ശുദ്ധമായ കുടിവെള്ളം: അഗ്വ ഇന്ത്യയും ഓള്‍ കേരള പാക്കേജ് ഡ്രിങ്കിംഗ് വാട്ടര്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും കൈകോര്‍ക്കുന്നു
- ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം
- ഉയര്‍ന്ന ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പു നല്‍കുന്നു
- 2020 ലാണ് അഗ്വ ഇന്ത്യ പ്രവര്‍ത്തനമാരംഭിച്ചത്
സംസ്ഥാനത്ത് പാക്കേജ് കുടിവെള്ളത്തിന്റെ ലഭ്യതയും ഗുണനിലവാരവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ അഗ്വ ഇന്ത്യ, ഓള്‍ കേരള പാക്കേജ് ഡ്രിങ്കിംഗ് വാട്ടര്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുമായി (എകെപിഡിഡബ്ല്യൂഡിഎ) ധാരണാപത്രം ഒപ്പുവെച്ചു. ഇതിലൂടെ കേരളത്തിലാകമാനം ഉയര്‍ന്ന ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കുന്നതിന് സാധിക്കും.
വിശ്വസിക്കാവുന്നതും സുരക്ഷിതവുമായ കുടിവെള്ളത്തിനായുള്ള ആവശ്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എകെപിഡിഡബ്ല്യൂഡിഎ യുടെ വിപുലമായ വിതരണ ശൃംഖലയിലൂടെ പ്രശ്‌നം പരിഹരിക്കുന്നതിന് ഈ ധാരണ സഹായകമാകും
ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന പരിശ്രമത്തെ ഈ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്ന് അഗ്വ ഇന്ത്യയുടെ സഹസ്ഥാപകന്‍ മുഹമ്മദ് ഷാജര്‍ പറഞ്ഞു. ഇതിലൂടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിച്ചേരാനും സാധിക്കും. കൂടാതെ പൊതുജനാരോഗ്യത്തില്‍ ഫലപ്രദമായി ഇടപെടുന്നതിനും ഈ പങ്കാളിത്തത്തിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കുടിവെള്ള വിതരണത്തില്‍ ഗുണകരമായ മാറ്റം വരുത്താന്‍ ഈ ധാരണയിലൂടെ സാധിക്കുമെന്ന് അഗ്വ ഇന്ത്യ സഹസ്ഥാപകരായ മുസ്തഫ കെ. യു, ഷാഹിന്‍ അബ്ദുളള എന്നിവര്‍ പറഞ്ഞു. നവീനതയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനൊപ്പം ഇത് വിതരണ ശേഷിയെ ശക്തിപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ പങ്കാളിത്തത്തിലൂടെ കേരളത്തിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാണെന്ന് ഉറപ്പുവരുത്താന്‍ കഴിയുമെന്ന് എകെപിഡിഡബ്ല്യൂഡിഎ എറണാകുളം സെക്രട്ടറി കൊച്ചുമോന്‍ സി മാത്യുവും എകെപിഡിഡബ്ല്യൂഡിഎ എറണാകുളം പ്രസിഡന്റ് അഷ്‌റഫ് കെ. എ യും പറഞ്ഞു.
2020 ല്‍ പ്രവര്‍ത്തനമാരംഭിച്ച അഗ്വ ഇന്ത്യയുടെ വളര്‍ച്ചയില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. സുപ്രധാനം നേട്ടം കൈവരിക്കുന്നതിന് ആവശ്യമായ സഹകരണങ്ങളും മാര്‍ഗനിര്‍ദേശവും നല്‍കി വരുന്നു. സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും അവയുടെ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2006 ല്‍ സ്ഥാപിതമായ സംസ്ഥാന സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍.