മുട്ട ഇല്ലാതെയും ഓംലെറ്റ്; അര്‍ജുന്റെ നവീന ആശയം ' ഇന്‍സ്റ്റന്റ് ഹിറ്റ് '
ഓംലെറ്റ് പോലെ തന്നെ അര്‍ജുന്റെ ആശയവും ഇന്‍സ്റ്റന്റ് ഹിറ്റായി മാറിയിരിക്കുകയാണ്
മുട്ട ഇല്ലാതെ ഇനി ഇന്‍സ്റ്റന്റായി ഓംലെറ്റ് തയാറാക്കാം. അതും ഒരു മിനിറ്റ് കൊണ്ട് അഞ്ച് വ്യത്യസ്ത രുചികളുള്ള ഓംലെറ്റ് തയാറാക്കാം. കോഴിക്കോട് രാമനാട്ടുകര സ്വദേശി പി. അര്‍ജുനാണ് ഈ നവീന ആശയം അവതരിപ്പിച്ചത്.
ഓംലെറ്റ് പോലെ തന്നെ അര്‍ജുന്റെ ഈ ആശയവും ഇന്‍സ്റ്റന്റ് ഹിറ്റായി മാറിയിരിക്കുകയാണ്.
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച ' ഡ്രീംവെസ്റ്റര്‍ മത്സരത്തില്‍ ' ഒന്നാം സമ്മാനം നേടിയത് അര്‍ജുന്റെ ഈ ആശയമാണ്. അഞ്ച് ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി അര്‍ജുന് ലഭിച്ചത്.
ഡ്രീംവെസ്റ്റര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ക്വീന്‍സ് ഇന്‍സ്റ്റയുടെ ടീം ലീഡര്‍ പി.അര്‍ജുന് മന്ത്രി പി.രാജീവ് പുരസ്‌കാരം കൈമാറുന്നു
ആശയം രൂപമെടുത്തത് മകള്‍ക്ക് മുട്ടയപ്പം തയാറാക്കിയപ്പോള്‍
സിവില്‍ എന്‍ജിനീയറായ അര്‍ജുനും ഭാര്യ അശ്വതിയും ഒഴിവ് സമയങ്ങളില്‍ മകള്‍ ധന്‍ശിവയ്ക്ക് മുട്ട കൊണ്ടുള്ള അപ്പം തയാറാക്കി നല്‍കിയിരുന്നു. പക്ഷേ, ചിലയവസരങ്ങളില്‍ മുട്ടയപ്പം അധിക നേരം കേടു കൂടാതെ സൂക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.
ഇതിനൊരു പരിഹാരം കണ്ടെത്തണമെന്ന ചിന്തയാണ് അര്‍ജുനെ ' ഇന്‍സ്റ്റന്റ് ഓംലെറ്റ് ' കണ്ടുപിടിക്കുന്നതിലേക്കു നയിച്ചത്. ഗവേഷണം, പരീക്ഷണം എന്നിവയ്ക്കായി ഏകദേശം മൂന്ന് വര്‍ഷക്കാലമെടുത്താണ് ഇന്‍സ്റ്റന്റ് ഓംലെറ്റിന്റെ രുചിക്കൂട്ട് തയാറാക്കിയത്. ഫുഡ് സേഫ്റ്റ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
അര്‍ജുന്‍ തന്നെയാണു പരീക്ഷണത്തിന്റെ ഭാഗമായി മെഷീനുകള്‍ ഡിസൈന്‍ ചെയ്തത്. ഇതിനോടകം രണ്ടര കോടിയിലേറെ രൂപ ഇന്‍വെസ്റ്റ് ചെയ്തു കഴിഞ്ഞു.
കോഴിക്കോട് രാമനാട്ടുകരയ്ക്കു സമീപമുള്ള വാഴയൂരിലാണു അര്‍ജുന്റെ സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ 12-ലധികം ജീവനക്കാരുണ്ട് ഇപ്പോള്‍. 2021-ലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്.
കൃത്രിമക്കൂട്ടും കളറും ഇല്ല
പൗഡര്‍ രൂപത്തിലുള്ള ഉല്‍പ്പന്നം വെള്ളത്തില്‍ കലര്‍ത്തി ചൂട് ചട്ടിയിലേക്ക് ഒഴിച്ചാല്‍ ഓംലെറ്റ് റെഡി. അര്‍ജുന്‍ കണ്ടുപിടിച്ച ഈ ഓംലെറ്റിന്റെ പൗഡറില്‍ കൃത്രിമക്കൂട്ടോ കളറോ ചേര്‍ത്തിട്ടില്ലെന്നതാണ് പ്രത്യേകത. മുട്ട ഉപയോഗിച്ചാണ് പൗഡര്‍ തയാറാക്കിയിരിക്കുന്നത്. അര്‍ജുന്‍ അവതരിപ്പിച്ച ഈ ഇന്‍സ്റ്റന്റ് ഓംലെറ്റ് ചില കോണുകളില്‍ നിന്ന് egg less ആണോ എന്ന സംശയം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പൗഡറില്‍ പ്രധാന ചേരുവ മുട്ടയാണ്.
അഞ്ച് തരം ഓംലെറ്റ് തയാറാക്കാം
അഞ്ച് രുചികളുള്ള ഓംലെറ്റാണ് അര്‍ജുന്‍ വിപണിയിലിറക്കാന്‍ പോകുന്നത്.
1) മസാല ഓംലെറ്റ്
2) കിഡ്‌സ് ഓംലെറ്റ്
3) എഗ്ഗ് ബുര്‍ജി
4) സ്വീറ്റ് ഓംലെറ്റ്
5) ടച്ചിംഗ്‌സ് ഓംലെറ്റ് (ബാര്‍ സ്‌നാക്ക്)
ബുള്‍സ് ഐ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ഉടന്‍ വിപണിയിലിറക്കാനും പദ്ധതിയുണ്ട്. ഇന്ത്യയിലെ വന്‍നഗരങ്ങളായ ബെംഗളുരു, ഹൈദരാബാദ്, പുനെ, ചെന്നൈ എന്നിവയ്ക്കു പുറമെ യുകെ, കുവൈറ്റ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലും ഉല്‍പ്പന്നം ലോഞ്ച് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
ക്വീന്‍സ് ഇന്‍സ്റ്റ എന്ന ബ്രാന്‍ഡ് നെയിമിലാണ് ഉല്‍പ്പന്നം വിപണിയിലെത്തുക.
വില തുച്ഛം
അര്‍ജുന്റെ ഇന്‍സ്റ്റന്റ് ഓംലെറ്റ് പാക്കറ്റ് ഒന്നിന് അഞ്ച് രൂപയാണ് ഈടാക്കുക.ഈ വര്‍ഷം സെപ്റ്റംബറില്‍ ഉല്‍പ്പന്നം വിപണിയിലിറക്കും.