യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ കുറഞ്ഞ് 86.88 ൽ ക്ലോസ് ചെയ്തു. വിദേശ ഫണ്ടുകളുടെ ഒഴുക്കും, ഇൻട്രാഡേയിലെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ നിന്ന് ഡോളർ സൂചികയിലുണ്ടായ വീണ്ടെടുക്കലും രൂപയുടെ മൂല്യം ഇടിയാൻ കാരണമായി. അതേസമയം ആറ് കറൻസികളുടെ ഒരു ബാസ്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.14 ശതമാനം ഉയർന്ന് 106.85 എന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്.
വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രൂപ 22 പൈസ ഉയർന്ന് 86.71 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഇന്ന് 86.70 എന്ന നിലയിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. അസംസ്‌കൃത എണ്ണവില കൂടിയതും രൂപയുടെ മൂല്യം ഇടിയാൻ കാരണമായി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.12 ശതമാനം ഉയർന്ന് ബാരലിന് 74.83 ഡോളറിലെത്തി.