല്യവര്‍ധിത ഉല്‍പാദനത്തിലും സംസ്‌കരണത്തിലും കൂടുതല്‍ ശ്രദ്ധിക്കുന്നതിലൂടെ കയറ്റുമതിയില്‍ മെച്ചമുണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച സാധ്യതകളുള്ള ആഴക്കടല്‍ മത്സ്യസമ്പത്ത് പ്രയോജനപ്പെടുത്തുന്നതിന് ശ്രമങ്ങള്‍ വേണം. മീനുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ആഴക്കടല്‍ മത്സ്യബന്ധനരംഗത്ത് തൊഴില്‍ നൈപുണ്യം വികസിപ്പിക്കുന്നതിനും പദ്ധതികള്‍ വേണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ ജെ.കെ. ജെന, നീതി ആയോഗ് ജോയിന്റ് സെക്രട്ടറി കെ.എസ്. റെജിമോന്‍, നീതി ആയോഗ് സീനിയര്‍ അഡ്വൈസര്‍ ഡോ. നീലം പട്ടേല്‍, സംസ്ഥാന ഫിഷറീസ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, നീതി ആയോഗ് സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ ബബിത സിങ്, സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.

നീതി ആയോഗ്, സിഎംഎഫ്ആര്‍ഐ, സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നിവര്‍ സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്.

കേരളത്തിന് പുറമെ, പശ്ചിമ ബംഗാള്‍, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ തീരദേശ സംസ്ഥാനങ്ങളും ആന്‍ഡമാന്‍ നിക്കോബാറും ദേശീയ ശില്‍പശാലയില്‍ പങ്കെടുത്തു. കൂടാതെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളിലെ നയരൂപീകരണ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, ഗവേഷകര്‍ എന്നിവരടങ്ങുന്ന ഉന്നതതല സംഘവും ശില്‍പശാലയില്‍ പങ്കെടുത്തു.

Tags:    

Similar News