മൂട്ട കടിയിൽ പോറുതി മുട്ടി ദക്ഷിണ കൊറിയ
1970 കള്‍ മുതല്‍ ദക്ഷണി കൊറിയയില്‍ നിന്നും മൂട്ടകള്‍ ഉന്മൂലനം ചെയ്യപ്പെട്ടുവെന്നാണ് വിശ്വസിക്കപ്പെടുന്നത്;

ആദ്യം പാരിസില്‍ ഇപ്പോള്‍ സിയോളില്‍... ദക്ഷിണ കൊറിയയില്‍ മൂട്ടകള്‍ പെരുകിയതോടെ അതിനെ നേരിടാന്‍ പാടുപെടുകയാണ് സര്‍ക്കാര്‍. ഇഞ്ചിയോണിലെ ഒരു സൗനയിലും (നീരാവിയില്‍ സ്‌നാനം ചെയ്യാനുള്ള ഇടം) പിന്നീട് യൂണിവേഴ്‌സിറ്റികളുടെ ഡോര്‍മെറ്ററിയിലും ഗോസിവോണുക (ഒരു സാധാരണ സ്റ്റുഡിയോ അപ്പാര്‍ട്‌മെന്റിനെക്കാളും ചെറുതായ ഒറ്റ മുറി താമസ സൗകര്യങ്ങളാണ് ഗോസിവണുകള്‍) ളിലുമാണ് മൂട്ടകളെ കണ്ടെത്തിയത്. സെപ്റ്റംബറില്‍ ഡേഗു നഗരത്തിലെ കെയ്മ്യുങ് സര്‍വകലാശാലയിലെ ഒരു ഡോര്‍മെറ്ററിയില്‍ മൂട്ടകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൊവ്വഴാച്ചയായപ്പോഴേക്കും മൂട്ടയാണെന്ന് സംശയിക്കുന്ന കേസുകളുടെ എണ്ണം 30 ആയി ഉയര്‍ന്നു. ഇതില്‍ പകുതി കേസുകളും തലസ്ഥാന നഗരമായ സിയോളിലാണ്.
കൊറിയ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഏജന്‍സിയുടെ അഭിപ്രായത്തില്‍, 1970 കള്‍ മുതല്‍ ദക്ഷണി കൊറിയയില്‍ നിന്നും മൂട്ടകള്‍ ഉന്മൂലനം ചെയ്യപ്പെട്ടുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍, പുതിയ കേസുകള്‍ ദക്ഷിണ കൊറിയയുടെ കളങ്കമില്ലാത്ത റെക്കോര്‍ഡില്‍ നിന്നുള്ള പാളം തെറ്റലാണ്. കഴിഞ്ഞ ദശകത്തില്‍ ഒമ്പത് കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
റഗ്ബി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനിടെയാണ് ഫ്രാന്‍സിലെ പാരീസിലും നഗരങ്ങളിലും വ്യാപകമായി ഇത് ബാധിച്ചത്. അതിനുശേഷമാണ് ദക്ഷിണ കൊറിയ മൂട്ടകളുമായുള്ള പോരാട്ടം ആരംഭിച്ചത്.
'വിദേശ യാത്ര നടത്തുന്നവര്‍ യാത്രാ സാമഗ്രികള്‍ നന്നായി അണുവിമുക്തമാക്കണം. കെഡിസിഎ ഡയറക്ടര്‍ ജി യംഗ്-മി അടുത്തിടെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താമസസ്ഥലങ്ങളില്‍ മൂട്ടകളുടെ അവശിഷ്ടങ്ങള്‍ യാത്രക്കാര്‍ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂട്ട പട്ടാളത്തെ നേരിടാന്‍, ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ബാത്ത് ഹൗസുകള്‍, ഡോര്‍മിറ്ററികള്‍, ശിശു പരിപാലന സൗകര്യങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ പരിശോധന നടത്താനും നിയന്ത്രണ നടപടികള്‍ നടപ്പിലാക്കാനും നാലാഴ്ച നീണ്ടുനില്‍ക്കുന്ന കാംപെയിന്‍ ആരംഭിക്കും. ബെഡ്ബഗ്ഗുകള്‍ കണ്ടെത്തിയതായി സംശയിക്കുന്ന സൗകര്യങ്ങള്‍ ഉടനടി അണുവിമുക്തമാക്കും.
ടെര്‍മിനല്‍ ലോഞ്ചുകള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍, എയര്‍പോര്‍ട്ട് ബാഗേജ് സ്‌ക്രീനിംഗ് ഏരിയ തുടങ്ങിയ പ്രദേശങ്ങളില്‍ പരിശോധനകളുടെ ആവൃത്തി ആഴ്ചയില്‍ ഒരു തവണയില്‍ നിന്ന് ആഴ്ചയില്‍ രണ്ട് തവണയായി ഇരട്ടിയാക്കാന്‍ പദ്ധതിയിടുന്നതായി കൊറിയ എയര്‍പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചു. നിര്‍ബന്ധിത അണുനാശിനി ഉള്‍പ്പെടെയുള്ള ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും ഹോട്ടലുകളില്‍ പരിശോധന നടത്തും.
സിനിമ തിയറ്ററിലേക്കില്ല
ദക്ഷിണ കൊറിയക്കാര്‍ സിനിമാ തിയേറ്ററുകള്‍ ഒഴിവാക്കുകയാണ്. പലരും മൂട്ടകളെ ഭയന്ന് സിനിമ കാണാനുള്ള പദ്ധതി മാറ്റുന്നതായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുണ്ട്. മാസത്തില്‍ രണ്ടുതവണയെങ്കിലും തിയേറ്ററില്‍ സിനിമ കാണുന്ന ലീ യൂന്‍-സിയോണ്‍ എന്ന 34-കാരനായ പ്രദേശവാസി,മൂട്ടകള്‍ അപ്രത്യക്ഷമാകുന്നതുവരെ തിയറ്ററിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു. സബ് വേയില്‍ പോകുമ്പോള്‍ തുണി സീറ്റുകളില്‍ ഇരിക്കാന്‍ തനിക്ക് മടിയുണ്ടെന്നും പകരം നില്‍ക്കാനാണ് തീരുമാനിമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷത്തില്‍ 30 തവണ സബ് വേ ട്രെയിനുകള്‍ അണുവിമുക്തമാക്കുമെന്ന് സിയോള്‍ മെട്രോ പ്രഖ്യാപിച്ചിട്ടുണ്ട്.