അമേരിക്കൻ ഡോളറിനെതിരെ രൂപ റെക്കോര്‍ഡ് ഇടിവില്‍. രൂപയുടെ മൂല്യം 67 പൈസ കുറഞ്ഞ് 87.29 രൂപ എന്ന നിലയിലെത്തി. ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 87 ന് മുകളിലേക്ക് ഇടിയുന്നത്.
കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങളുടെ മേൽ താരിഫ് ഏർപ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനമാണ് രൂപയുടെ മൂല്യം തകരാൻ പ്രധാന കാരണം. കാനഡയ്ക്കും മെക്‌സിക്കോയ്ക്കും മേലെ 25 ശതമാനവും ചൈനയ്ക്കു മേല്‍ 10 ശതമാനവുമാണ് അമേരിക്ക ഇറക്കുമതിത്തീരുവ പ്രഖ്യാപിച്ചിരിക്കുന്നത്.
വ്യാപാര നിയന്ത്രണങ്ങൾ യുഎസ് ഡോളറിൻ്റെ മൂല്യം ഉയർത്തുകയും മറ്റ് ഏഷ്യൻ കറൻസികളെ ബാധിക്കുകയും ചെയ്തു. അതേസമയം ലോകത്തെ മറ്റ് പ്രധാന കറന്‍സികള്‍ക്കെതിരേ ഡോളറിന്റെ നില ഭദ്രമാണ്. യുഎസ് ഡോളറിൻ്റെ ശക്തി മറ്റ് ഏഷ്യൻ കറൻസികളെയും ബാധിച്ചു. ഡോളർ സൂചിക 0.3% ഉയർന്ന് 109.8 എന്ന നിലയിലെത്തി.