സ്റ്റൈലിഷ് ഗ്രാഫിക്‌സ്, ഒബിഡി2 എഞ്ചിന്‍: ഹോണ്ടയുടെ 2023 സിബി200എക്‌സ് വിപണിയില്‍

  • ഐതിഹാസിക മോഡലായിരുന്ന ഹോണ്ട സിബി500എക്‌സില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ സിബി200എക്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
  • ഡീസെന്റ് ബ്ലൂ മെറ്റാലിക് (ന്യൂ), പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, സ്പോര്‍ട്സ് റെഡ് എന്നീ മൂന്ന് നിറങ്ങളില്‍ വാഹനം ലഭ്യമാവും.

Update: 2023-09-15 13:44 GMT

കൊച്ചി: ഹോണ്ടയുടെ 2023 സിബി200എക്‌സ് മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ഐതിഹാസിക മോഡലായിരുന്ന ഹോണ്ട സിബി500എക്‌സില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ സിബി200എക്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒബിഡി2 എഞ്ചിന്‍, സ്റ്റൈലിഷ് ഗ്രാഫിക്സ്, പുതിയ അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച് എന്നീ പ്രത്യേകതകളോടെയാണ് സിബി200എക്‌സിന്റെ വരവ്. വാഹനത്തിന്റെ ഡല്‍ഹി എക്‌സ് ഷോറൂം വില 1,46,999 രൂപയാണ്. പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ഡീസെന്റ് ബ്ലൂ മെറ്റാലിക് (ന്യൂ), പേള്‍ നൈറ്റ്സ്റ്റാര്‍ ബ്ലാക്ക്, സ്പോര്‍ട്സ് റെഡ് എന്നീ മൂന്ന് നിറങ്ങളില്‍ വാഹനം ലഭ്യമാവും. മോട്ടോര്‍സൈക്കിളിന് 10 വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ മോഡലിന് 184.40 സിസി, 4 സ്ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ ബിഎസ്5 ഒബിഡി2 പിജിഎംഎഫ്ഐം എഞ്ചിനാണ്. ഇത് 8500 ആര്‍പിഎമില്‍ 12.70 കി.വാട്ട് പവറും, 6000 ആര്‍പിഎമില്‍ 15.9 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും.ഡയമണ്ട് ടൈപ്പ് സ്റ്റീല്‍ ഫ്രെയിം, ഓള്‍-എല്‍ഇഡി ലൈറ്റിങ് സിസ്റ്റം എന്നിവയും സി200എക്‌സിന്റെ പ്രത്യേകതയാണ്. വാഹനത്തിന് എന്തെങ്കിലും തകരാര്‍ കണ്ടെത്തിയാല്‍ ഇന്‍സ്ട്രുമെന്റ് പാനലില്‍ ഒരു മുന്നറിയിപ്പ് ലൈറ്റ് പ്രകാശിപ്പിക്കുന്ന സെന്‍സര്‍ സംവിധാനം, വാഹനമോടിക്കുന്നയാളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സിംഗിള്‍ചാനല്‍ എബിഎസുള്ള ഡ്യുവല്‍ പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകളും സിബി200എക്സിലുണ്ട്.

ഗിയര്‍ ഷിഫ്റ്റുകള്‍ സുഗമമാക്കുക, ഡൗണ്‍ ഷിഫ്റ്റ് ചെയ്യുമ്പോള്‍ റിയര്‍ വീല്‍ ലോക്കിങ് തടയുക എന്നീ ഉദ്ദേശത്തോടെയുള്ള അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച്, സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, ടാക്കോമീറ്റര്‍, ഫ്യൂവല്‍ ഗേജ്, ട്വിന്‍ ട്രിപ്പ് മീറ്ററുകള്‍, ബാറ്ററി വോള്‍ട്ട് മീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, സമയം തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, ഗോള്‍ഡന്‍ യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്ക്, മോണോ ഷോക്ക് അബ്സോര്‍ബര്‍ എന്നിവയാണ് പുതിയ മോഡലിന്റെ മറ്റു സവിശേഷതകള്‍.

Tags:    

Similar News