ഈ കളിപ്പാട്ടം പറഞ്ഞു തരും റോബോട്ടിക്‌സും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സും, ലളിതമായി
- റോബോട്ടിക്‌സിന്റെയും, ഐഒടിയുടെയും അടിസ്ഥാന പാഠങ്ങള്‍ 15 ഓളം പ്രൊജക്റ്റുകളിലൂടെ പഠിച്ചെടുക്കാനാകും
- 8 വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് ഗ്രഹിച്ചെടുക്കാന്‍ പാകത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്
കളിപ്പാട്ടം കൈകാര്യം ചെയ്യുന്ന അത്രയും ലളിതമായി റോബോട്ടിക്‌സും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സും (ഐഒടി) കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന ഉപകരണം അവതരിപ്പിച്ചിരിക്കുകയാണു ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി കെ.ജി. ഹരീഷ്.
സി-ബോട്ട് എന്ന റോബോട്ടിക്‌സ് പ്ലാറ്റ്‌ഫോമിന്റെ പ്രോട്ടോടൈപ്പ് രൂപീകരിച്ചു കൊണ്ടാണ് ഹരീഷ് ഇതു സാധ്യമാക്കുന്നത്. സി-ബോട്ട് എന്ന പ്ലാറ്റ്‌ഫോം ഒരു ഹാര്‍ഡ്‌വേറാണ്. ഒരു കളിപ്പാട്ടത്തിന്റെ മാതൃകയിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
റോബോട്ടിക്‌സിന്റെയും, ഐഒടിയുടെയും അടിസ്ഥാന പാഠങ്ങള്‍ 15 ഓളം പ്രോജക്റ്റുകളിലൂടെ പഠിച്ചെടുക്കാനാകും.
എട്ടു വയസ് മുതലുള്ള കുട്ടികള്‍ക്ക് ഗ്രഹിച്ചെടുക്കാന്‍ പാകത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ' ഡ്രീംവെസ്റ്റര്‍ ' മത്സരത്തില്‍ രണ്ടാം സമ്മാനം നേടിയത് ഹരീഷിന്റെ ഈ ആശയമാണ്.
ഡ്രീംവെസ്റ്റര്‍ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഹരീഷിന് മന്ത്രി പി.രാജീവ് പുരസ്‌കാരം കൈമാറുന്നു.
ആശയം രൂപപ്പെട്ടത് അധ്യാപകവൃത്തിയില്‍ ഏര്‍പ്പെട്ടപ്പോള്‍
ബിഎസ്‌സി ഫിസിക്‌സും എംഎസ്‌സി ഇലക്ട്രോണിക്‌സും പഠിച്ചു കഴിഞ്ഞതിനു ശേഷം മധ്യപ്രദേശിലെ ഒരു സ്‌കൂളില്‍ അധ്യാപക ജോലിയില്‍ 2014-ല്‍ ഹരീഷ് പ്രവേശിച്ചു. അധ്യാപനത്തോടൊപ്പം കേന്ദ്ര സർക്കാർ നടപ്പാക്കുന്ന അടല്‍ ടിങ്കറിംഗ് ലാബിന്റെ കോ-ഓര്‍ഡിനേറ്റർ ചുമതലയും ഹരീഷിന് ഏല്‍ക്കേണ്ടി വന്നു.
യുവ മനസ്സുകളില്‍ സര്‍ഗാത്മകത, ഭാവന എന്നിവ വളര്‍ത്തുകയാണ് അടല്‍ ടിങ്കറിംഗ് ലാബിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം ഡിസൈന്‍ മൈന്‍ഡ് സെറ്റ്, കമ്പ്യൂട്ടേഷണല്‍ തിങ്കിംഗ്, അഡാപ്റ്റീവ് ലേണിംഗ്, ഫിസിക്കല്‍ കമ്പ്യൂട്ടിംഗ് തുടങ്ങിയ കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ഈ പദ്ധതിയാണു ഹരീഷിന്റെ മനസ്സില്‍ സ്വന്തമായി ഒരു പ്രോജക്റ്റ് വികസിപ്പിക്കണമെന്ന ആശയം ജനിപ്പിച്ചത്. അധികം താമസിയാതെ ഹരീഷ് മനസ്സിലെ ഐഡിയ രൂപപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. 2021 മുതല്‍ അധ്യാപക ജോലിയില്‍ നിന്നും അവധിയെടുത്ത് പ്രോജക്റ്റുമായി മുന്നേറി.
സ്‌റ്റെം ബൈ യു എന്ന സ്റ്റാര്‍ട്ടപ്പിന്റെ പിറവി
ചെങ്ങന്നൂരിലെ സ്വന്തം വീട്ടില്‍ സ്‌റ്റെം ബൈ യു എന്ന പേരില്‍ ഹരീഷ് സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു. സയന്‍സ്, ടെക്‌നോളജി, മാത്‌സ് എന്നതിന്റെ ചുരുക്കരൂപമാണ് സ്‌റ്റെം.
യുവ മനസ്സുകളില്‍ ജിജ്ഞാസയും ശാസ്ത്ര സാങ്കേതികവിദ്യകളോടുള്ള അഭിനിവേശവും വളര്‍ത്തുക എന്നതാണ് സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം.
എളിയ നിലയില്‍ തുടക്കം
ഹരീഷിന്റെ ആശയം മികച്ചതായിരുന്നെങ്കിലും സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ നല്ലൊരു ഫണ്ട് ആവശ്യമായിരുന്നു. ആദ്യമൊക്കെ വിവിധ ഫണ്ടിംഗ് സോഴ്‌സിനെ സമീപിക്കുന്ന കാര്യത്തെ കുറിച്ച് ആലോചിച്ചെങ്കിലും പിന്നീട് സ്വന്തം നിലയില്‍ തന്നെ ഫണ്ട് കണ്ടെത്താന്‍ തീരുമാനിച്ചു. അധ്യാപക വൃത്തിയിലേര്‍പ്പെട്ടു കൊണ്ട് ഹരീഷ് സ്വന്തം നിലയില്‍ സ്റ്റാര്‍ട്ടപ്പിനുള്ള ഫണ്ട് കണ്ടെത്തുകയും ചെയ്തു.
ഇപ്പോള്‍ സ്വന്തം നിലയില്‍ വരുമാനമായതോടെ സ്റ്റാര്‍ട്ടപ്പില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നേറുകയാണ്.
ഇനി സ്വന്തമായി വികസിപ്പിച്ച ഹാര്‍ഡ്‌വേറിന്റെ മാര്‍ക്കറ്റിംഗ് ആരംഭിക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ആമസോണ്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമായും മാര്‍ക്കറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. അതോടൊപ്പം ഇന്‍സ്റ്റാഗ്രാമിലെയും യുട്യൂബിലെയും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ വഴിയും മാര്‍ക്കറ്റിംഗ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. വില 3500 രൂപയാണ്.
വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:Stembyu.com