മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. തൃശൂർ ചേന്ദമംഗലത്ത് ശനിയാഴ്ചയാണ് സംസ്കാരം.
1944 മാർച്ച് മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി ജയചന്ദ്രന്‍ എറണാകുളം ജില്ലയിലെ രവിപുരത്ത് ജനിച്ചു. പിന്നീട് കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക് താമസം മാറ്റി. ഇവിടെയാണ് പഠിച്ചതും വളർന്നതും. ഇരിങ്ങാലക്കുട ഹൈസ്‌കൂളിൽ നിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജയചന്ദ്രന്റെ ബിരുദം ക്രൈസ്റ്റ് കോളേജിലായിരുന്നു.
മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നഡ, തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലായി 15000ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന് അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്. 2021ല്‍ കേരള സര്‍ക്കാരിന്‍റെ ജെ സി ഡാനിയല്‍ പുരസ്കാരവും ലഭിച്ചു. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു' എന്നു തുടങ്ങുന്ന ഗാനമാണ്.