ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ് ഉച്ചകോടിക്ക് നാളെ തുടക്കം
വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് മേഖലയിലെ വിദഗ്ധർ, ഫണ്ടിങ് ഏജൻസികൾ തുടങ്ങിയവർ സമ്മേളനത്തിന്റെ ഭാഗമാകും;
രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ ആറാം പതിപ്പിന് നാളെ കോവളത്ത് തുടക്കമാകും. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനം വൈകിട്ട് നാലിന് കോവളം ലീല റാവിസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സെഷനു മുൻപായി സ്റ്റാർട്ടപ്പ് പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിക്കും.
പതിനായിരത്തിലധികം പേരാണ് ഹഡില്‍ ഗ്ലോബലില്‍ പങ്കെടുക്കുക. ലോകമെമ്പാടുമുള്ള നൂറ്റമ്പതിലധികം നിക്ഷേപകരെത്തുന്ന ഹഡില്‍ ഗ്ലോബലില്‍ 3000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകളും 100 ലധികം മാര്‍ഗനിര്‍ദേശകരും പങ്കെടുക്കും. കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയെ ഉന്നതികളിലേക്ക് എത്തിക്കുക, പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഉല്പന്നങ്ങളും സേവനങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന ആഗോളകേന്ദ്രമാക്കി കേരളത്തെ മാറ്റുക എന്നിവയാണ് ഹഡില്‍ ഗ്ലോബലിന്റെ ലക്ഷ്യം. എംഎസ്എംഇ മേഖലയിലെ സംരംഭകർക്ക് ഡിജിറ്റൽ പരിവർത്തനത്തിനുള്ള പ്ലാറ്റ്ഫോം സജ്ജമാക്കും. ചെലവ് കുറയ്ക്കുന്നതിനൊപ്പം ബിസിനസ് വർധിപ്പിക്കാനും ചെറുകിട സംരംഭകർക്ക് ഇതിലൂടെ സാധിക്കും. സ്റ്റാർട്ടപ്പുകൾക്ക് ഉൽപ്പന്നങ്ങൾ ലോകമെമ്പാടുമുള്ള നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിക്കാനാകും.
ഊർജം, ആരോഗ്യസംരക്ഷണം, ഡിജിറ്റൽ മീഡിയയും വിനോദവും, ഭക്ഷ്യ ഉൽപ്പന്നങ്ങളും കൃഷിയും, ബഹിരാകാശം തുടങ്ങി അഞ്ച് മേഖലയിലെ മുന്നേറ്റങ്ങൾ എമർജിങ് ടെക്‌നോളജി സോണിൽ പ്രദർശിപ്പിക്കും. കൃഷി, ബഹിരാകാശം, വ്യവസായ മേഖല എന്നിവയിലെ പുത്തൻ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട മൂന്ന് റൗണ്ട് ടേബിൾ ചർച്ച നടക്കും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്, ആർ ബിന്ദു എന്നിവർ പങ്കെടുക്കും.