ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് മുട്ടൻ പണി; പലിശ പരിധി നീക്കി സുപ്രിം കോടതി

Update: 2024-12-21 09:06 GMT
ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് മുട്ടൻ പണി; പലിശ പരിധി നീക്കി സുപ്രിം കോടതി
  • whatsapp icon

ക്രെഡിറ്റ് കാർഡ് കുടിശ്ശിക തിരിച്ചടവ് വൈകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കിൻ്റെ 30 ശതമാനം പരിധി നീക്കി സുപ്രിംകോടതി. ക്രെഡിറ്റ് കാർഡ് പലിശാ പരിധി 30 ശതമാനമായി നിശ്ചയിച്ച നാഷണൽ കൺസ്യൂമർ ഡിസ്പ്യൂട്ട് റിഡ്രസൽ കമ്മിഷന്റെ (എൻസിഡിആർസി) വിധിക്ക് എതിരെ സ്റ്റാന്റേർഡ് ചാർട്ടേർഡ് ബാങ്ക്, സിറ്റിബാങ്ക്, അമേരിക്കൻ എക്സ്പ്രസ്, എച്ച്എസ്ബിസി എന്നീ ബാങ്കുകൾ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത്. 

2008-ലാണ് എൻസിഡിആർസി ക്രെഡിറ്റ് കാർഡ് പലിശാ പരിധി നിശ്ചയിച്ച് ഉത്തരവിറക്കിയത്. വിവിധ എൻജിഒകളും വ്യക്തികളും സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിയിരുന്നു എൻസിഡിആർസിയുടെ നടപടി. ബാങ്കുകളും നോൺ ബാങ്കിങ് ഫിനാൻഷ്യൽ സ്ഥാപനങ്ങളും ഈടാക്കിവന്ന 49 ശതമാനം പലിശയിൽ നിന്നാണ് നിരക്ക് 30 ശതമാനമാക്കി കുറച്ചത്. 

എൻസിഡിആർസിയുടെ പരിധി കുറയ്ക്കൽ ക്രെഡിറ്റ് കാർഡ് വ്യവസായവുമായി ബന്ധപ്പെട്ട വിവിധ ചെലവുകളെ അവഗണിച്ചായിരുന്നു എന്ന് ബാങ്കുകൾ സുപ്രിം കോടതിയിൽ വാദിച്ചു. വീഴ്ച വരുത്തുന്ന ഉപയോക്താക്കളിൽ നിന്ന് മാത്രമാണ് പലിശ നിരക്ക് ഈടാക്കുന്നതെന്നും കൃത്യമായി പണമടയ്ക്കുന്നവർക്ക് 45 ദിവസത്തെ പലിശ രഹിത ക്രെഡിറ്റ് അനുവദിക്കുന്നുണ്ടെന്നും ബാങ്കുകൾ ചൂണ്ടിക്കാട്ടി. ലക്ഷക്കണിക്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് തിരിച്ചടിയാകുന്നതാണ് വിധി.

Tags:    

Similar News