ചന്ദാ കൊച്ചാറിന് താൽക്കാലിക ആശ്വാസം; ജാമ്യത്തിന്മേലുള്ള വാദം നീട്ടി സുപ്രീം കോടതി

  • കൊച്ചാറിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു
  • ബോംബെ ഹൈക്കോടതി നല്‍കിയ ഇടക്കാല ജാമ്യത്തെ എതിര്‍ത്താണ് സിബിഐ സുപ്രീംകോടതിയിലെത്തിയത്
  • വീഡിയോകോണ്‍ ഗ്രൂപ്പ് കമ്പനികള്‍ക്ക് വായ്പ നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്

Update: 2023-12-13 09:57 GMT

വായ്പാ തട്ടിപ്പ് കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒയും എംഡിയുമായിരുന്ന ചന്ദാ കൊച്ചാറിനും, ഭര്‍ത്താവ് ദീപക് കൊച്ചാറിനും ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ജനുവരി മൂന്നിലേക്ക് മാറ്റി.

കേസ് വാദിക്കുന്നതിന് മുമ്പാകെ നേരിട്ട് ഹാജരാകാന്‍ ആഗ്രഹിക്കുന്നുവെന്ന് കൊച്ചാറുകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മുംബൈയില്‍ നിന്ന് നേരിട്ട് ഹാജരായ ദേശായി, ചില കണക്റ്റിവിറ്റി പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് കേസ് മാറ്റിവെക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

സിബിഐയെ പ്രതിനിധീകരിച്ച് ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു, ദേശായിയുടെ സാവകാശ ഹര്‍ജിയെ എതിര്‍ത്തിരുന്നു. വാദം കേള്‍ക്കല്‍ ബുധനാഴ്ച നടത്താമെന്നും ദീര്‍ഘനാളത്തേക്ക് മാറ്റിവയ്ക്കരുതെന്നും പറഞ്ഞു. തുടര്‍ന്ന് അടുത്ത വര്‍ഷം ജനുവരി മൂന്നിന് വാദം കേള്‍ക്കാന്‍ ബെഞ്ച് നിശ്ചയിക്കുകയായിരുന്നു.

കേസില്‍ ബോംബെ ഹൈക്കോടതി നല്‍കിയ ഇടക്കാല ജാമ്യത്തെ ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഒക്ടോബര്‍ 16ന് ബെഞ്ച് കൊച്ചാര്‍മാരോട് പ്രതികരണം തേടിയിരുന്നു.

10 വര്‍ഷം മുതല്‍ ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്ന ഐപിസി സെക്ഷന്‍ 409 (പൊതുപ്രവര്‍ത്തകന്റെ ക്രിമിനല്‍ വിശ്വാസവഞ്ചന) പരിഗണിക്കാതെ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന തെറ്റായ ധാരണയിലാണ് ഹൈക്കോടതി മുന്നോട്ടു പോയതെന്ന് എഎസ്ജി രാജു പറഞ്ഞു.

ഒരു സ്വകാര്യ ബാങ്കായിരിക്കെ ഐപിസി സെക്ഷന്‍ 409 (പൊതുപ്രവര്‍ത്തകന്‍ ക്രിമിനല്‍ വിശ്വാസവഞ്ചന) എങ്ങനെ പ്രാബല്യത്തില്‍ വന്നുവെന്ന് ബെഞ്ച് രാജുവിനോട് ചോദിച്ചിരുന്നു. ബാങ്ക് സ്വകാര്യമായിരിക്കാമെന്നും എന്നാല്‍ വിഷയം പൊതുപണവുമായി ബന്ധപ്പെട്ടതാണെന്നും ലോ ഓഫീസര്‍ മറുപടി നല്‍കിയിരുന്നു.

പിന്നീട്, ചന്ദാ കൊച്ചാറിനും ഭര്‍ത്താവിനും അനുവദിച്ച ഇടക്കാല ജാമ്യം രണ്ടാഴ്ചത്തേക്ക് ആവര്‍ത്തിച്ച് നീട്ടുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാത്തതിന് അന്വേഷണ ഏജന്‍സിയെ സുപ്രീം കോടതി ശകാരിച്ചിരുന്നു. കൊച്ചാര്‍ ദമ്പതികള്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഈ വര്‍ഷം ജനുവരി 9നായിരുന്നു. ജാമ്യം അനുവദിച്ച് ഒരു ദിവസത്തിന് ശേഷം, ചന്ദ കൊച്ചാര്‍ മുംബൈയിലെ ബൈകുള വനിതാ ജയിലില്‍ നിന്ന് പുറത്തിറങ്ങി, ഭര്‍ത്താവ് ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും മോചിതനായി.

ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് അയക്കണമെന്ന ക്രിമിനല്‍ നടപടിച്ചട്ടത്തിലെ (സിആര്‍പിസി) സെക്ഷന്‍ 41എയുടെ ലംഘനമാണ് കൊച്ചാറുകളുടെ അറസ്റ്റ് എന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. വീഡിയോകോണ്‍-ഐസിഐസിഐ ബാങ്ക് വായ്പാ കേസുമായി ബന്ധപ്പെട്ട് ദമ്പതികളെ 2022 ഡിസംബര്‍ 23 നാണ് സിബിഐ അറസ്റ്റ് ചെയ്തത്. കേസില്‍ കൊച്ചാര്‍മാരെ കൂടാതെ വീഡിയോകോണ്‍ ഗ്രൂപ്പ് സ്ഥാപകന്‍ വേണുഗോപാല്‍ ധൂത്തിനെയും സിബിഐ അറസ്റ്റ് ചെയ്തു.

ജാമ്യം ലഭിച്ച ഇരുവരോടും അന്വേഷണവുമായി സഹകരിക്കാനും സമന്‍സ് ലഭിക്കുമ്പോള്‍ സിബിഐക്ക് മുന്നില്‍ ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൊച്ചാര്‍മാരുടെ പാസ്പോര്‍ട്ട് സിബിഐക്ക് വിട്ടുനല്‍കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

വീഡിയോകോണ്‍ ഗ്രൂപ്പ് കമ്പനികള്‍ക്ക് സ്വകാര്യമേഖലയിലെ ഐസിഐസിഐ ബാങ്ക് 3,250 കോടി രൂപയുടെ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.

Tags:    

Similar News