OpenAI സിഇഒ സാം ആള്‍ട്ട്മാനെ പുറത്താക്കി; മിരാ മുരാതി ഇടക്കാല സിഇഒ

ഓപ്പണ്‍ എഐ സിഇഒ സ്ഥാനത്തുനിന്നും പുറത്താക്കിയ വിവരം ആള്‍ട്ട്മാന്‍ സ്ഥിരീകരിച്ചു

Update: 2023-11-18 04:27 GMT

ചാറ്റ് ജിപിടിയുടെ സൃഷ്ടാക്കളായ ഓപ്പണ്‍ എഐ, സിഇഒ സ്ഥാനത്തുനിന്നും സാം ആള്‍ട്ട്മാനെ പുറത്താക്കി. ഇന്നലെയാണ് (നവംബര്‍ 17) 38-കാരനായ ആള്‍ട്ട്മാനെ പുറത്താക്കിയതായി കമ്പനി അറിയിച്ചത്. ഓപ്പണ്‍ എഐയുടെ ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ (സിടിഒ) മിരാ മുരാതിയെ ഇടക്കാല സിഇഒയായി നിയമിക്കുകയും ചെയ്തു.

ഡയറക്ടര്‍ ബോര്‍ഡുമായുള്ള ആശയവിനിമയത്തില്‍ സാം ആള്‍ട്ട്മാന്‍ സ്ഥിരത പുലര്‍ത്തിയിരുന്നില്ലെന്നും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതായും കമ്പനി പറഞ്ഞു. ആള്‍ട്ട്മാനെ പുറത്താക്കിയതിനു പിന്നാലെ സഹസ്ഥാപകന്‍ ഗ്രെഗ് ബ്രോക്ക്മാനും രാജിവച്ചു.

ഓപ്പണ്‍ എഐ സിഇഒ സ്ഥാനത്തുനിന്നും പുറത്താക്കിയ വിവരം സ്ഥിരീകരിച്ചു കൊണ്ട് ആള്‍ട്ട്മാന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിപ്പ് എഴുതിയിട്ടുണ്ട്.

' ഓപ്പണ്‍ എഐയിലെ എന്റെ സമയം ഞാന്‍ വളരെയധികം ഇഷ്ടപ്പെട്ടു. അത് വ്യക്തിപരമായ പരിവര്‍ത്തനത്തിനു എന്നെ സഹായിച്ചു. അവിടെ വച്ച് കഴിവുള്ള ആളുകളുമായി പ്രവര്‍ത്തിക്കുന്നത് ഞാന്‍ ഇഷ്ടപ്പെട്ടു. ഇനി എന്ത് എന്നതിനെ കുറിച്ച് പിന്നീട് ഞാന്‍ കൂടുതല്‍ പറയാം ' സാം ആള്‍ട്ട്മാന്‍ എക്‌സില്‍ കുറിച്ചു.

ഒരു വര്‍ഷം മുമ്പ് ഇതു പോലൊരു നവംബര്‍ മാസത്തിലാണ് ഓപ്പണ്‍ എഐ ചാറ്റ്ജിപിടി ചാറ്റ്‌ബോട്ട് അവതരിപ്പിച്ചത്. എഐ അധിഷ്ഠിത പ്രോഗ്രാമായ ചാറ്റ് ജിപിടി പുറത്തിറക്കിയതിനു ശേഷം ഓപ്പണ്‍ എഐ ആഗോളതലത്തില്‍ ശ്രദ്ധനേടിയിരുന്നു.

Tags:    

Similar News