കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഉറ്റുനോക്കി അമേഠി: നോമിനേഷന്‍ സമര്‍പ്പിക്കേണ്ടത് മേയ് 3 ന്
- അമേഠിയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി സ്മൃതി ഇറാനിയാണ്
- കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല
- രാഹുല്‍ മത്സരിക്കുമോ എന്നതിനെ ചൊല്ലിയാണു മാധ്യമങ്ങളില്‍ ഭൂരിഭാഗം റിപ്പോര്‍ട്ടുകളും ഇപ്പോള്‍ വരുന്നത്
ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തെ കുറിച്ചു സമീപദിവസങ്ങളില്‍ നിരവധി റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലമായ അമേഠി 2019-ല്‍ ബിജെപി നേതാവ് സ്മൃതി ഇറാനിയെയാണ് തിരഞ്ഞെടുത്തത്. ഇപ്രാവിശ്യം അമേഠിയില്‍ രാഹുല്‍ മത്സരിക്കുമോ എന്നതിനെ ചൊല്ലിയാണു മാധ്യമങ്ങളില്‍ ഭൂരിഭാഗം റിപ്പോര്‍ട്ടുകളും വരുന്നത്.
അമേഠിയില്‍ ഗൗരീഗഞ്ചിലെ രാഹുലിന്റെ വീട് അറ്റകുറ്റപ്പണി നടത്തുന്നുണ്ടെന്നും ഇത് മത്സരിക്കാനുള്ള സൂചനയാണെന്നും ഇന്ന് ഒട്ടുമിക്ക ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത അമേഠിയില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്ര മത്സരിച്ചേക്കുമെന്നാണ്.
അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ വദ്രയ്ക്കു വേണ്ടി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ' അമേഠി കി ജനത കരേ പുകാര്‍, റോബര്‍ട്ട് വദ്ര അബ് കി ബാര്‍ ' ( അമേഠിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് റോബര്‍ട്ട് വദ്ര ഇത്തവണ വേണമെന്നാണ് ) എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിലാണ് അമേഠിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 3 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.
അമേഠിയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി സ്മൃതി ഇറാനിയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
#WATCH | Uttar Pradesh: Posters of Robert Vadra seen outside Congress' office in Gauriganj, Amethi pic.twitter.com/UN7SB5pffG
— ANI UP/Uttarakhand (@ANINewsUP) April 24, 2024