ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് ഡൽഹിയിലെ രാംലീല മൈതാനത്തായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ. അരവിന്ദ് കേജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേശ് ശർമ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്ത സ്പീക്കറാകും. ഡല്‍ഹിയില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവര്‍ക്ക് ശേഷം ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത.
ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റുമാണ് രേഖ ഗുപ്ത. ഇത്തവണ ഷാലിമാർ ബാഗ് മണ്ഡലത്തിൽ 29595 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രേഖ ഗുപ്ത വിജയിച്ചത്. നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, എന്‍ഡിഎ ദേശീയനേതാക്കള്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ നാളെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.