പ്രതിരോധ-എയ്റോസ്പേസ്; കേരള സ്റ്റാര്‍ട്ടപ്പുകള്‍ ഉപയോഗപ്പെടുത്തിയിട്ടില്ല

Update: 2023-11-18 09:25 GMT

പ്രതിരോധ-എയ്‌റോസ്‌പേസ് രംഗത്തെ അനന്തസാധ്യതകള്‍ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഇനിയും പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് ഹഡില്‍ ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക്  ശേഷം ഇത്തരം അവസരങ്ങളുടെ കലവറ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്നില്‍ തുറന്നു കിടക്കുകയാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പ്രതിരോധ മന്ത്രായലത്തിന്റെ ഐഡിഇഎക്‌സ് പദ്ധതിയില്‍ നിന്ന് കാര്യമായ ഒരു നേട്ടവുമുണ്ടാക്കാന്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് സാധിച്ചിട്ടില്ലെന്ന് ടെക്‌നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട.) സഞ്ജീവ് നായര്‍ പറഞ്ഞു. ഡിഫന്‍സ് ഇന്നോവേഷന്‍ ഓര്‍ഗനൈസേഷനാണ് ഈ പദ്ധതിയുടെ നടത്തിപ്പ് ചുമതല. പ്രതിരോധ-എയ്‌റോസ്‌പേസ് രംഗത്ത് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വ്യക്തിഗത ഇന്നോവേറ്റര്‍മാര്‍, ഗവേഷണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നിവരെ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിന്റെഭാഗമായിരുന്നു ഇത്. നിരവധി ധനസഹായവും സാങ്കേതിക പിന്തുണയുമുള്ള പദ്ധതിയാണിതെങ്കിലും കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഇത് ഉപയോഗപ്പെടുത്തിയത് കുറവാണെന്നും കേണല്‍ സഞ്ജീവ് ചൂണ്ടിക്കാട്ടി.

വിവിധ സ്റ്റാര്‍ട്ടപ്പുകളുമായി നടത്തിയ പങ്കാളിത്തത്തിന്റെ അനുഭവങ്ങള്‍ കോര്‍പറേറ്റ് ലോകത്തുള്ള പ്രമുഖര്‍ വിവരിച്ചു. കോര്‍പറേറ്റുകളെ സംബന്ധിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ ലോകത്തിന്റെ ഏതു ഭാഗത്ത് പ്രവര്‍ത്തിക്കുന്നുവെന്നത് വിഷയമല്ല, മറിച്ച് മികച്ച ഉല്‍പ്പന്നമാണ് കമ്പനികള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Tags:    

Similar News