ഇട്ട് മൂടാന്‍ മാത്രം കടമുണ്ടെന്ന് ' റിച്ച് ഡാഡ് പുവര്‍ ഡാഡ് ' രചയിതാവ് റോബര്‍ട്ട് കിയോസാക്കി
സമ്പത്ത് വളര്‍ത്താന്‍ ലോകത്തിന് സൂത്രം പറഞ്ഞുകൊടുത്ത റോബര്‍ട്ട് കിയോസാക്കി, തനിക്ക് 1.2 ബില്യന്‍ ഡോളര്‍ (ഏകദേശം 99795480000 രൂപ) കടമുണ്ടെന്നു വെളിപ്പെടുത്തി. എന്നാല്‍ ഈ ഭീമമായ കടത്തെ കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും അദ്ദേഹം ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെ അറിയിച്ചു.
ബാധ്യതകളും ആസ്തികളും തമ്മില്‍ വ്യത്യാസമുണ്ടെന്നും അവയെ വേര്‍തിരിച്ച് കാണണമെന്നും സൂചിപ്പിച്ചു കൊണ്ടാണു 76-കാരനായ കിയോസാക്കി 1.2 ബില്യന്‍ ഡോളര്‍ വരുന്ന കടത്തെ കുറിച്ച് വിശദീകരിച്ചത്.
ഭൂരിഭാഗം പേരും കടമെടുത്ത് ബാധ്യത വാങ്ങുന്നു. എന്നാല്‍ താന്‍ കടമെടുത്തത് ആസ്തി സ്വന്തമാക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.
കടങ്ങളില്‍ ' നല്ല കടം ' ഉണ്ടെന്നും കിയോസാക്കി പറഞ്ഞു. വരുമാനം ഉണ്ടാക്കാനായി കടമെടുക്കുന്നതിനെ നല്ല കടം എന്നു വിളിക്കാം. ഉദാഹരണമാണ് റിയല്‍ എസ്റ്റേറ്റ്, ബിസിനസുകള്‍, നിക്ഷേപങ്ങള്‍-കിയോസാക്കി പറഞ്ഞു.
നല്ല കടമാണ് തനിക്ക് വരുമാനമുണ്ടാക്കി തന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കിയോസാക്കിയുടെ രചനയില്‍ പുറത്തിറങ്ങിയ പുസ്തകമാണ് ' റിച്ച് ഡാഡ് പുവര്‍ ഡാഡ് '.
ഈ പുസ്തകം ലോകപ്രശസ്തമാണ്. 1997-ലാണ് റിച്ച് ഡാഡ് പുവര്‍ ഡാഡ് പുറത്തിറങ്ങിയത്. 109 രാജ്യങ്ങളില്‍ 51 ഭാഷകളിലായി 32 ദശലക്ഷത്തോളം കോപ്പികള്‍ ഇതിനോടകം വിറ്റഴിച്ചു.
കിയോസാക്കിയും ഷാരോണ്‍ ലെച്ചറും ചേര്‍ന്നെഴുതിയ പുസ്തകം, സാമ്പത്തിക അച്ചടക്കം, സമ്പത്ത് വളര്‍ത്തല്‍ എന്നിവയെ കുറിച്ചാണ് പ്രധാനമായും പറയുന്നത്. ഒരു വ്യക്തിയുടെ സാമ്പത്തിക ബുദ്ധി അയാളുടെ സമ്പത്ത് കെട്ടിപ്പടുക്കുന്നതില്‍ വഹിക്കുന്ന പ്രാധാന്യത്തെ കുറിച്ച് പുസ്തകം വിവരിക്കുന്നുണ്ട്.