തമിഴ്‌നാട് സര്‍ക്കാര്‍ സാംസംഗിലെ സമരത്തില്‍ ഇടപെടുന്നു

  • തൊഴിലാളി സമരം വേഗത്തില്‍ പരിഹരിക്കാന്‍ നീക്കം
  • ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയില്‍ ആകെയുള്ള 1,750 ജീവനക്കാരില്‍ 1,100 പേര്‍ പണിമുടക്കിലാണ്
  • വേതനം, ആനുകൂല്യങ്ങള്‍, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് സാസംഗ്

Update: 2024-10-07 04:18 GMT

തൊഴിലാളി സമരത്തിനിടെ കൊറിയന്‍ ഇലക്ട്രോണിക്‌സ് ഭീമനായ സാംസംഗിലെ ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് വ്യവസായ മന്ത്രിയുമായി ചര്‍ച്ച നടത്തി. ചെന്നൈയിലെ ഫാക്ടറിയില്‍ നടന്നുകൊണ്ടിരിക്കുന്ന തൊഴിലാളി സമരം വേഗത്തില്‍ പരിഹരിക്കുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.

പ്രശ്നം എത്രയും വേഗം പരിഹരിക്കാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തന്റെ മൂന്ന് മന്ത്രിമാരോട് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് യോഗം.

ശമ്പളപരിഷ്‌കരണവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ 9 മുതല്‍ ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയില്‍ ആകെയുള്ള 1,750 ജീവനക്കാരില്‍ 1,100 പേര്‍ പണിമുടക്കിലാണ്. സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സിന്റെ (സിഐടിയു) പിന്തുണയുള്ള സാംസംഗ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

രാജ, ടി എം അന്‍ബരശന്‍ (എംഎസ്എംഇ), സി വി ഗണേശന്‍ (തൊഴില്‍ ക്ഷേമം, നൈപുണ്യ വികസനം) എന്നിവരുള്‍പ്പെടെ മൂന്ന് സംസ്ഥാന മന്ത്രിമാരോട് മാനേജ്മെന്റുമായും ജീവനക്കാരുമായും ചര്‍ച്ച നടത്തി സമരം നേരത്തെ അവസാനിപ്പിക്കാന്‍ സ്റ്റാലിന്‍ ശനിയാഴ്ച നിര്‍ദ്ദേശിച്ചിരുന്നു.

ഫാക്ടറിക്ക് സമീപം സമരം ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒക്ടോബര്‍ 5 ന് അനുമതിയില്ലാതെ പ്രകടനം നടത്തിയ ഇടതുപക്ഷ പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കളുള്‍പ്പെടെ നിരവധി കേഡര്‍മാരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തൊഴിലാളികളുമായി നേരിട്ട് ചര്‍ച്ച നടത്തി വേതനം, ആനുകൂല്യങ്ങള്‍, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമരത്തോട് പ്രതികരിച്ചുകൊണ്ട് സാംസംഗ് ഇന്ത്യ പറഞ്ഞു. റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, ടെലിവിഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ സാംസംഗ് പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്നു.

'സാംസംഗ് ഇന്ത്യയില്‍, ഞങ്ങളുടെ ജീവനക്കാരുടെ ക്ഷേമത്തിനാണ് ഞങ്ങളുടെ മുന്‍ഗണന. രാജ്യത്തെ എല്ലാ നിയമങ്ങളും ചട്ടങ്ങളും ഞങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു,' കമ്പനി വക്താവ് പറഞ്ഞു.

'ഞങ്ങളുടെ തൊഴിലാളികളുമായി നേരിട്ട് ചര്‍ച്ച നടത്തി വേതനം, ആനുകൂല്യങ്ങള്‍, തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നിലവില്‍, ഞങ്ങളുടെ ചെന്നൈ ഫാക്ടറിയില്‍ ഉല്‍പ്പാദനം സാധാരണ നിലയിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒരു തടസ്സവും ഉണ്ടാകില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഉത്സവ സീസണില്‍ പണിമുടക്കിയ തൊഴിലാളികളോട് ജോലിയിലേക്ക് മടങ്ങാന്‍ ഞങ്ങള്‍ വീണ്ടും അഭ്യര്‍ത്ഥിക്കുന്നു,' വക്താവ് കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News