സംസ്ഥാനത്തിന്റെ റവന്യു കമ്മി 80 % കുതിച്ചുയർന്നു 17 , 741 കോടിയിൽ

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റവന്യു കമ്മി 9,915.63 കോടി രൂപയായിരുന്നു;

Update: 2023-11-22 12:30 GMT
states revenue deficit jumped 80% to rs 17,741 crore
  • whatsapp icon

നടപ്പ് സാമ്പത്തിക വര്‍ഷം പാതിവഴി പൂര്‍ത്തിയാക്കുമ്പോള്‍ സംസ്ഥാനത്തിന്റെ റവന്യു കമ്മി 17,740.84 കോടിയിൽ എത്തി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റവന്യു കമ്മി 9,915.63 കോടി രൂപയായിരുന്നു. അതില്‍ നിന്നും 79 ശതമാനം അധികമാണ് ഇപ്പോഴുള്ളത്. വാസ്തവത്തില്‍ 2022-23 വര്‍ഷം മുഴുവന്‍ ഉണ്ടായിരുന്ന റവന്യു കമ്മി 9,255.34 കോടി രൂപയായിരുന്നു. അത് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയിലെ കമ്മിയേക്കാള്‍ വളരെ കുറവുമായിരുന്നു.

റവന്യു കമ്മി പൂജ്യത്തിലേക്ക് എത്തിക്കണമെന്നായിരുന്നു ഫിനാന്‍സ് കമ്മീഷന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. 2003 ല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്മി പൂജ്യത്തിലേക്ക് എത്തിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പക്ഷേ, അതിനുശേഷം പലപ്പോഴായി ലക്ഷ്യത്തില്‍ മാറ്റം വരുത്തി. ഇപ്പോള്‍ പുജ്യത്തിനടുത്തെങ്ങുമല്ല സംസ്ഥാനമുള്ളതെന്നും പ്രൊഫസര്‍ മേരി ജോര്‍ജ്ജ് മൈഫിന്‍ പോയിന്റിനോട് പറഞ്ഞു.

കടമെടുക്കുന്ന തുക മൂലധന ചെലവുകള്‍ക്കായി ഉപയോഗിക്കണമെന്ന് മേരി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. എന്നാല്‍, എന്താണ് സംഭവിക്കുന്നത് കടം വാങ്ങുന്ന ഫണ്ടിന്റെ ഭൂരിഭാഗവും റവന്യു ചെലവുകള്‍ക്കായാണ് ഉപയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു. 2023 സെപ്റ്റംബര്‍ അവസാനം വരെ സംസ്ഥാനം 24,960.64 കോടി രൂപ കടമെടുത്തിട്ടുണ്ടെങ്കിലും ഇതില്‍ 75 ശതമാനത്തോളം തുക നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയിലെ റവന്യു ചെലവുകളിലെ കമ്മി പരിഹരിക്കാനാണ് ഉപയോഗിച്ചത്.




കടമെടുത്ത ഫണ്ടിന്റെ 24 ശതമാനം, അതായത് 5978.14 കോടി രൂപ മാത്രമാണ് നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ മൂലധനച്ചെലവിനായി വിനിയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സംസ്ഥാനം 17,602 കോടി രൂപ കടമെടുത്തപ്പോള്‍ കടമെടുത്ത ഫണ്ടിന്റെ 38.30 ശതമാനം മൂലധനച്ചെലവിനായി വിനിയോഗിച്ചിരുന്നു.

സംസ്ഥാനം നല്‍കിയ ഗ്യാരണ്ടികള്‍ സംസ്ഥാനത്തിന്റെ ഓഫ് ബാലന്‍സ് ഷീറ്റ് വായ്പകളായി ഉള്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചതോടെ ബജറ്റ് കടമെടുപ്പും കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയിട്ടുള്ള കടമെടുക്കല്‍ പരിധിയും തമ്മിലുള്ള അന്തരം വര്‍ധിച്ചതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതിയിലെ ധനകാര്യ മാനേജ്‌മെന്റ് സംസ്ഥാനത്തിന് വെല്ലുവിളിയാകും.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ (2024 സാമ്പത്തിക വര്‍ഷം) സംസ്ഥാനം 39,661.91 രൂപയുടെ കടമെടുപ്പ് ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെങ്കിലും കേന്ദ്രം എത്ര രൂപ കടമെടുക്കാന്‍ അനുവദിക്കുമെന്ന് ഇതുവരെ അറിവായിട്ടില്ല. കടമെടുത്ത ഫണ്ടുകള്‍ക്കൊപ്പം വരുമാനവും റവന്യൂ ചെലവിന് പര്യാപ്തമല്ലെങ്കില്‍ അത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബാധിക്കുന്നത് മൂലധനച്ചെലവിനെയാകും.

Tags:    

Similar News