കര്‍ഷകര്‍ക്ക് നഷ്ടം; ചെമ്മീന്‍ ഉല്‍പ്പാദനം കുറയുന്നു
- ആഗോളതലത്തില്‍ ചെമ്മീന്‍വില കുറഞ്ഞു
- കയറ്റുമതയില്‍ മാന്ദ്യം രേഖപ്പെടുത്തുന്നു
ആഗോളതലത്തില്‍ ഉണ്ടായ ചെമ്മീന്‍ വിലയിടിവ് ഇന്ത്യന്‍ വിപണികളിലും പ്രതിഫലിക്കുന്നു. ഇത് ഉല്‍പ്പാദനം ഉയര്‍ത്തുന്നതില്‍ നിന്ന് കര്‍ഷകരെ നിരുത്സാഹപ്പെടുത്തി. അതിനാല്‍ നടപ്പു വര്‍ഷം ചെമ്മീന്‍ ഉല്‍പ്പാദനം 20ശതമാനം വരെ കുറയാന്‍ സാധ്യതയെന്ന് സൂചന.
ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന മേഖല ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്ന സമയത്താണ് ഉല്‍പ്പാദനത്തില്‍ ഇടിവും കയറ്റുമതിയിലെ മാന്ദ്യവും സംഭവിച്ചത്.
ഇക്വഡോറിന് ശേഷം ഏറ്റവും വലിയ രണ്ടാമത്തെ അക്വാകള്‍ച്ചര്‍ ചെമ്മീന്‍ ഉല്‍പ്പാദക രാജ്യമാണ് ഇന്ത്യ. രാജ്യത്തുനിന്നുള്ള സമുദ്രോല്‍പ്പന്ന കയറ്റുമതിയുടെ 70ശതമാനവും ശീതീകരിച്ച് ചെമ്മീനാണ്.
ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കുകയും വിലകുറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് പലരും കൃഷിയില്‍ നിന്ന് പിന്മാറുകയോ കുറവു വരുത്തുകയോ ചെയ്തിട്ടുള്ളത്. ആഗോള തലത്തില്‍ വലിയ ചെമ്മീനിന്റെ വിലയില്‍ 30 ശതമാനം വരെ ഇടിവുണ്ടായി. ചെറിയ ചെമ്മീന്‍വില 20ശതമാനം വരെയും കുറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലെയും കണക്ക് പരിശോധിക്കുമ്പോള്‍ ആന്ധ്രാപ്രദേശില്‍ മാത്രമാണ് കൃഷി സജീവമായത്. മറ്റ് സംസ്ഥാനങ്ങളായ ഗുജറാത്ത്, ഒഡീഷ, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ സ്ഥിതി മോശമാണ്. രാജ്യത്തെ അക്വാകള്‍ച്ചര്‍ ചെമ്മീന്‍ ഉല്‍പാദനത്തിന്റെ 70 ശതമാനവും ആന്ധ്രാപ്രദേശിലാണ്.
വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് കര്‍ഷകര്‍ ഉല്‍പ്പാദനം കുറച്ചത്. 2023-ല്‍ ചെമ്മീന്‍ ഉല്‍പ്പാദനം ഏഴ് മുതല്‍ എട്ട് ലക്ഷം ടണ്‍ വരെയാകുമെന്നാണ് പ്രതീക്ഷ. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2023 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 237 കോടി ഡോളറാണ് സമുദ്രോല്‍പ്പന്ന കയറ്റുമതി.
സാമ്പത്തിക പ്രശ്നങ്ങള്‍ക്കൊപ്പം ലോക വിപണിയിലെ തകര്‍ച്ചയും യുഎസ്, യൂറോപ്പ്, ചൈന തുടങ്ങിയ പ്രമുഖ വാങ്ങുന്നവരുടെ വാങ്ങല്‍ ശേഷി കുറച്ചിരിക്കുന്നു. ഇക്വഡോറിന്റെ ചെമ്മീന്‍ ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷം ഏകദേശം 1.1 ദശലക്ഷം ടണ്‍ ആയിരുന്നു, 2023 ല്‍ രാജ്യം ആ ഉല്‍പ്പാദനത്തില്‍ ഒന്നാമതെത്തി. മൂല്യത്തില്‍ 32 ശതമാനം വിഹിതമുള്ള ഇന്ത്യന്‍ സമുദ്രോല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് യുഎസ്.