ഏപ്രിലില്‍ സേവന കയറ്റുമതി 7.5% ഉയര്‍ന്നു

  • സേവന ഇറക്കുമതി 3.1 % ഇടിഞ്ഞു
  • അന്തിമ കണക്കുകള്‍ പിന്നീട് പുറത്തുവരും

Update: 2023-06-02 06:14 GMT

ഏപ്രിലിൽ ഇന്ത്യയുടെ സേവന കയറ്റുമതി 7.5 ശതമാനം ഉയർന്ന് 25.84 ബില്യൺ ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച പ്രൊവിഷണല്‍ ഡാറ്റ വ്യക്തമാക്കുന്നു. , അതേസമയം ഇറക്കുമതി 3.1 ശതമാനം ഇടിഞ്ഞ് 13.63 ബില്യൺ ഡോളറിലെത്തി. രാജ്യത്തിന്റെ മൊത്തത്തിലുള്ള ത്രൈമാസ ബാലൻസ് ഓഫ് പേയ്‌മെന്റ് ഡാറ്റയുടെ ഭാഗമായി കേന്ദ്ര ബാങ്ക് അന്തിമ കണക്കുകൾ പ്രസിദ്ധീകരിക്കുമ്പോൾ ഈ കണക്കുകളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടായേക്കും.

മെയ് പകുതിയോടെ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട ആദ്യ പ്രാഥമിക കണക്കുകൾ പ്രകാരം, ഏപ്രിലിലെ സേവന കയറ്റുമതി 30.36 ബില്യൺ ഡോളറാണെന്നും സേവന ഇറക്കുമതി 16.50 ബില്യൺ ഡോളറാണെന്നുമാണ് കണക്കാക്കിയിരുന്നത്. ഏപ്രിലിൽ ഇന്ത്യയുടെ മൊത്തം കയറ്റുമതി 12.7 ശതമാനം ഇടിഞ്ഞ് 34.66 ബില്യൺ ഡോളറായി കുറഞ്ഞുവെന്നാണ് സർക്കാർ ഡാറ്റ വ്യക്തമാക്കുന്നത്. എങ്കിലും വ്യാപാരക്കമ്മി 20 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 15.24 ബില്യൺ ഡോളറിലേക്ക് കുറഞ്ഞെന്നാണ് പ്രാഥമിക നിഗമനം.

ആഗോളതലത്തില്‍ ആവശ്യകതയില്‍ അനുഭവപ്പെട്ട മാന്ദ്യമാണ് ഏപ്രിലില്‍ കയറ്റുമതിയെ ബാധിച്ചത്. തുടര്‍ച്ചയായ മൂന്ന് മാസമാണ് രാജ്യത്തിന്‍റെ കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. 2030ഓടെ ചരക്കുകളുടെയും സേവനങ്ങളുടെയും മൊത്തം കയറ്റുമതി 2 ട്രില്യണ്‍ ഡോളറില്‍ എത്തിക്കുന്നതിനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങള്‍ക്കിടെ രാജ്യത്തിന്റെ കയറ്റുമതി 500 ബില്യൺ ഡോളറിൽ നിന്ന് ഉയര്‍ന്ന് 2022-23ൽ 767 ബില്യൺ ഡോളറായെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ഇന്നലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ വ്യക്തമാക്കിയിരുന്നു. 204 7ഓടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 35 ട്രില്യണ്‍ ഡോളറിന്‍റെ വലുപ്പത്തിലേക്ക് എത്തുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു. 

Tags:    

Similar News